പ്രകൃതിദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുന്നു: പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
Monday, September 1, 2025 2:38 AM IST
ന്യൂഡൽഹി: ഈ വർഷകാലത്തുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വരുത്തിവച്ചത് വലിയ നാശനഷ്ടങ്ങളാണെന്നും പ്രകൃതിദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വീടുകൾ നശിച്ചു, നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി, ആളുകളുടെ ജീവൻ അപകടത്തിലായി. ഈ സംഭവങ്ങൾ ഓരോ ഇന്ത്യക്കാരനും തീരാവേദനയാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണ വിഭാഗങ്ങൾ, ഉദ്യോഗസ്ഥർ, സുരക്ഷാസേനകൾ തുടങ്ങി എല്ലാവിഭാഗങ്ങളും പരസ്പരം ഏകോപിപ്പിച്ച് രാപകലില്ലാതെ പ്രവർത്തിച്ചു. തെർമൽ സാങ്കേതികവിദ്യയുടെയും സ്നിഫർ നായ്ക്കളുടെയും സഹായത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പകൃതിദുരന്തം നേരിട്ട മേഖലകളിൽ ഹെലികോപ്റ്ററുകളിലൂടെ ദുരിതാശ്വാസവസ്തുക്കൾ എത്തിച്ചു.
ആധുനികസംവിധാനങ്ങൾ ഉപയോഗിച്ച് ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലും എളുപ്പത്തിലുമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഈ സമയങ്ങളിൽ മനുഷ്യത്വം ഉയർത്തിപ്പിടിച്ച ഓരോ പൗരനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പല മേഖലകളിലും ആൾനാശം ഉൾപ്പെടെ കടുത്ത കെടുതികളാണ് ഈ വർഷകാലത്തുണ്ടായത്. പല സംസ്ഥാനങ്ങളിലും കാലവർഷക്കെടുതിയെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങൾ ആഴ്ചകൾ പിന്നിട്ടിട്ടും തുടരുന്ന സാഹചര്യമാണ്.