മുല്ലപ്പെരിയാർ ഇട്ടുതല്ലരുത്
Wednesday, September 4, 2024 12:00 AM IST
പരിശോധന നടത്തിയ സമിതികളെല്ലാംതന്നെ നിലവിൽ ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് നൽകിയിട്ടുള്ളതാണ് ചരിത്രം. ഈ സമിതിയും അങ്ങനെയൊരു റിപ്പോർട്ടാണു നൽകുന്നതെങ്കിൽ പിന്നെ കേരളം എന്തു ചെയ്യുമെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
പ്രളയവും ഉരുൾപൊട്ടലും പോലെയുള്ള ദുരന്തങ്ങൾ കേരളത്തിന്റെ ഏതെങ്കിലും കോണിൽ ഉണ്ടാകുന്പോൾ എല്ലാ കണ്ണുകളും ആദ്യം തിരിയുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിനു നേർക്കാണ്. ആശങ്കയുടെ അധികഭാരവുമായി ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ ചർച്ചകളിൽ മുല്ലപ്പെരിയാർ ഡാം നിറഞ്ഞുനിൽക്കുന്നു.
കേരളത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ച് മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്ര സമിതി സുരക്ഷാപരിശോധന നടത്താൻ കേന്ദ്ര ജലകമ്മീഷൻ ഉത്തരവിട്ടിരിക്കുന്നുവെന്നതാണ് ഒടുവിലത്തെ വാർത്ത. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തോറ്റ ചരിത്രം മാത്രം കേട്ടുശീലിച്ച മലയാളിക്ക് ഇതു പുതിയൊരു വാർത്തതന്നെയാണ്.
വലിയ നേട്ടമായി ഇത് അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇത് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന ചോദ്യം ബാക്കിയാകുന്നു. കാരണം, ഈ സ്വതന്ത്രസമിതിയെ കണ്ടെത്താനും പരിഗണനാവിഷയങ്ങൾ തീരുമാനിക്കാനുമുള്ള അവകാശം തമിഴ്നാടിനാണ്.
ഡാം സുരക്ഷാ അഥോറിറ്റി, മേൽനോട്ട സമിതി എന്നിവയുടെ നിരീക്ഷണം ഇതിനുമേൽ ഉണ്ടാകുമെന്നതാണ് കേരളത്തിന് ആശ്വാസം പകരുന്ന ഒരേയൊരു ഘടകം. എന്തായാലും, ഈ സമിതിയിലേക്കു നിയോഗിക്കപ്പെടുന്ന കേരള പ്രതിനിധികൾ കേരളത്തിന്റെ വാദമുഖങ്ങൾക്ക് അംഗീകാരം നേടിയെടുക്കാൻ കഠിന പ്രയത്നം ചെയ്യേണ്ടിവരും.
സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ചവയിൽ ലോകത്തിൽ ശേഷിക്കുന്ന ഏക അണക്കെട്ടാണ് മുല്ലപ്പെരിയാർ. 1886ൽ ആദ്യകരാർ ഒപ്പുവച്ചപ്പോൾ മുതൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കേരളനാടിനു നോട്ടപ്പിശകുകളുടെയും പിടിപ്പുകേടിന്റെയും തിരിച്ചടികളുടെയും ചരിത്രം മാത്രമാണു പറയാനുള്ളത്.
ബ്രിട്ടീഷുകാരുടെ കാലത്ത് അണക്കെട്ട് നിർമിക്കാനായി തിരുവിതാംകൂറും മദിരാശിയും തമ്മിൽ ഒപ്പുവച്ച ‘പെരിയാർ പാട്ടക്കരാർ’ കാലത്തു തുടങ്ങിയതാണ് നമ്മുടെ ദീർഘവീക്ഷണമില്ലായ്മയും പിടിപ്പുകേടുമെന്നു പറയാം. 999 വർഷത്തേക്കാണ് അന്നു പാട്ടക്കരാർ ഒപ്പുവച്ചത്. 50 വർഷം ആയുസ് കണക്കാക്കിയ ഒരു ഡാമിനുള്ള കരാർ!
1961ലെ വെള്ളപ്പൊക്കത്തോടെയാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ ഉയർന്നുവന്നത്. ആദ്യത്തെ ഇഎംഎസ് സർക്കാർ അധികാരത്തിൽ വരുന്ന കാലത്തുതന്നെ ഡാം അതിന്റെ 50 വർഷമെന്ന കാലാവധി പൂർത്തിയാക്കിയിരുന്നു. തമിഴ്നാടും കേരളവും തമ്മിൽ ഈ വിഷയത്തിൽ എഴുത്തുകുത്തുകളും ചർച്ചകളും നടന്നു.
