ചപ്പാത്ത് ആറാം മൈലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Wednesday, August 20, 2025 2:22 AM IST
ഉപ്പുതറ: കെഎസ്ആർടിസി ബസിന്റെ പിന്നിൽ തട്ടിയ കാർ കൽഭിത്തിയിലിടിച്ച് ഒരാൾ മരിച്ചു. കാഞ്ചിയാർ സ്വരാജ് കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ് ആണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു.
സ്വരാജ് സ്വദേശികളായ സോമൻ സ്വരാജ്, അനീഷ്, കോടാലിപ്പാറ സ്വദേശി രതീഷ്, കൽത്തൊട്ടി സ്വദേശി സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുംമുൻപ് സന്തോഷ് മരിച്ചു.
പുളിയൻമല-കട്ടപ്പന മലയോര ഹൈവേയിൽ ചപ്പാത്ത് ആറാം മൈലിന് സമീപം ഒന്നാം വളവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണ് അപകടം. ഏലപ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന കാർ കട്ടപ്പന-തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മരിച്ച സന്തോഷ് സ്വരാജിൽ ഓട്ടോ ഡ്രൈവറാണ്. ഭാര്യ സിന്ധു മൂന്നു വർഷമായി വിദേശത്താണ്. സിന്ധു അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടം. സന്തോഷ് ഏതാനും ദിവസം മുൻപാണ് കാർ വാങ്ങിയത്.