ചെറുപ്പത്തിലേ പടിയടയ്ക്കരുത്
Saturday, October 11, 2025 12:00 AM IST
‘പഠിച്ചു പഠിച്ച് പിന്നോട്ട്’ എന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിലെ സ്കൂൾ കായികരംഗത്ത് നടക്കുന്നത്. സൂക്ഷ്മനിരീക്ഷണവും ശാസ്ത്രീയമായ പരിശീലനരീതികളുംവഴി ലോകരാജ്യങ്ങളെല്ലാം പുതിയ ഉയരവും വേഗവും ദൂരവും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുകുതിക്കുന്പോൾ ഇവിടെ ക്ലോക്കും കലണ്ടറുമെല്ലാം പിറകോട്ടു തിരിച്ചുവച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്നത് ‘ചെറുപ്പത്തിലേ പടിയടയ്ക്കുക’ എന്നായി.
സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലം കായികകേരളത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്. മാത്രവുമല്ല, കുട്ടികളുടെ കായികക്ഷമതയിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തേണ്ട ഡിജിറ്റൽ കാലത്ത് ഭാവിതലമുറകളുടെ കായികക്ഷമതയുടെ കടയ്ക്കലാണ് നിരുത്തരവാദപരമായ നിലപാട് വഴി കത്തിവച്ചിരിക്കുന്നത്. കളികളിലും വിനോദങ്ങളിലും ഏർപ്പെടുക എന്നതു കുട്ടികളുടെ അവകാശമാണെന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം ലോകമെങ്ങും അംഗീകരിച്ച കാര്യമാണ്. അതനുസരിച്ചുള്ള ആസൂത്രണവും പദ്ധതികളുമാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നത്. അപ്പോഴാണിവിടെ പഴയൊരു കെഇആറിന്റെ പേരിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാതെ കോപ്രായം കാട്ടുന്നത്.
സ്കൂൾ കായികമേളയുടെ സബ്ജില്ലാ തല മത്സരങ്ങൾ വിവിധ ജില്ലകളിൽ നടക്കുമ്പോൾ കായികാധ്യാപകർ നിസഹകരണ സമരത്തിലാണ്. അവരുടെ ആവശ്യങ്ങളാകട്ടെ തികച്ചും ന്യായവും. തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയവയാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ ആവശ്യങ്ങൾ. തട്ടിക്കൂട്ട് ബദൽ സംവിധാനങ്ങളിലൂടെയാണ് മത്സരങ്ങൾ നടത്തുന്നത്. ‘കാച്ച് ദെം യംഗ്, വാച്ച് ദെം ഗ്രോ’ എന്നൊരു മുദ്രാവാക്യം മൈതാനത്തിന്റെ മൂലയിൽ അന്ത്യശ്വാസം വലിച്ചുകിടക്കുന്നത് ആരും കാണുന്നില്ല.
കേരളത്തിന്റെ കായികപാരമ്പര്യം ഉജ്വലമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ദേശീയ, ഏഷ്യൻ, ലോക വേദികളിൽ തിളങ്ങിയ കായികതാരങ്ങളൊന്നുംതന്നെ വിണ്ണിൽനിന്ന് പൊട്ടിവീണവരല്ല. ഗ്രാമങ്ങളിലെ സ്കൂളുകളിൽനിന്ന് കായികാധ്യാപകർ കണ്ടെടുത്ത് ഊതിക്കാച്ചി പൊന്നിൻകുടങ്ങളാക്കിയവരാണ്. തോമസ് മാഷിനെപ്പോലുള്ള അനേകം കായികാധ്യാപകരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ആത്മാർഥതയുടെയും ഫലങ്ങളാണ്.
യുപി, ഹൈസ്കൂൾ ക്ലാസുകളിൽനിന്ന് കായികപ്രതിഭകളെ തിരിച്ചറിഞ്ഞ് വളർത്തിക്കൊണ്ടുവരണമെങ്കിൽ എല്ലാ സ്കൂളിലും കായികാധ്യാപകർ വേണം. ആർക്കും മനസിലാകുന്ന ഈ ലളിതയുക്തി സർക്കാരിനുമാത്രം ബോധ്യപ്പെടുന്നില്ല. വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും പഴയൊരു നിയമത്തിന്റെയും അനുപാതക്കണക്കുകളുടെയും വ്യാജയുക്തിയിലാണ് അഭിരമിക്കുന്നത്.
സംസ്ഥാനത്തെ എഴുപതു ശതമാനത്തോളം സ്കുളുകളിൽ കായികാധ്യാപകരില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 500 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിലാണ് കെഇആർ അനുവദിക്കുന്ന നിയമനം. കായികാധ്യാപകർ സമരം തുടങ്ങിയപ്പോൾ അത് യുപി സ്കൂളുകളിൽ 300ന് ഒന്ന് എന്നാക്കി. ഇതുവഴി ഈ വർഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്കു മാത്രമാണ് പ്രയോജനമെന്ന് സംഘടനകൾ പറയുന്നു. കണ്ണിൽ പൊടിയിടുന്ന മറ്റൊരു തന്ത്രം. അനുപാതം കുറച്ചതുവഴി അധികതസ്തിക പാടില്ലെന്ന കർശനനിർദേശവുമുണ്ട്.
