വന്യജീവികളും സർക്കാരും കാലാവസ്ഥാ വ്യതിയാനവും തുലച്ച മണ്ണിൽ പകച്ചുനിൽക്കുന്ന കർഷകർക്കും മക്കൾക്കും വരുമാന സർട്ടിഫിക്കറ്റ് കൊടുക്കാൻ ഈ സർക്കാർ വച്ച നിബന്ധനകൾ, അവരോടു ‘പോയി തുലയാൻ’പറയുന്നതിനു തുല്യമാണ്.
ജനങ്ങളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തവരുടെ സങ്കേതിക നടപടിക്രമങ്ങളാണ് കേരളത്തിന്റെയും ഭരണപരാജയങ്ങളിലൊന്ന്. വരുമാന സർട്ടിഫിക്കറ്റിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനകളിൽ ചിലത് അത്തരം പരാജയമാണ്. ആളുകൾ നുണ പറഞ്ഞു വരുമാന സർട്ടിഫിക്കറ്റ് കൈക്കലാക്കുന്നത് പുതിയ നിബന്ധനകൾ തടയുമെന്നു തോന്നുമെങ്കിലും അതു പൂർണമായും ശരിയല്ല. വലിയൊരു വിഭാഗം പാവങ്ങളെ, പ്രത്യേകിച്ചു കർഷകരെ കൂടുതൽ നിരാലംബരാക്കുന്ന നിബന്ധനകളാണ് അതിലുള്ളത്. അതായത്, പറന്പിലും പത്തായത്തിലുമില്ലാത്തത് സർട്ടിഫിക്കറ്റിൽ ചേർക്കാനുള്ള നിബന്ധന.
സ്വന്തമായുള്ള ഭൂമിയുടെയും വീടിന്റെയും വിസ്തീർണം, സ്വകാര്യജോലിയാണെങ്കിലും കുടുംബാംഗങ്ങളുടെ ഓരോരുത്തരുടെയും വരുമാനം, വാഹനങ്ങളുടെ വിവരം തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണം. ഭൂമിയുടെ വിസ്തീർണമാണു വരുമാനം രേഖപ്പെടുത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അവിടെയാണ് കെണി. നാലോ അഞ്ചോ ഏക്കർ കൃഷിഭൂമിയുള്ളവർക്കും ഇനി ഉയർന്ന തുകയുടെ വരുമാന സർട്ടിഫിക്കറ്റാണു ലഭിക്കുക. റബറിനും നാണ്യവിളകൾക്കും മറ്റു കാർഷികോത്പന്നങ്ങൾക്കും സ്ഥിരതയുള്ളതും മികച്ചതുമായ വരുമാനമുണ്ടായിരുന്ന കാലം പോയത് ഉദ്യോഗസ്ഥർ അറിഞ്ഞില്ലെങ്കിലും സർക്കാർ അറിയേണ്ടതാണ്.
മലയോരമേഖലകളിലെ കൃഷിഭൂമിയെല്ലാം ആനയുൾപ്പെടെയുള്ള വന്യജീവികൾ ചവിട്ടിമെതിച്ചതും കർഷകരിൽ നിരവധിപേരെ അവ കൊന്നൊടുക്കിയതും കാർഷികവിളകൾക്കു വിലയില്ലാതായതും പ്രകൃതിക്ഷോഭത്താലും കാലാവസ്ഥാ വ്യതിയാനത്താലുമുണ്ടായ നഷ്ടങ്ങൾക്കൊന്നും പുറത്തു പറയാൻ കൊള്ളാവുന്ന പരിഹാരം കൊടുത്തിട്ടില്ലെന്നതും നെല്ല് ഉൾപ്പെടെ പലതും കർഷകരിൽനിന്നു സംഭരിച്ചശേഷം പറഞ്ഞുപറ്റിക്കുന്നതും സർക്കാർ സമ്മതിക്കണം.
അത്തരം യാഥാർഥ്യങ്ങളൊന്നും രേഖപ്പെടുത്താൻ സത്യവാങ്മൂലത്തിൽ കോളങ്ങളില്ല. ഭൂമി വിറ്റു കടബാധ്യതകൾ തീർക്കാമെന്നുവച്ചാൽ വന്യജീവിശല്യവും പരിസ്ഥിതി നിയമങ്ങളും കാരണം വാങ്ങാൻ ആളില്ല. ഇത്തരം കറുത്ത യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ് വിലകെട്ട ഭൂമിയിലെ ഗതികെട്ട കർഷകരെ സർട്ടിഫിക്കറ്റിൽ ‘ജന്മി’യാക്കുന്നത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നു ഭീഷണിയുമുണ്ട്.
