കൊടുവായൂർ: ഗ്രാമപഞ്ചായത്ത് കാര്യാലയ റോഡിൽ രൂപപ്പെട്ട വലിയ ഗർത്തം വാഹന കാൽനടയാത്ര ദുഷ്കരം. ടൗണിലെ പ്രധാന വാണിജ്യ കേന്ദ്രത്തിലേക്കുള്ള റോഡിലാണ് സഞ്ചാര തടസമായി കുളം പോലെ ഗർത്തത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്.
പല തവണ ഇരു ചക്രവാഹനങ്ങൾ ഗർത്തത്തിലെ വെള്ളക്കെട്ടിൽ വീണിട്ടുണ്ട്. ഈ സ്ഥലത്ത് വാഹനകുരുക്കും ഒഴിയാബാധയായി നീളുകയാണ്. യാത്രക്കാർ പരാതിപ്പെട്ടാൽ ഗർത്തത്തിൽ പാറപ്പൊടി തള്ളി മൂടുന്നുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും ഗർത്തമുണ്ടാകുകയാണ്. സർക്കാർ സ്ഥാപനങ്ങളിലേക്കും സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിലേക്കുമായി നൂറുകണക്കിനാളുകൾ എത്താറുണ്ട്. കൊടുവായൂർ - കുഴൽമന്ദം പ്രധാന പാതയെന്നതിനാൽ പത്തോളം ബസുകൾക്ക് പുറമെ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണ് സഞ്ചാര തടസമായി ഗർത്തമുള്ളത്.