കാസിയ നിരോധനം ; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു
Thursday, August 21, 2025 2:02 AM IST
കണ്ണൂർ: സൂപ്പർ മാർക്കറ്റുകളിൽ കറുവപ്പട്ടയെന്ന പേരിൽ കാസിയ ചേർത്ത മസാലകൾ വിൽക്കുന്നതും കാസിയ വിൽക്കുന്നതും നിരോധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
നാലു ശതമാനം കോമറിൻ വിഷാംശമടങ്ങിയ കാസിയ ഇറക്കുമതി ചെയ്തു സൂപ്പർ മാർക്കറ്റുകളിൽ നേരിട്ടും കറിമസാലകളിൽ ചേർത്തും വിൽപന നടത്തുന്നതിനെതിരേ കണ്ണൂർ സ്വദേശി ലിയോനാർഡ് ജോൺ ഒന്പതു വർഷമായി നടത്തിവന്ന കേസിലാണ് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യത്തിനും 2019ൽ 69 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയതിനെത്തുടർന്നെടുത്ത കേസിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേയും പരാതിക്കാരനായ ലിയോനാർഡ് ജോൺ നൽകിയ ഹർജി പരാതിക്കാരന്റെ അനുമതിയോടെ സുപ്രീംകോടതി തള്ളുകയായിരുന്നു.
റിലയൻസ് സൂപ്പർ മാർക്കറ്റിന്റെ 2700 ബ്രാഞ്ചുകളിൽ കറുവപ്പെട്ടയെന്ന പേരിൽ കാസിയ വിൽക്കുന്നതായി അദ്ദേഹം കോടതിയിൽ വാദിച്ചു. കാൻസറിനു കാരണമാകുന്നതായി ശാസ്ത്രം തെളിയിച്ചതാണ് കാസിയ.
കറിമസാലകൾ, ആയുർവേദ മരുന്നുകൾ തുടങ്ങിയവയിൽ കാസിയ ചേർക്കുന്നുണ്ടെന്നും കേരളത്തിൽ കാൻസർ വർധിക്കാൻ കാരണം കീടനാശിനികളും ഭക്ഷ്യനിറങ്ങളും കാസിയ പോലുള്ള ഉത്പന്നങ്ങളുമാണെന്നും ലിയോനാർഡ് ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു.