യുപിഐ പണമിടപാടിന് ഇനി ബയോമെട്രിക്
Thursday, July 31, 2025 2:14 AM IST
ന്യൂഡൽഹി: എല്ലാ തവണയും പിൻ നൽകാതെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് എല്ലാ യുപിഐ ഇടപാടുകളും പൂർത്തിയാക്കാൻ നിങ്ങൾക്ക് ഉടൻ കഴിയുമോ? ഇതിനു കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എൻപിസിഐ (നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ) ഫേസ് ഐഡി അല്ലെങ്കിൽ ബയോമെട്രിക്സ് വഴി യുപിഐ പേയ്മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. യുപിഐ പേയ്മെന്റുകൾ പൂർത്തീകരിക്കുന്നതിന് പിൻ ഓപ്ഷണലാക്കി മാറ്റുന്നു. ഇപ്പോൾ അക്കൗണ്ടിൽനിന്ന് പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻനന്പറിനുപകരം മുഖം തിരിച്ചറിഞ്ഞുള്ളതോ വിരലടയാളമുപയോഗിച്ചുള്ളതോ ആയ തിരിച്ചറിയൽ സംവിധാനമാണ് വരാനിരിക്കുന്നത്.
നിലവിൽ പരീക്ഷണഘട്ടത്തിലുള്ള സംവിധാനം ആവശ്യമുള്ളവർക്ക് തെരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും നടപ്പാക്കുക. എൻപിസിഐ ഇതുവരെ ഒൗദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ നീക്കം ഒരു വലിയ ചുവടുവയ്പ്പായിരിക്കാം, പ്രത്യേകിച്ച് പ്രായമായ ഉപയോക്താക്കൾക്കോ പിൻ നന്പറുകൾ ഓർമിക്കുന്നത് ഒരു ബുദ്ധിമുട്ടായി കാണുന്നവർക്കോ. പിൻനന്പറുകൾ ഉപയോഗിക്കുന്ന ഇടപാടുകളിൽ തട്ടിപ്പ് നടക്കാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ ബയോമെട്രിക് പാസ്വേഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ യുപിഐയെ കൂടുതൽ സുരക്ഷിതമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. പിൻ നന്പർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാകും.
നിലവിൽ 4-6 അക്ക പിൻ നന്പറുകളാണ് യുപിഐ പണമിടപാടുകൾക്ക് ഉപയോഗിക്കുന്നത്. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യുപിഐവഴിയായതും സുരക്ഷയുയർത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.