സംവരണ നിയമനങ്ങളിലെ വിജ്ഞാപനത്തില്‍ ഭേദഗതി വേണം; സര്‍ക്കാരിനു ശിപാര്‍ശ നല്കി ന്യൂനപക്ഷ കമ്മീഷന്
Thursday, August 21, 2025 2:02 AM IST
കൊച്ചി: സംസ്ഥാനത്തു സംവരണ നിയമനങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഒഴിവുകള്‍ നികത്തുന്നതിന് നിരവധി തവണ വിജ്ഞാപനം ഇറക്കുന്ന സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
ഇതുസംബന്ധിച്ച് കമ്മീഷൻ മുന്‍പാകെയെത്തിയ പരാതി ന്യായമാണെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ് ഏഴിനു ചേര്‍ന്ന യോഗത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്കാന് തീരുമാനിച്ചത്.
എന്‍സിഎ ഒഴിവുകളിലേക്ക് രണ്ടില്‍ കുറയാത്ത തവണ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണു സര്‍വീസ് ചട്ടങ്ങളില്‍ പറയുന്നത്. എന്നാല്‍, പലപ്പോഴും എട്ടും ഒമ്പതും തവണ വരെ വിജ്ഞാപനമിറക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഇതു ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാക്കുന്നുവെന്നും ജോലി ലഭിക്കുന്നതിനു കാലതാമസം വരുത്തുന്നുവെന്നും വിലയിരുത്തിയാണ് കമ്മീഷന് പരാതിയില്‍ നടപടിയെടുത്തത്.