സ്കോളർഷിപ്പുകൾ, എൽപിജി സബ്സിഡികൾ, റേഷൻ ആനുകൂല്യങ്ങൾ, പെൻഷൻ പദ്ധതികൾ, ജോലി നിയമനം, വിദ്യാഭ്യാസ സഹായം തുടങ്ങി വ്യത്യസ്തങ്ങളായ ക്ഷേമപദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വരുമാന സർട്ടിഫിക്കറ്റാണ്. നിലവിൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നതു സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണെന്നും മറ്റുള്ളവർക്കു നിബന്ധനകളില്ലാതെ സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്നുമുള്ള ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണു സത്യവാങ്മൂലം നിർബന്ധമാക്കിയത്.
അനർഹരെ ഒഴിവാക്കേണ്ടതുതന്നെ. പക്ഷേ, മറ്റു വിഭാഗങ്ങളിലെ ആളുകൾക്കെല്ലാം സ്ഥിരമായ വരുമാനമുണ്ടെന്ന് ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും ആരാണു പറഞ്ഞത്? ചുരുട്ടിക്കെട്ടി ലോക്കറിലോ ബിനാമികളുടെ കക്ഷത്തിലോ വയ്ക്കാനാവാത്ത ഭൂമിയാണ് കർഷകർക്ക് ആകെയുള്ളത്. ഇക്കണക്കിനു കെഎസ്ആർടിസിയും കെഎസ്ഇബിയും ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു സർക്കാർ വരുമാന സർട്ടിഫിക്കറ്റ് കൊടുത്താൽ എങ്ങനെയുണ്ടാകും? അവയുടെ പേരിൽ ഏക്കറുകണക്കിനു ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളുമുണ്ട്.
അതനുസരിച്ച് വരുമാന സർട്ടിഫിക്കറ്റ് കൊടുത്ത് ശന്പളത്തിനുൾപ്പെടെ സർക്കാർ കൊടുത്തുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിച്ചാൽ എന്താകും സ്ഥിതി? തൊട്ടടുത്ത ദിവസം മുതൽ അവ ഇല്ലാതാകും. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ പലർക്കും 10 സെന്റ് ഭൂമിയേ ഉള്ളൂ. പക്ഷേ, അവർക്കു സ്ഥിരവരുമാനമുണ്ട്. പ്രശ്നം കൃഷി മാത്രം ഉപജീവനമാർഗമാക്കിയ കർഷകരുടേതാണ്.
ഒരിക്കൽ അനുഗ്രഹമായിരുന്ന ഭൂമി രാജ്യത്തെ കർഷകർക്കു ശാപമാക്കി മാറ്റിയത് മാറിമാറി ഭരിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. കേരളത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കർഷകരുടെ വരുമാനത്തിൽ നയാപൈസ കൂടാൻ ഇടയാക്കിയ എന്തെങ്കിലുമൊരു നടപടി പറയാമോ? അതേസമയം, വിലത്തകർച്ചകൊണ്ടും വന്യജീവികളെ നിയന്ത്രിക്കാനാവാത്തതിനാലും കാർഷികോത്പന്നങ്ങളുടെ സംഭരണവില യഥാസമയം കൊടുക്കാത്തതിനാലുമൊക്കെ അവരുടെ ജീവിതം തുലച്ച നൂറു കാര്യങ്ങൾ പറയാനുണ്ട്.
ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അതേപടി നടപ്പാക്കിയാൽ ബന്ധപ്പെട്ട ജനങ്ങളുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്നു പരിശോധിക്കേണ്ടതു സർക്കാരാണ്. നിർഭാഗ്യവശാൽ പല തീരുമാനങ്ങളിലും അങ്ങനെയൊരു പരിശോധന ഉണ്ടാകുന്നില്ല. അങ്ങനെയാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം യാഥാർഥ്യമാകുന്നത്. അതല്ലേ, പോലീസിൽ ഉൾപ്പെടെ കേരളത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഇതൊരു സർട്ടിഫിക്കറ്റിന്റെ കാര്യമല്ല; കേരളത്തിലെ കർഷകരെ ഒരുവിധത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നുള്ള പീഡനമനോഭാവമാണ്. വന്യജീവികളും സർക്കാരും കാലാവസ്ഥാ വ്യതിയാനവും തുലച്ച മണ്ണിൽ പകച്ചുനിൽക്കുന്ന കർഷകർക്കും മക്കൾക്കും വരുമാന സർട്ടിഫിക്കറ്റ് കൊടുക്കാൻ ഈ സർക്കാർ വച്ച നിബന്ധനകൾ, അവരോടു ‘പോയി തുലയാൻ’പറയുന്നതിനു തുല്യമാണ്. അതിലാണ് ഒരു ജനകീയ സർക്കാർ തുല്യം ചാർത്തിയത്. ഇതു തിരുത്തേണ്ടെന്നാണോ?