സീനിയർ അണ്ടർ-19 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾ ഹയർ സെക്കൻഡറിയിൽ നിന്നുള്ളവരാണ്. എന്നാൽ ആ സ്കൂളുകളിൽ കായികാധ്യാപകരില്ല. കായികാധ്യാപകരില്ലാത്ത അവസ്ഥയിലും കുറച്ചു കുട്ടികളെങ്കിലും മികവു കാട്ടുന്നുണ്ടെങ്കിൽ അതിനു കാരണം തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കുന്ന ചില അക്കാദമികളുള്ളതാണ്.
കായികമേളകളിൽ ഇനങ്ങൾ കൂടി. മത്സരങ്ങളും. കുട്ടികളെ പരിശീലിപ്പിക്കാനോ മത്സരങ്ങൾ ശാസ്ത്രീയമായി നടത്താനോ ആളില്ല. സ്പോർട്സിന്റെ സാങ്കേതിക വശങ്ങൾ അറിയാത്തവർ നടത്തുന്ന കായികമേളകൾ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക. പുതിയ എത്രയോ ചെറുപ്പക്കാർ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങുന്നു. അവരുടെ അറിവും കഴിവും സംസ്ഥാനത്തിന് പ്രയോജനപ്പെടാതെ പോവുകയാണ്.
രണ്ടായിരാമാണ്ടിൽ ‘സന്പൂർണ കായികക്ഷമതാ പരിപാടി’ നടപ്പാക്കിയിരുന്നു. അതുവഴി രാജ്യാന്തര മാനദണ്ഡം ഉപയോഗിച്ച് കുട്ടികളുടെ കായികക്ഷമത അളന്നു. സംസ്ഥാനത്തെ ഇരുപതു ശതമാനം കുട്ടികൾക്കേ പ്രായത്തിനനുസരിച്ച കായികക്ഷമതയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ. അതവിടെ തീർന്നു. പിന്നെയാരും അതേക്കുറിച്ചു ചിന്തിച്ചില്ല. ഇങ്ങനെ തുടരുകയാണ് കായികഭരണം. മുന്പൊക്കെ കളി മൈതാനങ്ങളിലല്ലാതെ കുട്ടികൾക്ക് കായികക്ഷമതയ്ക്ക് അവസരമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ ജീവിതസാഹചര്യം. ഇന്ന് കാലം മാറി. ജീവിതരീതി മാറി. ഭക്ഷണരീതി മാറി. മനോഭാവം മാറി. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് നമ്മൾ ഉറക്കംതൂങ്ങുകയാണ്.
ഇനിയിപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയെന്നൊരു മാമാങ്കം നടത്തും. കേരള ടീമുകളെ പ്രഖ്യാപിക്കും. ആ കുട്ടികൾ ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾ പുതിയ ദൂരവും ഉയരവും വേഗവും വെട്ടിപ്പിടിക്കുന്നത് കണ്ട് അന്തംവിട്ടു തിരിച്ചുപോരും. പഴയ പാണൻമാർ അപ്പോഴും പി.ടി. ഉഷയെന്നും ഷൈനി വിത്സനെന്നുമൊക്കെ പാടിനടക്കും.
കോടികൾ മുടക്കി നമ്മൾ ഫുട്ബോൾ ജീനിയസ് മെസിയെ കേരളത്തിൽ കൊണ്ടുവരുന്നു. നല്ലതുതന്നെ. യുവത്വത്തെ ഉണർത്താൻ കിട്ടുന്ന അവസരമൊന്നും നഷ്ടപ്പെടുത്താൻ പാടില്ല. അതേസമയം, ഇവിടത്തെ കായികരംഗത്തെ സമഗ്രപുരോഗതിയെക്കുറിച്ചും മേലാളൻമാർ ഇടയ്ക്കൊന്നു ചിന്തിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. അനുപാതം നോക്കാതെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണം.
നൂറു കുട്ടികൾ പഠിക്കുന്ന വിദ്യാലയമാകട്ടെ, കായികവിദ്യാഭ്യാസം ആ കുട്ടികളുടെയും അവകാശമാണ്. കെഇആർ തടസമാണെങ്കിൽ അത് പരിഷ്കരിക്കണം. തൊട്ടതിനും പിടിച്ചതിനും വിദേശത്തേക്കു പറക്കാൻ വെമ്പുന്ന ഭരണാധികാരികൾ അവിടങ്ങളിൽ നടക്കുന്നത് കണ്ണ് തുറന്നു കാണണം. കരുത്തരായി വളർന്ന് രാജ്യത്തെ നയിക്കേണ്ട തലമുറയെയാണ് നശിപ്പിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണം.