ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
Sunday, September 8, 2024 1:42 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെത്തുടർന്ന് 250ഓളം യാത്രക്കാർ ദുരിതത്തിലായി.
ഇന്നലെ ഉച്ചയ്ക്ക് 12.25ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കു പുറപ്പെടേണ്ട വിമാനമാണ് അവസാനനിമിഷം റദ്ദാക്കിയത്.
സാങ്കേതിക തകരാർ മൂലം ഗാറ്റ്വിക്കിൽനിന്നു വിമാനം മടങ്ങിയെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടുന്നതിനായി രാവിലെ മുതൽ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഏറെസമയത്തെ കാത്തിരിപ്പിനൊടുവിലാണ് സർവീസ് റദ്ദാക്കിയതായി അറിയിപ്പു വന്നത്.
തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. പിന്നീട് ഏതാനും പേർക്ക് എയർ ഇന്ത്യ അധികൃതർ മുംബൈ വഴി യാത്രയൊരുക്കി.