കൗമാരക്കാരനെ കുത്തിക്കൊന്ന സംഭവം; അരുണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ
Saturday, September 21, 2024 11:03 AM IST
കൊല്ലം: ഇരട്ടക്കടയിൽ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് കൗമാരക്കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുണിനെ പ്രസാദ് വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യ പറഞ്ഞു.
പ്രസാദിന്റെ മകളുമായി അരുൺ എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി പലവട്ടം അരുണിനൊപ്പം ഇറങ്ങി വന്നതാണെന്ന് സന്ധ്യ പ്രതികരിച്ചു.
വിദേശത്തായിരുന്ന അരുണിനെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് പെൺകുട്ടി വിളിച്ചുവരുത്തിയത്. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്നങ്ങളുണ്ടാക്കി. വിവാഹം ചെയ്യിക്കാമെന്ന് പ്രസാദ് പറഞ്ഞതാണ്. ചില സമയം വിവാഹത്തിന് അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും സന്ധ്യ വ്യക്തമാക്കി.
അതേസമയം, പ്രസാദ് നിരവധി തവണ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുണിന്റെ സഹോദരൻ അഖിൽ ആരോപിച്ചു. ഇരവിപുരം പോലീസ് സ്റ്റേഷനിൽ നിരവധിതവണ ഒത്തുതീർപ്പ് ചർച്ചകളൊക്കെ നടന്നതാണെന്ന് അരുണിന്റെ സുഹൃത്തുക്കളും പ്രതികരിച്ചു.