കസ്റ്റഡിയും പോലീസ് തിരക്കഥ
Wednesday, October 30, 2024 12:54 AM IST
കണ്ണൂർ: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യക്കെതിരേയുണ്ടായ അന്വേഷണത്തിൽ തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് മെല്ലെപ്പോക്ക് നയം.
ഒടുവിൽ മുഖം രക്ഷിക്കാൻ കസ്റ്റഡിയിലെടുത്തതും പോലീസ് തയാറാക്കിയ തിരക്കഥ പ്രകാരം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ചുള്ള കത്ത് റെയിൽവേ സ്റ്റേഷനു സമീപം വാഹനത്തിൽ കാത്തിരുന്ന് ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കു നൽകിയതു പോലും പോലീസ് അറഞ്ഞില്ലെന്നു നടിക്കുകയായിരുന്നു.
ഏതു സമയവും പോലീസ് നിരീക്ഷണമുള്ള സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ നൂറു മീറ്റർ പരിധിക്കുള്ളിലും ക്രൈംബ്രാഞ്ച് ഓഫീസിനു തൊട്ടടുത്തുമുള്ള റോഡിൽവച്ചാണു ദിവ്യ, സെക്രട്ടറിക്കു പാർട്ടി നിർദേശ പ്രകാരം രാജിക്കത്ത് സമർപ്പിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതിനാലാണ് കസ്റ്റഡിയിലെടുക്കൽ വൈകിയതെന്നാണു പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള അന്വേഷണസംഘാംഗങ്ങൾ നൽകുന്ന വിശദീകരണമെങ്കിലും ഇത് വിശ്വസനീയമല്ല.
ദിവ്യയെ നേരത്തേ ചോദ്യം ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ പോലീസിന് അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരുമായിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ദിവ്യക്കെതിരേ കേസെടുത്തത്. ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാറുണ്ടെങ്കിലും ദിവ്യയുടെ കാര്യത്തിൽ പോലീസ് ആരെയോ പേടിക്കുന്ന നയമാണു സ്വീകരിച്ചത്.
തുടക്കത്തിൽ കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിക്കായിരുന്നു കേസന്വേഷണത്തിന്റെ ചുമതല. നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവിലാണു പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. ഒടുവിൽ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ കീഴടങ്ങാൻ ദിവ്യക്കു വഴിയൊരുക്കിനൽകിയതിനു പിന്നിലും നാടകീയതയുണ്ട്.
കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിണാവിലെ വീടിന്റെ പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണു പോലീസ് അവകാശപ്പെടുന്നത്. ദിവ്യയെ കസ്റ്റഡിയിലെടുക്കുന്പോൾ രണ്ടു പാർട്ടി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഒത്തുകളിയുടെ ഭാഗമായി കസ്റ്റഡിനാടകം നടത്തുകയാണെന്ന ആരോപണം ശക്തമാണ്.
ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരവും ദൃശ്യങ്ങളും പുറത്തുപോകാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാധ്യമങ്ങൾ കമ്മീഷണറോടു വിവരം തിരക്കിയപ്പോൾ ദിവ്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉടൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിക്കുമെന്നും പറഞ്ഞ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു കമ്മീഷണറും ചെയ്തത്.
കമ്മീഷണറുടെ വാക്കുകൾ വിശ്വസിച്ച് മാധ്യമപ്രവർത്തകർ ടൗൺ പോലീസ് സ്റ്റേഷനു സമീപം കാത്തിരിക്കുന്പോൾ ദിവ്യയുമായെത്തിയ പോലീസ് വാഹനം ടൗൺ സ്റ്റേഷനു മുന്‍പുള്ള കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മാധ്യമപ്രവർത്തകർ എത്തുന്നതിന് മുന്‍പ് ദിവ്യയെ ഓഫീസിനകത്തേക്കു മാറ്റുകയും ചെയ്തു.