അബുദാബി: ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്കിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയറ്റേഴ്സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യുഎഇതല തെരുവ് നാടക മത്സരം സംഘടിപ്പിക്കുന്നു.
ശനി, ഞായർ ദിവസങ്ങളിൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജമാക്കിയ വേദികളിൽ അരങ്ങേറുന്ന മത്സരത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി ഒന്‍പത് നാടകങ്ങൾ മാറ്റുരയ്ക്കുന്നു.
വിമുക്തി (ശക്തി സനയ മേഖല), കാട്ടുമാക്കാൻ (ചമയം ഷാർജ), വെട്ടുക്കിളികൾ (ശക്തി ഷാബിയ മേഖല), ഗർ (അഖണ്ട ദുബായി), കാടകം (ശക്തി നാദിസിയ മേഖല), കിണർ (ഒണ്ടാരിയോ തിയറ്റേഴ്സ്), തിരിച്ചറിവുകൾ (ശക്തി ഖാലിദിയ മേഖല), തിരുത്ത് (എഡി ക്ലബ് അബുദാബി), ദുരന്തഭൂമി (ശക്തി നജ്ദ യൂണിറ്റ്) എന്നീ നാടകങ്ങളാണ് മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, രണ്ടാമത്തെ സംവിധായകൻ, മികച്ച നടി, രണ്ടാമത്തെ നടി, മികച്ച നടൻ, രണ്ടാമത്തെ നടൻ, മികച്ച ബാലതാരം എന്നി വിഭാഗങ്ങളായിരിക്കും അവാർഡിനായി പരിഗണിക്കുകയെന്ന് സംഘാടകർ അറിയിച്ചു.