സംഘടനകളല്ല, ഭരണഘടനയെ കോടതി വ്യാഖ്യാനിക്കട്ടെ
Monday, October 20, 2025 12:00 AM IST
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.