നിസ്കാരമുറിയടച്ചപ്പോൾ ശിരോവസ്ത്രം
Wednesday, October 15, 2025 12:00 AM IST
വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്.
മതേതരസമൂഹത്തെ വെറുപ്പിക്കുന്ന ഇത്തരം പ്രകടനക്കാർ ഇപ്പോഴുള്ളതു പള്ളുരുത്തിയിലെ പള്ളിക്കൂടത്തിലാണ്.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് രണ്ടു ദിവസം സ്കൂൾ അടയ്ക്കേണ്ടിവന്നു. കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്.
കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കൾ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുൾപ്പെടെ എല്ലാ സ്കൂളുകളിലെയും യൂണിഫോം മാനേജ്മെന്റുകൾ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോ.
അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ മാനേജ്മെന്റ് അനുവദിക്കാത്തതാണ് പ്രശ്നം. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവർ സ്കൂളിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്.
സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തി മാറ്റുകയും കേസെടുക്കുകയും ചെയ്തു. തുടർന്ന്, പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ മാനസിക സമ്മർദമൊഴിവാക്കാൻ സ്കൂളിനു രണ്ടു ദിവസത്തേക്ക് അവധി നൽകാൻ പ്രിൻസിപ്പൽ നിർബന്ധിതയായി.
സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി, സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ബാലൻസ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥർ നടത്തുന്ന സ്കൂളുകളിൽ നിസ്കാരമുറിയുടെയും ഹിജാബിന്റെയുമൊക്കെ മറയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധം? ഈ വിഷയത്തിൽ സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.
സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവിനും കോടതി നോട്ടീസയച്ചു. ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും. മതവർഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത്, കുട്ടികളെയെങ്കിലും വെറുതേ വിട്ടുകൂടേ? ഒന്നോ രണ്ടോ വ്യക്തികളോ മതസംഘടനയോ വിചാരിച്ചാൽ മറ്റെല്ലാവരും പേടിച്ചു പിന്മാറണമെന്ന നില, രാഷ്ട്രീയമൗനത്തിന്റെകൂടി ഫലമാണ്. മതേതരത്വമോ വർഗീയപ്രീണനമോ ഏതെങ്കിലുമൊന്ന് പാർട്ടികൾ ഒഴിവാക്കണം; ജനം തെറ്റിദ്ധരിക്കാതിരിക്കട്ടെ.
അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതൽ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലേത് ഉൾപ്പെടെ 449 മറ്റു വിദ്യാർഥികളെപ്പോലെ പെരുമാറാൻ പറ്റില്ലെന്ന വാശിയിലാണെങ്കിൽ മാതാപിതാക്കൾ വിദ്യാർഥിനിയെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്കൂളിലേക്കു മാറ്റേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്ണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്. ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്.
തങ്ങളുടെ സ്കൂളിന്റെ നിയമങ്ങൾ പാലിച്ച്, സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്ലിം ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലർക്കു മാത്രം അസാധ്യമാകുന്നത്? വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളിൽ തീവ്ര മതവികാരം കുത്തിനിറയ്ക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. വിദ്യാർഥികളെയെങ്കിലും രക്ഷിക്കണം.
തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഭരണഘടനാവകാശം നിഷേധിക്കുകയാണെന്ന ഇരക്കരച്ചിലുമായി സംഘടനാ പ്രതിനിധികൾ ചാനലുകളിൽ പ്രകടനം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ, വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോടു കൂട്ടിക്കെട്ടുന്നവരുമുണ്ട്. ഇവരൊക്കെ വളർന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണ്. വിവിധ മതങ്ങളിലെ പുരോഹിത-സന്യാസ വേഷങ്ങളെ പിടിച്ചും ഹിജാബിനെ ന്യായീകരിക്കാൻ ശ്രമമുണ്ട്. സന്യസ്ഥരുടെ അനിവാര്യ സ്ഥാനചിഹ്നങ്ങളെ രാജ്യത്തെ വിദ്യാർഥികളെല്ലാം അനുകരിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതിയെന്നുകൂടി അവർ പറയട്ടെ.
മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറി ചോദിച്ചവരെ നിലയ്ക്കു നിർത്താൻ മുസ്ലിം സമുദായത്തിലെതന്നെ വിവേകികൾ മുന്നിലുണ്ടായിരുന്നു. കുട്ടികളെ മുന്നിൽ നിർത്തി ഹിജാബിന്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവർ തിരുത്തണം. അല്ലെങ്കിൽ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരും.