റബര്‍ കര്‍ഷകര്‍ക്ക് കരുതലായി കൃഷി സഹായ പദ്ധതി
Thursday, August 21, 2025 2:02 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: വില വ്യതിയാനത്തില്‍ വലയുന്ന റബര്‍ കര്‍ഷകര്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ പുതിയ പദ്ധതി. ആറു ജില്ലകളില്‍ റബര്‍ റീപ്ലാന്റ് ചെയ്യുന്ന കര്‍ഷകര്‍ക്ക് 2029 വരെയാണ് സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകബാങ്ക് സഹകരണത്തോടെ സംസ്ഥാന കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും വ്യവസായ വകുപ്പും ചേര്‍ന്നു നടപ്പാക്കുന്ന കേര (കേരളാ കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണം) പദ്ധതിയിലൂടെയാണു സഹായം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ റബര്‍ കര്‍ഷകര്‍ക്കു മാത്രമേ സഹായത്തിന് അര്‍ഹതയുള്ളൂ. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ധനസഹായത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്വന്തമായി 25 സെന്റ് മുതല്‍ അഞ്ചു ഹെക്ടര്‍ വരെ റബര്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടു ഹെക്ടര്‍ വരെ മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. ഒരു കര്‍ഷകനു പരമാവധി ഒന്നര ലക്ഷം രൂപ വരെ ലഭിക്കാം.
റബര്‍ റീപ്ലാന്റ് ചെയ്ത കര്ഷകന് ഒരു ഹെക്ടറിനു ധനസഹായമായി 75,000 രൂപ ലഭിക്കും. ആദ്യ ഗഡുവായി 55,000 രൂപയും തുടര്‍ന്ന് ഒന്നാം വര്‍ഷത്തെ മരങ്ങളുടെ വളര്‍ച്ചയും അതിജീവനവും പരിശോധിച്ചശേഷം രണ്ടാം ഗഡുവായി 20,000 രൂപയും നല്‍കും. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണു പണം കൈമാറുന്നത്.
അപേക്ഷനല്കുന്ന കര്ഷകന് റബര്‍ ബോര്‍ഡ് പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം, ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം, റബര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫൈഡ് നഴ്സറികളില്‍നിന്നു തൈ വാങ്ങിയിരിക്കണം, ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ള ആര്‍ആര്‍ഐഐ 105, 417, 430, 414, പിബി 260 ഇനം ക്ലോണുകള്‍ മാത്രമേ നടാന്‍ പാടുള്ളൂ.
പാടശേഖരങ്ങളില്‍ റബര്‍കൃഷി ചെയ്തിരിക്കുന്നവര്‍ സഹായത്തിന് അര്‍ഹരല്ല. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം റബര്‍ ബോര്‍ഡ് വഴിയോ www.keraplantation.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷ നല്‍കണം.
അപേക്ഷ പരിശോധിക്കുന്ന വിവിധഘട്ടങ്ങളില്‍ റബര്‍ ബോര്‍ഡിന്റെയും കേരയുടെയും പ്രതിനിധികള്‍ റബര്‍ത്തോട്ടങ്ങളില്‍ പരിശോധന നടത്തും.