മണിപ്പുരിൽ മാധ്യമപ്രവർത്തകനു വെടിയേറ്റു
Monday, September 1, 2025 2:38 AM IST
ഇംഫാൽ/ഗോഹട്ടി: മണിപ്പുരിലെ സേനാപതി ജില്ലയിൽ ടെലിവിഷൻ മാധ്യമപ്രവർത്തകനു വെടിയേറ്റു. ഫ്ലവർ ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാനെത്തിയ ദീപ് സൈക്കിയയ്ക്കാണ് കൈക്കും കാലിനും വെടിയേറ്റത്. നാഗാലാൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോൺബിൽ ടിവിയിലെ മാധ്യമപ്രവർത്തകനാണ് സൈക്കിയ.
നാഗാ സ്വാധീനമേഖലയായ സേനാപതി ജില്ലയിലെ ലായി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സൈക്കിയയ്ക്കു വെടിയേറ്റത്. എയർ ഗണ്ണുമായി അക്രമിയെ പ്രദേശവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആസാമിലെ ജോർഹട്ട് സ്വദേശിയാണ് സൈക്കിയ. ഇദ്ദേഹത്തെ ഗോഹട്ടിയിലെ ആശുപത്രിയിലേക്കു മാറ്റും. ഏതാനും ദിവസം മുന്പ് സൈക്കിയയുടെ റിപ്പോർട്ടിന്റെ പേരിൽ നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഹോ പാട്ടൺ പൊതുചടങ്ങിൽവച്ച് ശകാരിച്ചിരുന്നു.