കാർഷിക കേരളത്തിന് ആശ്വാസം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 8, 2025 1:44 AM IST
കാർഷിക കേരളം ഓണ ലഹരിയിൽ അമർന്നതോടെ മുഖ്യവിപണികളിൽ ചരക്കുവരവ് ഗണ്യമായി ചുരുങ്ങി. അതേസമയം മുൻനിര ഉത്പന്നങ്ങൾ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ആകർഷകമായ തലങ്ങളിലേക്കു ചുവടുവച്ചത് കർഷക കുടുംബങ്ങൾക്ക് ആശ്വാസം പകർന്നു. സുഗന്ധവ്യഞ്ജനങ്ങളും നാളികേരോത്പന്നങ്ങളും ഉത്പാദകരുടെ മടിശീല നിറച്ചപ്പോൾ കാര്യമായ പരിക്കേൽക്കാതെ റബർ സ്റ്റോക്കിസ്റ്റുകളും രക്ഷപ്പെട്ടു. തങ്കത്തിളക്കവുമായി സ്വർണരഥം മുന്നേറുകയാണ്.
പ്രതീക്ഷ കൈവിടാതെ കർഷകർ
ഓണം ആഘോഷമാക്കി കാർഷിക കേരളം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പല ഉത്പന്നങ്ങൾക്കും ആകർഷകമായ വില ഉറപ്പുവരുത്താനായത്. കുരുമുളകും ഏലവും നാളികേരവുമെല്ലാം കാഴ്ചവച്ച അഭൂത വിലക്കയറ്റം പുതിയ തലമുറയെ കൃഷിലേക്ക് ആകർഷിക്കും. പിന്നിട്ട വാരം ഉത്പാദനകേന്ദ്രങ്ങളിൽനിന്നുള്ള കാർഷികോത്പന്നങ്ങളുടെ നീക്കം ചുരുങ്ങി. പലരും ഉത്പന്നങ്ങൾ നേരത്തെ വിറ്റുമാറ്റി ഓണാഘോഷങ്ങൾക്കുള്ള പണം കണ്ടെത്തി.
പ്രതിദിനം 200 രൂപ വീതം ഉയർത്തിയിട്ടും നാടൻ കുരുമുളക് ആവശ്യാനുസരം ശേഖരിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാർ ക്ലേശിച്ചു. അൺഗാർബിൾഡ് 70,300 രൂപ വരെ ഉയർന്ന ശേഷം 70,100 ലാണ്. കൊച്ചിയിൽ വരവ് 96 ടണ്ണിൽ ഒതുങ്ങി. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 8350 ഡോളറായി ഉയർന്നത് ഇറക്കുമതി ലോബിയുടെ മുഖം വിയറ്റ്നാമിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു.
ഇന്ത്യൻ അന്വേഷണങ്ങളുടെ കരുത്തിൽ വില ഉയർത്തി ചരക്ക് സംഭരിക്കുകയാണ് കയറ്റുമതിക്കാർ. എന്നാൽ, വിദേശ ഓർഡറുകളുടെ കൂടുതൽ വിവരങ്ങൾ വിയറ്റ്നാം പുറത്തുവിടുന്നില്ല. മുളകുവില അടിക്കടി ഉയരുന്നതിനാൽ കർഷകർ വില്പന കുറച്ചത് കയറ്റുമതിക്കാരെ സമ്മർദത്തിലാക്കി. ഓഗസ്റ്റ് ആദ്യപകുതിയെ അക്ഷേപിച്ച് വിയറ്റ്നാമിൽ കുരുമുളക് വില കിലോ 20,000 ഡോങ് ഉയർന്ന് 1,54,000 ഡോങായതിനു പിന്നിൽ ശക്തമായ വിദേശ ഓർഡറുകളാണ്. യുഎസ്, യൂറോപ്യൻ ബയ്യർമാരും ക്രിസ്മസ്, ന്യൂ ഇയർ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കുരുമുളക് സംഭരണത്തിനുള്ള തിടുക്കത്തിലാണ്.
ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ് ഊർജിതം, നടപ്പ് സീസണിൽ ഒറ്റ ലേലത്തിൽ ഒരു ലക്ഷം കിലോ ചരക്ക് വരെ വിൽപ്പനയ്ക്ക് ഇറങ്ങി. അനുകൂല കാലാവസ്ഥയിൽ വിളവ് ഉയർത്തിയെന്നാണ് വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വിവരം. ഓണ ആവശ്യങ്ങൾ മുൻ ർത്തി ഉത്പാദകർ ഏലക്ക വിറ്റുമാറാൻ കാണിച്ച ഉത്സാഹം ആഭ്യന്തര വിദേശ ഇടപാടുകാർക്ക് നേട്ടമാക്കി. പരമാവധി വിളവെടുപ്പ് പൂർത്തിയാക്കാൻ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും ഉത്സാഹിക്കുന്നുണ്ട്. ആകർഷകമായ വില ഉറപ്പ് വരുത്താനാവുന്നത് കണക്കിലെടുത്താൽ കർഷകർ വളപ്രയോഗങ്ങൾക്കും മുൻകൈയെടുക്കും. ശരാശരി ഇനങ്ങൾ കിലോ 2500 രൂപയ്ക്ക് മുകളിലാണ്.
റബർ കർഷകർ കാത്തിരിക്കുന്നു
രാജ്യാന്തര റബർവില നേട്ടത്തിൽ വ്യാപാരം നടന്നത് മുൻനിര റബർ ഉത്പാദക രാജ്യങ്ങളിലെ കർഷകരിൽ പ്രതീക്ഷ സമ്മാനിച്ചു. ബാങ്കോക്കിൽ റബർ കിലോ 190 രൂപയായി ഉയർന്നു. ജപ്പാൻ, ചൈനീസ്, സിംഗപ്പുർ മാർക്കറ്റുകളും മികവിലാണ്. ചൈനീസ് ടയർ കയറ്റുമതിയിൽ ഉണർവ് അനുഭവപ്പെട്ട വിവരം അവധി വ്യാപാരത്തിൽ നിക്ഷേപകരെ ആകർഷിച്ചു.
തായ്ലൻഡിലെ മഴ പൂർണമായി വിട്ടുമാറാഞ്ഞതും റബറിന് ഡിമാന്ഡ് ഉയർത്തി. അതേസമയം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു. വാരാന്ത്യത്തിൽ നടക്കുന്ന ഒപെക് പ്ലെസ് യോഗം എണ്ണ ഉത്പാദനം സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾ അടുത്ത വാരം സിന്തറ്റിക്, സ്വാഭാവിക റബർ വിലകളിൽ പ്രതിഫലിക്കും.
കേരളം ഓണ ലഹരിയിലേക്ക് ശ്രദ്ധ തിരിച്ചതിനാൽ കാർഷിക മേഖലകളിൽ നിന്നും റബറിന് വില്പനക്കാർ കുറവായിരുന്നു. ആർഎസ്എസ് നാലാം ഗ്രേഡ് 19,300 രൂപയിൽ വിപണനം നടന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ നിലനിന്നതിനാൽ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഉത്പാദനം ഉയർത്താൻ കഴിയുമെന്ന നിഗമനത്തിലായിരുന്നെങ്കിലും കാലവർഷം ശക്തമായത് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഓണം കഴിഞ്ഞ സാഹചര്യത്തിൽ കാലാവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കാം. ഓണാഘോഷങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ നാളികേരോത്്പന്ന വിപണി താത്്കാലികമായി മ്ലാനമായേക്കാം.
വെട്ടിത്തിളങ്ങി സ്വർണം
ആഭരണവിപണികളിൽ സ്വർണം വെട്ടിത്തിളങ്ങി. 79,960 രൂപയിൽ വിപണനം തുടങ്ങിയ പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 79,560 രൂപ വരെ കയറി. ഒരു ഗ്രാം സ്വർണവില 9945 രൂപയിലെത്തി. ഗ്രാമിന് 10,000 രൂപയിലേക്കുള്ള ദൂരം കേവലം 55 രൂപ മാത്രം.