ബാങ്ക് അക്കൗണ്ട് ഉടമകൾ വീണ്ടും കെവൈസി അപ്ഡേറ്റ് ചെയ്യണം
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് ഉടമകൾ വീണ്ടും കെവൈസി (നോ യുവർ കസ്റ്റമർ) അപഡേറ്റ് ചെയ്യണമെന്നും ഇതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രചാരണ പരിപാടികൾ ഒരുക്കുമെന്നും സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനർ കെ.എസ്. പ്രദീപ്.
കേരളത്തിൽ 57 ലക്ഷം ബാങ്ക് അക്കൗണ്ട് ഉടമകളാണ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ളത്. ഇതിൽ 90 ശതമാനവും പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഉടമകളാണെന്നും അദ്ദേഹം പറഞ്ഞു.
10 വർഷം കൂടുന്പോൾ കെവൈസി അപ്ഡേറ്റ് ചെയ്യണം. ഇല്ലെങ്കിൽ അക്കൗണ്ടിൽ എത്തുന്ന സബ്സിഡി തുക അടക്കം പിൻവലിക്കാൻ കഴിയാത്ത സാഹചര്യം വരും. ഓരോ പഞ്ചായത്തിലും ബ്രാഞ്ചുള്ള ബാങ്കുകളും മറ്റു ബാങ്കുകളും ചേർന്നാകും പഞ്ചായത്തു തല കാന്പയ്ൻ നടത്തുക.
പ്രധാൻമന്ത്രി ജീവൻ ജ്യോതി യോജന പദ്ധതിയുടെ പ്രീമിയം 436 രൂപയാണ്. മരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപയുടെ വരെ ഇൻഷ്വറൻസ് പ്രീമിയം ലഭിക്കും.
പ്രധാൻമന്ത്രി സുരക്ഷാ ഭീമാ യോജന ഇൻഷ്വറൻസ് പദ്ധതി വഴി അപകടമരണത്തിന് രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സ്ഥിരമായ അംഗവൈകല്യമുണ്ടായാൽ രണ്ടു ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യമുണ്ടായാൽ ഒരു ലക്ഷം രൂപയും ലഭിക്കും.
വിദ്യാർഥികളെ ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നു
തിരുവനന്തപുരം: വിദ്യാർഥികളെ ഉപയോഗിച്ചുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ട്) സൃഷ്ടിച്ചു കോടികളുടെ കള്ളപ്പണം തിരിമറി നടത്തുന്നത് സംസ്ഥാനത്തു വ്യാപകമാകുന്നതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി. ഇത്തരം സാന്പത്തിക തട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറുന്നതായാണ് റിപ്പോർട്ടുകൾ. 18നും 25 വയസിനും മധ്യേയുള്ള കുട്ടികളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
കുട്ടികൾക്കു പണം നൽകി അവരുടെ ആധാറും പാനും അടക്കമുള്ള രേഖകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് ആരംഭിക്കും. എന്നാൽ, ഫോണ്‍ നന്പർ തട്ടിപ്പു നടത്തുന്നവരുടേതാകും.
ഈ അക്കൗണ്ട് വഴി കോടികളുടെ കൈമാറ്റം നടന്നു കഴിയുന്പോൾ ഇൻകംടാക്സും ഇഡിയും പോലീസും വീടുകളിൽ എത്തുന്പോഴായിരിക്കും കുട്ടികളും രക്ഷിതാക്കളും തട്ടിപ്പിന് ഇരയായ കാര്യം അറിയുന്നത്. എന്നാൽ, നിയമ നടപടി കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരിലാകും നടക്കുകയെന്നു സംസ്ഥാനത ബാങ്കേഴ്സ് സമിതി കണ്‍വീനർ കെ.എസ്. പ്രദീപ് പറഞ്ഞു.
ഇതു തടയാൻ സ്കൂളുകളിലും കോളജുകളിലും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും ബാങ്കുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.