മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ്ടി
Friday, July 4, 2025 12:05 AM IST
തിരുവനന്തപുരം: ഐടി കന്പനിയായ യുഎസ് ടി തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് 12 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ അഭ്യർഥനയെത്തുടർന്ന്, യൂറോളജി ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായ ഹോപ്കിൻസ് ടെലിസ്കോപ്പുകളാണ് യുഎസ് ടി കൈമാറിയത്. സിസ്റ്റോസ്കോപ്പുകൾ എന്നറിയപ്പെടുന്ന ഈ ടെലിസ്കോപ്പുകൾ സിസ്റ്റോസ്കോപ്പി, ടിയുആർപി നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്.
കഴിഞ്ഞ ദിവസം യുഎസ് ടി ജീവനക്കാർ ഈ ഉപകരണങ്ങൾ യൂറോളജി വകുപ്പിന് കൈമാറി. യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, ജയശ്രീ, വിനീത് മോഹനൻ, കെ.റോഷ്നി ദാസ് എന്നിവരും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. ബി. എസ്. സുനിൽ കുമാർ യൂറോളജി പ്രഫസർ ഡോ. ഹാരിസ് ചിറക്കൽ എന്നിവരും സന്നിഹിതരായിരുന്നു.