പരിഹാസ്യമായ അന്വേഷണപ്രഹസനം
Thursday, September 5, 2024 12:00 AM IST
അദൃശ്യമായ ഒരു ഭയം സിപിഎമ്മിനെയും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളെയും ബാധിച്ചിരിക്കുന്നുവെന്നതാണു യാഥാർഥ്യം. രാജാവ് നഗ്നനാണെന്നു ബോധ്യമുണ്ടെങ്കിൽ അതു വിളിച്ചുപറയാൻ ഭയപ്പെടുന്നവർക്കു ചേർന്നതല്ല ജനസേവനം. ജനനേതാക്കളെന്നല്ല, നിങ്ങളെ കൊട്ടാരം സേവകരെന്ന് പൊതുജനം വിലയിരുത്തുമെന്നു മറക്കരുത്.
കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ല. ഇവിടെ രാജവാഴ്ചയുമല്ല. ജനാധിപത്യവും നിയമവാഴ്ചയുമുണ്ടെന്നു വിശ്വസിക്കുന്നതും മൂന്നര കോടിയിലധികം ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നതുമായ ഒരു സംസ്ഥാനമാണ്. അതിനാൽത്തന്നെ ഭരണാധികാരികൾ തന്നിഷ്ടക്കാരും കുറ്റവാളികളെ സംരക്ഷിക്കുന്നവരുമാകരുത്. പാർട്ടിയിൽ കൈവന്ന അപ്രമാദിത്വത്തിനും മന്ത്രിസഭയ്ക്കുമേലുള്ള സർവാധിപത്യത്തിനും നിയമസഭയിലെ ഭൂരിപക്ഷം പിൻബലമായേക്കാം.
എന്നാൽ, ഭരണപക്ഷത്തുനിന്നുതന്നെ ഉയരുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും ജനങ്ങളുടെ ഉള്ളിൽ തീ കോരിയിട്ട ആശങ്കകളായി പരിണമിച്ചിട്ടും അതെല്ലാം അങ്ങേയറ്റം നിസാരമായി കണക്കാക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഈ നാടിനുതന്നെ ആപത്താണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം തീർത്തും പ്രഹസനമാണെന്നു മാത്രമല്ല, കുറ്റാരോപിതരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു തെളിയുകയും ചെയ്യുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരും കൂട്ടുനിന്നവരുമെന്ന് ഭരണപക്ഷ എംഎൽഎ അക്കമിട്ടു നിരത്തിയവർ തൽസ്ഥാനങ്ങളിലിരിക്കുന്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഗതിയെന്താകുമെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം നല്ല നിശ്ചയമുണ്ട്. ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നിയിട്ടുണ്ടെങ്കിൽ അവരെ മാറ്റിനിർത്തി സുതാര്യവും വിശ്വാസയോഗ്യവുമായ അന്വേഷണം നടത്തണം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ, മുൻ പത്തനംതിട്ട എസ്പി എസ്. സുജിത്ദാസ് എന്നിവരെ ചുമതലയിൽനിന്നു മാറ്റിനിർത്തി ജുഡീഷൽ അന്വേഷണമാണു നടത്തേണ്ടത്. സിപിഎമ്മിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും ജീർണതയുടെ ആഴം തുറന്നുകാട്ടുന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് കുറേദിവസങ്ങളായി ജനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സിനിമാമേഖലയിലും പോലീസ് സേനയിലും കേവലം പുഴുക്കുത്തുകളല്ല, പുഴുപ്പുറ്റുകൾതന്നെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
രാഷ്ട്രീയ ആരോപണങ്ങളെന്നു നിസാരവത്കരിച്ചു തള്ളാവുന്നവയാണോ ഭരണപക്ഷ എംഎൽഎ മാധ്യമങ്ങൾക്കു മുന്നിൽ ശബ്ദരേഖകളുടെ പിൻബലത്തിൽ ഉന്നയിച്ച പരാതികൾ. എഡിജിപി അജിത്കുമാർ കൊടിയ ക്രിമിനലാണെന്നാണ് എംഎൽഎ ആരോപിച്ചത്. ദാവൂദ് ഇബ്രാഹിമാണോ റോൾമോഡലെന്നു സംശയം തോന്നുമത്രെ. സൈബർ സെല്ലിനെ ഉപയോഗിച്ച് എഡിജിപി മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം വരെ ചെയ്യിച്ചിരിക്കുന്നു. ഇത്തരം ഗുരുതരമായ ആരോപണങ്ങൾ സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ ഉയരുന്നത് ആദ്യമായാണ്. ഇതിനെല്ലാം പൊളിറ്റിക്കൽ സെക്രട്ടറി ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ഞെട്ടലുളവാക്കുന്നതാണ്.
മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും കൂടുതൽ തെളിവുകൾ സഹിതം പരാതി രേഖാമൂലം നൽകിയെന്നാണ് എംഎൽഎ അവകാശപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യസർക്കാരിന്റെ ഏറ്റവും പ്രാഥമികമായ കടമയാണ് സംശുദ്ധമായ നീതിന്യായ സംവിധാനം ഉറപ്പാക്കുകയെന്നത്. പോലീസ് മേധാവിക്കു തൊട്ടുതാഴെയായി സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ് സേനയെ സജ്ജമാക്കുന്നതും നിയന്ത്രിക്കുന്നതും ആരോപണവിധേയനായ എഡിജിപിയാണ്. ഇത്തരത്തിൽ ആഭ്യന്തരവകുപ്പിലെ സുപ്രധാന തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥനെതിരേ ഭരണപക്ഷത്തുള്ള എംഎൽഎ എന്തിന്റെ പേരിലായാലും വ്യാജ ആരോപണം ഉന്നയിക്കുമെന്നു വിശ്വസിക്കാനാവില്ല.
അവിഹിതമായ എന്തെങ്കിലും നേട്ടത്തിനാണ് എംഎൽഎ നിരന്തരമായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിനെതിരേ കേസെടുത്ത് ജയിലിലടയ്ക്കണം. സത്യവിരുദ്ധമായ കാര്യങ്ങളാണ് എംഎൽഎ പറയുന്നതെങ്കിൽ അദ്ദേഹത്തെ പരസ്യമായി ശാസിക്കാനും തള്ളിപ്പറയാനും സിപിഎമ്മും മുഖ്യമന്ത്രിയും മടിക്കുന്നതെന്തുകൊണ്ടാണ്? ഇവിടെയാണ് എന്തെല്ലാമോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങൾക്കു വിശ്വസിക്കേണ്ടിവരുന്നത്.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അസോസിയേഷൻ സംസ്ഥാനസമ്മേളന വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒട്ടുംതന്നെ ആത്മാർഥതയില്ലാതെയാണെന്ന് മണിക്കൂറുകൾക്കകംതന്നെ ബോധ്യമായി. പോലീസ് മേധാവിയുടെ നേതൃത്വത്തിലാണെങ്കിലും എഡിജിപിയുടെ കീഴുദ്യോഗസ്ഥർക്ക് എന്ത് അന്വേഷണമാണ് നടത്താനാകുക? കുറ്റാരോപിതരെ മുഖ്യമന്ത്രി കൈവിടില്ലെന്ന വ്യക്തമായ സന്ദേശം നൽകിക്കൊണ്ടു നടത്തുന്ന അന്വേഷണം ആരുടെ കണ്ണിൽ പൊടിയിടാനാണ്? എംഎൽഎമാരടക്കമുള്ള പല സിപിഎം നേതാക്കളും ഇപ്പോഴുയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ അസ്വസ്ഥരാണ്.
സംസ്ഥാന സെക്രട്ടറിയടക്കം ആരും കുറ്റാരോപിതരെ സംരക്ഷിച്ചു രംഗത്തു വന്നിട്ടില്ല. പലരും എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ശക്തമായ അന്വേഷണം വേണമെന്ന നിലപാടുകാരുമാണ്. എന്നാൽ, ഇക്കാര്യം തുറന്നുപറയാൻ എല്ലാവരും മടിക്കുന്നു. അദൃശ്യമായ ഒരു ഭയം സിപിഎമ്മിലെയും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളെയും ബാധിച്ചിരിക്കുന്നുവെന്നതാണു യാഥാർഥ്യം.രാജാവ് നഗ്നനാണെന്നു ബോധ്യമുണ്ടെങ്കിൽ അതു വിളിച്ചുപറയാൻ ഭയപ്പെടുന്നവർക്കു ചേർന്നതല്ല ജനസേവനം. ജനനേതാക്കളെന്നല്ല, നിങ്ങളെ കൊട്ടാരം സേവകരെന്ന് പൊതുജനം വിലയിരുത്തുമെന്നു മറക്കരുത്.