സിമന്റ് വിൽപ്പന മേഖലയിലെ നഷ്ടം: സർക്കാർ ഇടപെടണമെന്നാവശ്യം
Monday, March 30, 2020 12:09 AM IST
തൊടുപുഴ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ സിമന്റ് മൊത്ത, ചില്ലറ വ്യപാരികൾക്കു വൻ തോതിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയേറി. നിർമാണമേഖല സ്തംഭിച്ചതിനാൽ സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വില്പന നിലച്ചു. സിമന്റ് വില്പന ശാലകളിൽ സംഭരിച്ചിരിക്കുന്ന ആയിരക്കണക്കിനു പായ്ക്കറ്റ് സിമന്റ് കെട്ടിക്കിടക്കുകയാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയം ഒരു പായ്ക്കറ്റ് സിമന്റിന് 375 രൂപയാണ് ശരാശരി വില. ഇതു പ്രകാരം ലക്ഷക്കണക്കിനു രൂപയുടെ സിമന്റ് സ്റ്റോക്ക് ആണ്. ചെറുകിട വ്യാപാരികളുടെ പക്കൽ പോലും ആയിരത്തിനു മേൽ പായ്ക്കറ്റുകൾ സ്റ്റോക്കുണ്ട്. കേന്ദ്രസർക്കാർ ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗണ്‍ നിർദേശിച്ചിരിക്കുന്നത്. ഇത്രയും നാൾ സൂക്ഷിച്ചാൽ സിമന്റ് ഉപയോഗ ശൂന്യമാകുമെന്നു വ്യാപാരികൾ പറയുന്നു. സർക്കാർഅടിയന്തര പരിഹാരം കാണണമെന്നാണു ഹാർഡ് വെയർ വ്യാപാരികളുടെയും സിമന്റ് ഡീലർമാരുടെയും ആവശ്യം.