വിപണിയിൽ നഷ്ടം
Friday, July 4, 2025 12:05 AM IST
മുംബൈ: ലാഭനഷ്ടങ്ങൾ മാറിമറിഞ്ഞ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിലാകുന്നത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലാകുമെന്ന പ്രതീക്ഷയിൽ തുടക്കത്തിൽ നേട്ടത്തിലായിരുന്ന ഓഹരിസൂചികകളായ നിഫ്റ്റി 50യും സെൻസെക്സും രണ്ടാം പകുതിയിൽ തകർന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനൊപ്പം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലുള്ള അനിശ്ചിതത്വങ്ങളും നിക്ഷേപകരെ വാങ്ങലുകളിൽനിന്ന് പിൻവലിച്ചു.
വ്യാപാരത്തിന്റെ രണ്ടാം പകുതിയിൽ ലാഭമെടുപ്പും അനിശ്ചിതമായ ആഗോള സൂചനകളും വില്പനസമ്മർദത്തിലേക്കു നയിച്ചു. 25,500ത്തിനു മുകളിൽ പിടിച്ചുനിന്ന നിഫ്റ്റി സൂചിക ഇന്നലെത്തെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് 100ലധികം പോയിന്റ് താഴ്ന്നു. വ്യാപാരത്തിനിടെ 600ലധികം പോയിന്റ് ഉയർന്നശേഷമാണ് സെൻസെക്സ് വീണത്.
സെൻസെക്സ് 170.22 പോയിന്റ് (0.20%) നഷ്ടത്തിൽ 83,239.47ലും നിഫ്റ്റ് 48.10 പോയിന്റ് (0.19%) താഴ്ന്ന് 25,405.30ലുമാണ് ക്ലോസ് ചെയ്തത്. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ (0.44%), ഫാർമ (0.42%), മീഡിയ (1.45%) എന്നിവ നേട്ടം കൊയ്തു. മീഡിയ സൂചികയാണ് ഇന്നലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. നിഫ്റ്റി ഐടി 0.06 ശതമാനത്തിന്റെ നേരിയ ഇടിവ് നേരിട്ടു. വിശാലവിപണികളിൽ നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് നേരിയ നേട്ടം സ്വന്തമാക്കി.
നഷ്ടം നേരിട്ടവയിൽ മുന്നിൽ നിഫ്റ്റി പൊതുമേഖലാ ബാങ്കുകൾ (0.89%) ആണ്. നിക്ഷേപകർ ലാഭം രേഖപ്പെടുത്തിയതോടെയാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഇടിഞ്ഞത്. കൂടാതെ മെറ്റൽ, റിയാലിറ്റി ഓഹരികളും നഷ്ടത്തിലായി.