കർഷകദ്രോഹ നടപടി: പി.ജെ. ജോസഫ്
Tuesday, September 22, 2020 1:00 AM IST
കോട്ടയം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷകദ്രോഹ ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടാതെ ഏകപക്ഷീയമായി പാസാക്കാൻ ശ്രമിച്ചത് കാർഷിക മേഖലയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന തികഞ്ഞ കർഷകദ്രോഹ നടപടിയാണെന്ന് പി.ജെ. ജോസഫ് എംഎൽഎ.
കർഷകരെ വഞ്ചിച്ച് കോർപറേറ്റുകളെ സഹായിക്കാനുള്ള ഗൂഢോദ്ദേശ്യമാണ് വിവാദബില്ലിനു പിന്നിലുള്ളത്. പ്രാദേശിക അടിസ്ഥാനത്തിലുള്ള മാർക്കറ്റുകളുടെ നിയന്ത്രണങ്ങൾ ഇല്ലാതാക്കി കുത്തക കന്പനികൾ വില്പനശൃംഖല കൈയേറി കർഷകർക്കു ലഭിക്കുന്ന ന്യായവില ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകാൻ പോകുന്നത്. ഇതിലൂടെ കാർഷികവിളകളുടെ താങ്ങുവില ഇല്ലാതാകും. കേരളത്തിന്റെ കാർഷികമേഖലയെയും ഇന്ത്യൻ സന്പദ്ഘടനയെയും പൂർണമായും തകർക്കുന്ന വിവാദ കാർഷികബിൽ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകപ്രക്ഷോഭം ആരംഭിക്കുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
കേന്ദ്രസർക്കാർ നടപടിക്കെതിരേ നാളെ കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുമെന്നു മോൻസ് ജോസഫ് എംഎൽഎയും ജോയി ഏബ്രഹാമും അറിയിച്ചു. ബില്ലിന്റെ ദോഷവശങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനും പി.ജെ. ജോസഫിന്റെയും സി.എഫ്. തോമസിന്റെയും നേതൃത്വത്തിൽ കാർഷിക വിദഗ്ധരെ പങ്കെടുപ്പിച്ചു വെബിനാർ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.