മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്
Monday, September 1, 2025 2:38 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന പുതിയ സാഹചര്യത്തെ സർക്കാരിന്റെ നട്ടെല്ലില്ലായ്മയെന്നാണ് പാർട്ടി വക്താവ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്. ഇന്ത്യൻ അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെ സൗഹൃദ നീക്കത്തിലൂടെ മോദി നിയമവിധേയമാക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
പരസ്പരവിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയിൽ ഊന്നിക്കൊണ്ട് ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുമെന്ന് മോദി പറഞ്ഞിരുന്നു.
2020 ജൂണിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗാൽവാൻ താഴ് വരയിലെ ചൈനീസ് അതിക്രമം ഒാർമിപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ വിമർശനം. അന്ന് ഇന്ത്യയുടെ 20 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ചൈനയിൽനിന്നുള്ള അമിതമായ ഇറക്കുമതി ഇന്ത്യയിലെ ചെറുകിട വ്യാവസായിക യൂണിറ്റുകളെയും ബാധിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിച്ചേക്കാവുന്ന ചൈനയുടെ വൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ചും മോദി ഒരക്ഷരം മിണ്ടിയില്ലെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.