ട്രംപിന്റെ തീരുവ ഭീഷണി; ഐഫോണുകളുടെ കയറ്റുമതിയെ നിലവിൽ ബാധിക്കില്ല
Thursday, July 31, 2025 11:34 PM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരേ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ആപ്പിളിന്റെ ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതിക്ക് നിലവിൽ ഒരു മാറ്റവുമുണ്ടാക്കില്ല.
ട്രംപ് ഭരണകൂടം ഏപ്രിലിൽ സ്മാർട്ട്ഫോണുകൾ, കംപ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയെ പകരതീരുവയിൽനിന്ന്് ഒഴിവാക്കിയിരുന്നു. ഇത് ആപ്പിൾ, എൻവിഡിയ പോലുള്ള കന്പനികൾക്ക് ആശ്വാസം നൽകുന്നതായിരുന്നു. ഇലക്ട്രോണിക് വസ്തുക്കളിൽ ഭൂരിഭാഗവും യുഎസിലല്ല നിർമിക്കുന്നത്.
നിലവിൽ ആഗോള ഐഫോണ്‍ നിർമാണത്തിൽ അഞ്ചിലൊന്നിൽ കൂടുതലും ഇന്ത്യയാണ്. യുഎസ് വിപണിയിൽ ഇറക്കുമതി ചെയ്യുന്ന ഐഫോണ്‍ വിതരണം ചെയ്യുന്ന കാര്യത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി.
ഇന്ത്യയിൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ ബാധകമാകുകയോ ഇളവുകൾ എടുത്തുമാറ്റുകയോ ചെയ്താൽ വിയറ്റ്നാമിലോ ചൈനയിലോ നിർമിച്ച ആപ്പിൾ ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഐഫോണുകൾ ആഗോളതലത്തിൽ വിലയേറിയതായിരിക്കും.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് ആപ്പിൾ ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്തു.
ട്രേഡ് എക്സ്പാൻഷൻ ആക്ടിലെ സെക്ഷൻ 232 പ്രകാരം സെമികണ്ടക്ടർ പോലുള്ള ദേശീയ സുരക്ഷയ്ക്ക്് നിർണായകമാകുമെന്നു കരുതുന്ന മേഖലകളെക്കുറിച്ച് യുഎസ് വാണിജ്യ വകുപ്പ് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതുവരെ യുഎസിലേക്കുള്ള സ്മാർട്ട്ഫോണ്‍ കയറ്റുമതിക്ക് ചുങ്കമൊന്നുമുണ്ടാകില്ല. ഇതിൽ ഇന്ത്യയിൽനിർമിക്കുന്ന ഐഫോണുകളും ഉൾപ്പെടുന്നു.
ഈ അന്വേഷണങ്ങൾ വിദേശ നിർമിത ഉത്പന്നങ്ങളുടെ ഒരു ശ്രേണിയിൽ നികുതി ചുമത്തുന്നതിന് കാരണമാകുമെന്ന് വ്യാപകമായി പ്രതീക്ഷിക്കുന്നു. ഉരുക്ക്, സ്റ്റീൽ എന്നിവയുടെ ഇറക്കുമതിക്ക് നികുതി ചുമത്താൻ ട്രംപ് ഇതിനകം തന്നെ ഈ അധികാരം ഉപയോഗിക്കുന്നു.
ഉരുക്കും അലുമിനിയവും കൊണ്ടു നിർമിച്ച വീട്ടുപകരണങ്ങളെപ്പോലും ഈ തീരുവ ബാധിക്കുന്നു. യുഎസിലേക്കുള്ള ഐഫോണുകളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താൻ ട്രംപിന് സെക്ഷൻ 232 അധികാരം ഉപയോഗിക്കാം. ഇത് ആപ്പിളിന് ഇന്ത്യയിലുൾപ്പെടെയുള്ള വിതരണക്കാരെ പിഴിയാനും യുഎസിലെ ഉപഭോക്താക്കൾക്ക് ഐഫോണുകൾ വിലയേറിയതാക്കാനും കന്പനിയെ പ്രേരിപ്പിക്കും.