സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി
Wednesday, August 7, 2024 1:10 AM IST
കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ജിഎസ്ടി പരിശോധനയില്‍ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.
‘ഓപ്പറേഷന് ഗുവാപ്പോ’ എന്നപേരില്‍ സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇഡി) പരിശോധന നടത്തിയത്.
സംസ്ഥാനത്തൊട്ടാകെ 35 കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായാണു വിവരം. കൊച്ചിയില്‍ 23 സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു.
രജിസ്ട്രേഷന് ഇല്ലാതെയും വരുമാനം കുറച്ചു കാണിച്ചുമാണു പല സ്ഥാപനങ്ങളും നികുതിവെട്ടിപ്പ് നടത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ മൊഴിയും രേഖപ്പെടുത്തി. സ്ഥാപനങ്ങള്‍ക്കു പുറമേ വീടുകളിലും പരിശോധന നടത്തിയതായാണു വിവരം.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വ്യാപകമായി നികുതി വെട്ടിക്കുന്നതായി ജിഎസ്ടി വിഭാഗത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തിയതിനുശേഷമായിരുന്നു വ്യാപക പരിശോധന.
അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചുവരികയാണെന്നും എത്ര രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നു നടപടികള്‍ പൂര്‍ത്തിയായതിനുശേഷമേ വ്യക്തമാകുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെട്ടിപ്പ് പിടികൂടിയതോടെ പലരും നികുതിയടയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.