പൊന്‍തിളക്കം മെഗാ പദ്ധതികള്‍; സിയാൽ രജതജൂബിലി നിറവിൽ
Friday, May 24, 2024 3:02 AM IST
ജൂബിലിവർഷത്തിൽ പുതിയ ഏഴു മെഗാ പദ്ധതികള്‍കൂടി സിയാൽ പൂർത്തിയാക്കുകയാണ്. നിലവിലുള്ള അന്താരാഷ്ട്ര ടെർമിനലിനോടൊപ്പം 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ എപ്രൺ നിർമിക്കുന്നുണ്ട്.
ടെർമിനൽ അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വികസിപ്പിക്കും. എട്ട് പുതിയ എയ്റോബ്രിഡ്ജുകളും ഇവിടെ സ്ഥാപിക്കും. ടെർമിനൽ വികസനം പൂർത്തിയാകുന്നതോടെ വിമാനം കയറ്റിയിടാനുള്ള ബേകളുടെ എണ്ണം 44 ആകും. ചെക്ക്-ഇൻ-ഏരിയ, സെക്യൂരിറ്റി ഹോൾഡ്, ഇമിഗ്രേഷൻ, ഡ്യൂട്ടിഫ്രീ ഷോപ്പ് എന്നിവയുടെ വലിപ്പവും വർധിപ്പിക്കും.
പുതിയ ഇറക്കുമതി കാർഗോ ടെർമിനൽ പ്രവർത്തനക്ഷമമാക്കുന്നതോടെ രണ്ടു ലക്ഷം മെട്രിക് ടൺ ചരക്ക് ഇവിടെ കൈകാര്യം ചെയ്യാൻ കഴിയും. ലോജിസ്റ്റിക്സ്, വെയർ ഹൗസിംഗ് സംവിധാനങ്ങളിൽ ആധുനിക സജ്ജീകരണങ്ങൾ ഉണ്ടാക്കും. നിലവിലെ ഇന്റർനാഷണൽ കാർഗോയുടെ മുഴുവൻ ഭാഗവും കയറ്റുമതിക്ക് ഉപയോഗിക്കും. യാത്രക്കാരുടെ വിശ്രമത്തിന് ആഡംബര എയ്റോ ലോഞ്ചുകൾ പൂർത്തിയായിവരുന്നു. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്ററന്റ്, കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവ ഉണ്ടാകും.
അര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടാം ടെർമിനലിൽ നിർമിക്കുന്ന എയ്റോലോഞ്ച് അധികം വൈകാത പ്രവർത്തനക്ഷമമാകും.
യാത്രക്കാർ 105.29 ലക്ഷം
സിയാൽ വളർന്നതോടെ 2023 -24 സാമ്പത്തികവർഷത്തിൽ 105.29 ലക്ഷം യാത്രക്കാരും 70203 വിമാനങ്ങളുമാണ് ഓപ്പറേറ്റ് ചെയ്തത്. ഓഹരി ഉടമകൾക്ക് മുടക്കുമുതലിന്റെ 317 ശതമാനം ഡിവിഡന്റ് ലഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് ഇന്ത്യയില്‍ മൂന്നാം സ്ഥാനമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ഈ വർഷം വിപുലമായ വാർഷികാഘോഷം ഇല്ല.