കുറ്റവാളി രക്ഷപ്പെട്ടാലും ജനാധിപത്യം ശിക്ഷിക്കപ്പെടരുത്
Thursday, October 16, 2025 12:00 AM IST
കുറ്റക്കാരായ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുന്നതിനുള്ള ബിൽ പാസായാലും
പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള മന്ത്രിമാരോ കേസിൽ പെടുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. പരസ്യത്തിലുള്ളതാകില്ല ലക്ഷ്യത്തിലുള്ളത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു.
ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം.
മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും.
ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്!
അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബിൽ.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു-കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമുണ്ടായിരുന്നു.
ഇവ ചർച്ച ചെയ്യാൻ, സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്‍പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിച്ചിരിക്കുകയാണ്. ഭരണകക്ഷിക്കൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി കേന്ദ്രം ജെപിസി രൂപീകരിച്ചേക്കും.
കുറ്റകൃത്യ-അഴിമതി വിരുദ്ധമെന്നു ബിജെപി പരസ്യം കൊടുത്തിരിക്കുന്ന ബില്ലിന്റെ കാണാച്ചരടുകൾ ശത്രുസംഹാരക്രിയയിലൂടെ ജനാധിപത്യ ധ്വംസനത്തിനുള്ളതായിരിക്കുമെന്നു ഭയപ്പെടാൻ കാര്യമുണ്ട്.
നിലവിലെ നിയമമനുസരിച്ച്, പാർലമെന്റ് അംഗവും നിയമസഭാംഗവും രണ്ടു വർഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ മാത്രമേ അയോഗ്യരാകുകയുള്ളൂ. എന്നാൽ, പുതിയ ഭേദഗതികളനുസരിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രജിസ്റ്റർ ചെയ്യുന്ന കേസിൽ അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ അയോഗ്യരാകും. ഇവിടെ പ്രധാന ചോദ്യം, ആരാണ് കുറ്റവാളിയെ തീരുമാനിക്കുന്നത് എന്നതാണ്.
വിശ്വാസ്യത നഷ്ടപ്പെട്ട് കോടതികളിൽ പോലും തലകുനിച്ചു നിൽക്കുന്ന അന്വേഷണ ഏജൻസികൾ! ഈ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അഞ്ചു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റം ചുമത്തി പ്രതിപക്ഷത്തെ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതും ജാമ്യം കിട്ടാത്ത വാദങ്ങൾ നിരത്തി 30 ദിവസം അകത്തിടാൻ കോടതിയിൽനിന്ന് അനുമതി വാങ്ങുന്നതും നിസാരമാണെന്ന് ആർക്കാണറിയാത്തത്? ഈ നിയമം വന്നാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതോദ്യോഗസ്ഥർ കേന്ദ്രത്തിനെതിരേ എന്തെങ്കിലും തീരുമാനമെടുക്കുമോ?.
130-ാം ഭരണഘടനാ ഭേദഗതിയുടെ ആപത്സാധ്യതകളെ, അന്വേഷണ ഏജൻസികളുടെ ബിജെപി ഭരണത്തിലെ നടപടികളുമായി ചേർത്തല്ലാതെ വിശകലനം ചെയ്യാനാകില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, ഇഡി കേസുകളുമായി ബന്ധപ്പെട്ട് എ.എ. റഹീം എംപിയുടെ ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞതനുസസരിച്ച്, 10 വർഷത്തിനിടെ ഇഡി 193 കേസുകളെടുത്തു.
തെളിയിക്കാനായത് രണ്ടു ശതമാനം. 2014 മുതൽ 2022 വരെ എട്ടു വർഷത്തിനിടെ 121 രാഷ്ട്രീയ നേതാക്കൾക്കെതിരേ കേസെടുത്തു. 95 ശതമാനവും പ്രതിപക്ഷ നേതാക്കൾ. അതിലേറെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസുകാർ.
അതേസമയം, യുപിഎ സർക്കാരിന്റെ 2004 മുതലുള്ള 10 വർഷത്തിനിടെ 26 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി കേസെടുത്തത്. ഇതിൽ ഏകദേശം പകുതി, അതായത് 14 പേർ മാത്രമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളത്. അഴിമതിക്കേസുകളില്‍ പ്രതികളായവര്‍ ബിജെപിയില്‍ ചേര്‍ന്നാൽ പിന്നെ കേസ് വേറെ വഴിക്കാകും.
ഇഡി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയാണെന്നു സുപ്രീംകോടതി വിമർശിച്ചതു രണ്ടു ദിവസം മുന്‍പാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷന് (ടാസ്മാക്) എതിരായ ഇഡി അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീട്ടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്.
മൂന്നുമാസം മുന്‍പ്, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്തിനാണെന്നും തങ്ങളേക്കൊണ്ട് കൂടുതൽ പറയിച്ചാൽ ഇഡിക്കെതിരേ കഠിനമായ പരാമർശങ്ങൾ നടത്താൻ നിർബന്ധിതരാകുമെന്നുമാണ് ചീഫ് ജസ്റ്റീസ് തന്നെ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഭൂമിയിടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഇഡി അപ്പീൽ നൽകിയതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്.
പലതും ചേർത്തുവായിക്കേണ്ടതാണ്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിലെ സർക്കാർ അപ്രമാദിത്വം, തുടർന്നുണ്ടായ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ എന്നിവയ്ക്കൊപ്പം ഈ ഭേദഗതി നിയമത്തിന്റെ ദുരുപയോഗവുമുണ്ടായാൽ പ്രതിപക്ഷമുക്ത സ്വസ്ഥഭരണത്തിന്റെ കുറുക്കുവഴിയാണ് തെളിയുന്നത്. ആ വഴി ജനാധിപത്യത്തിന്റേതല്ല.
ഭരണഘടനാ ഭേദഗതിയായതിനാൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ ബിൽ പാസാകില്ലെന്നു പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും അറിയാമെന്നതു മറക്കരുത്. സർക്കാരിനു സമയമുണ്ട്.
പ്രതിപക്ഷത്തെ കൊടികെട്ടിയ അഴിമതിക്കാരെയോർത്താൽ ഈ നിയമം അനിവാര്യം തന്നെയാണ്. പക്ഷേ, ‘ഇവരെ സൂക്ഷിക്കുക’ എന്ന പോസ്റ്ററൊട്ടിക്കുന്നത് ഏകാധിപത്യമാണെങ്കിൽ പോസ്റ്ററിലേക്ക് മാത്രമല്ല നോക്കേണ്ടത്. മമത ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചതുപോലെ “ഇഡി, സിബിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടാത്ത അധികാരികൾക്ക്, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ അവസരം കൊടുക്കരുത്.”