എഥനോൾ കലർന്ന പെട്രോൾ: ഹർജി ഇന്ന് സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ
Monday, September 1, 2025 2:38 AM IST
ന്യൂഡൽഹി: വാഹനങ്ങളിൽ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരായ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
20 ശതമാനം എഥനോൾ കലർന്ന പെട്രോൾ രാജ്യവ്യാപകമാകുന്നതോടെ വാഹനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും അതിനാൽ തീരുമാനത്തിൽനിന്നു കേന്ദ്രസർക്കാരിനെ പിന്തിരിപ്പിക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ അക്ഷയ് മൽഹോത്ര സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.
എല്ലാ പെട്രോൾ പന്പുകളിൽനിന്നും എഥനോൾ രഹിത പെട്രോൾ ലഭ്യമാക്കുന്നതിനുള്ള നിർദേശം പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു നൽകണം, എല്ലാ പന്പുകളിലും ഇന്ധനവിതരണ യൂണിറ്റുകളിലും പെട്രോളിൽ അടങ്ങിയിരിക്കുന്ന എഥനോളിന്റെ അളവ് ഉപഭോക്താക്കൾക്കു മനസിലാകുന്ന തരത്തിൽ ലേബൽ ചെയ്യണം, ഏതു തരാം പെട്രോൾ ഉപയോഗിക്കണം എന്നതിനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്.
കൂടാതെ രാജ്യവ്യാപകമായി വാഹനങ്ങളിൽ ആഘാതപഠനം നടത്താൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നു.
വാഹനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമെങ്കിലും എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ ഉടമസ്ഥർ നിർബന്ധിതരാകുകയാണ്. 2023ന് മുന്പ് നിർമിച്ച മിക്ക കാറുകളും ഇരുചക്ര വാഹനങ്ങളും എഥനോളുമായി പൊരുത്തപ്പെടുന്നവയല്ല. ബിഎസ് 6 വാഹനങ്ങൾക്കും സമാന പ്രശ്നമുണ്ട്. വാഹനങ്ങളുടെ എൻജിൻ തകരാർ, ഇന്ധനക്ഷമത തുടങ്ങിയവയെ ബാധിക്കുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
എഥനോൾ കലർന്ന പെട്രോൾ നിർബന്ധമാക്കുകയല്ല മറിച്ച് വിദേശരാജ്യങ്ങളിലേതുപോലെ തീരുമാനമെടുക്കുന്നതിലുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്കു നൽകുകയാണു വേണ്ടതെന്നും ഹർജിക്കാരൻ പറയുന്നു. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം നേരത്തേതന്നെ നടപ്പാക്കി തുടങ്ങിയതാണ്. എന്നാൽ രാജ്യത്തെ 90000ത്തോളം പെട്രോൾ പന്പുകളിൽ ഈ മിശ്രിതം മാത്രമാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്നത്.
പഴയ കാറുകളിൽ ഈ മിശ്രിതം കാര്യമായ കേടുപാടുകൾ ഉണ്ടാക്കുമെന്നാണ് വാഹന ഉടമകളുടെ ആശങ്ക. എന്നാൽ ശാസ്ത്രീയമായി ഒരു അടിത്തറയുമില്ലാത്ത കണ്ടെത്തലാണിതെന്നും ഇത്തരം ഭീതി പരത്തുന്നതിനു പിന്നിൽ പെട്രോൾ ലോബികളാണെന്നുമാണ് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുടെ വാദം. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വൈകാതെ നിരത്തിലിറങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.