മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിയെ വീഴിക്കരുത്
Monday, October 6, 2025 12:00 AM IST
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്‍പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്‍പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്‍മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല്‍ 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില്‍ ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല്‍ എലപ്പുള്ളിയിൽ നെല്‍ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.