മറാഠ സംവരണം അനുവദിക്കാതെ മുംബൈ വിട്ടുപോകില്ല: ജരാങ്കെ
Monday, September 1, 2025 2:38 AM IST
മുംബൈ: മറാഠകൾക്ക് സംവരണം അനുവദിക്കാതെ മുംബൈ വിട്ടുപോകില്ലെന്ന് പ്രഖ്യാപിച്ച് ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ. ആസാദ് മൈതാനത്ത് ജരാങ്കെ ആരംഭിച്ച നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടു.
മറാഠകൾക്ക് പത്തുശതമാനം സംവരണമാണ് ജരാങ്കെ ആവശ്യപ്പെടുന്നത്. മറാഠകളെ കുൻബികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു. കുൻബികൾ ഒബിസി വിഭാഗക്കാരാണ്. അതേസമയം, മറാഠകൾക്ക് ഒബിസി ക്വോട്ടയിൽ സംവരണം നല്കുന്നതിനെ സംസ്ഥാനത്തെ പ്രബലമായ ഒബിസി വിഭാഗം ശക്തമായി എതിർക്കുന്നു.
ഇതിനിടെ, മുതിർന്ന എൻസിപി (അജിത്) നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബൽ ഒബിസി നേതാക്കളുടെ യോഗം വിളിച്ചുചേർത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണു യോഗം ചേരുക. ഭുജ്ബലിന്റെ നേതൃത്വത്തിലുള്ള സമത പരിഷത്ത് പ്രതിനിധികളും മറ്റ് ഒബിസി സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. മറാഠകൾക്ക് ഒബിസി ക്വോട്ടയിൽ സംവരണം നല്കുന്നതിനെ ശക്തമായി എതിർക്കുന്ന നേതാവ് ഛഗൻ ഭുജ്ബൽ.