വ്യോമസേനയുടെ ഭാഗമാകാൻ രണ്ട് തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾ
സ്വന്തം ലേഖകൻ
Monday, September 1, 2025 2:38 AM IST
ന്യൂഡൽഹി: സൈന്യത്തെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾ പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നാളെ വ്യോമസേനയ്ക്കു കൈമാറുമെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് അറിയിച്ചു.
2021 ഫെബ്രുവരിയിലാണ് 83 തേജസ് മാർക്ക് 1 എ ജെറ്റുകൾ നിർമിക്കുന്നതിന് 48,000 കോടി രൂപയുടെ കരാറിൽ എച്ച്എഎല്ലുമായി പ്രതിരോധമന്ത്രാലയം ഒപ്പിട്ടത്. എന്നാൽ കൈമാറ്റം വൈകിയതിനെത്തുടർന്ന് വിമർശനമുയർന്നിരുന്നു. പിന്നാലെയാണു രണ്ട് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കു കൈമാറുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വിമാനത്തിന്റെ എൻജിനുകൾ നൽകാൻ അമേരിക്കൻ പ്രതിരോധ കന്പനിയായ ജിഇ എയ്റോസ്പേസ് കാലതാമസം വരുത്തിയതിനാലാണു നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിമാനങ്ങൾ കൈമാറാൻ സാധിക്കാതെപോയതെന്നാണ് എച്ച്എഎൽ നൽകുന്ന വിശദീകരണം. ഇതുകൂടാതെ 97 തേജസ് യുദ്ധവിമാനങ്ങളുടെ ഒരു ബാച്ച് കൂടി വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയം എച്ച്എഎല്ലുമായി 67, 000 കോടി രൂപയുടെ പുതിയ കരാറും ഒപ്പുവയ്ക്കുന്നുണ്ട്.
ഇപ്പോഴുള്ള കരാറിലെ രണ്ട് തേജസ് വിമാനങ്ങൾ കൈമാറിയതിനുശേഷം മാത്രമേ പുതിയ കരാറിൽ ഒപ്പുവയ്ക്കുകയുള്ളൂവെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. പുതിയ കരാറിന്റെ കാലാവധി നാലോ അഞ്ചോ വർഷമായിരിക്കും.