ഒടുവിൽ 1970ൽ ജനങ്ങൾ കേട്ടത്, അന്നത്തെ അച്യുതമേനോൻ സർക്കാർ മുല്ലപ്പെരിയാർ പാട്ടക്കരാർ വീണ്ടും 999 വർഷത്തേക്കു പുതുക്കി നൽകി എന്നായിരുന്നു. തീർന്നില്ല; പഴയ നിബന്ധനകൾ നിലനിർത്തിയതിനൊപ്പം വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പുതിയ അനുവാദംകൂടി താലത്തിൽ വച്ചു നൽകി.
കേരളത്തിനു ഗുണകരമായ രീതിയിൽ കരാർ പുതുക്കിയെഴുതാനുള്ള സുവർണാവസരമാണ് സർക്കാർ കളഞ്ഞുകുളിച്ചത്. തുടർന്നിങ്ങോട്ടു ചരിത്രം മുഴുവൻ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനു തിരിച്ചടികൾ നേരിട്ട കഥകളാണ്. ഇപ്പോൾ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 18-ാം യോഗത്തിലാണ് സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
12 മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണം. 2011ലാണ് ഇതിനു മുന്പ് സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി അണക്കെട്ടിൽ വിദഗ്ധ പരിശോധന നടത്തിയത്. ഡാം റിഹാബിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടും അതിന്റെ ഭാഗമായുള്ള പരിശോധനകളും നിലവിൽ നടക്കുന്നതിനാൽ 2026ൽ മാത്രമേ സ്വതന്ത്ര പരിശോധന ഇനി ആവശ്യമുള്ളൂ എന്ന തമിഴ്നാടിന്റെ നിലപാട് തള്ളിയാണ് ഇപ്പോഴത്തെ തീരുമാനം.
ഇങ്ങനെയൊരു കാര്യം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ഇതിൽ മറഞ്ഞിരിക്കുന്ന മറ്റൊരു കെണിയുണ്ട്. പരിശോധന നടത്തിയ സമിതികളെല്ലാംതന്നെ നിലവിൽ ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് നൽകിയിട്ടുള്ളതാണ് ചരിത്രം. ഈ സമിതിയും അങ്ങനെയൊരു റിപ്പോർട്ടാണു നൽകുന്നതെങ്കിൽ പിന്നെ കേരളം എന്തു ചെയ്യുമെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
സുരക്ഷാപ്രശ്നം എന്നതുപോലെ ഇരു സംസ്ഥാനങ്ങളിലെയും ജനതയ്ക്കു വൈകാരികവും രാഷ്ട്രീയവുമായ വിഷയംകൂടിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഈ അണക്കെട്ടിലെ വെള്ളം ഇല്ലെങ്കിൽ തമിഴ്നാടിന്റെ അഞ്ചു ജില്ലകൾ മരുഭൂമിസമാനമായി മാറുമെന്നതു വസ്തുതയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ട് ‘പുതിയ ഡാം പുതിയ കരാർ’ എന്ന മുദ്രാവാക്യം ഉപേക്ഷിച്ച് ‘തമിഴ്നാടിനു വെള്ളം കേരളത്തിനു സുരക്ഷ’ എന്ന പുതിയ മുദ്രാവാക്യം കേരളം മുന്നോട്ടു വച്ചത്.
ഇതു സാധ്യമാക്കിയെടുക്കാൻ നിയമപോരാട്ടങ്ങളേക്കാൾ ഫലപ്രദം നയപരമായ ഇടപെടലുകളാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഡാം എന്ന ആശയംപോലും അതിന്റെ പ്രായോഗികത പരിഗണിക്കാതെയുള്ളതാണെന്ന് വിമർശനമുണ്ട്. നിലവിലെ ഡാമിന് 1,300 അടി താഴേയക്കിറങ്ങിയാണ് പുതിയ ഡാമിനു സ്ഥലം കണ്ടെത്തിയത്.
പുതിയ ഡാമിൽനിന്നു തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകണമെങ്കിൽ ഇപ്പോഴുള്ള ഡാമിൽ ഉള്ളതിന്റെ മൂന്നിരട്ടി വെള്ളം അവിടെ സംഭരിക്കേണ്ടിവരുമത്രേ. നിലവിലെ മുല്ലപ്പെരിയാർ ഡാമിൽ 142 അടിവരെ വെള്ളമുയർത്താൻ ഇപ്പോൾ തമിഴ്നാടിന് അനുമതിയുണ്ട്. 104 അടി വരെ താഴ്ന്നാലും തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകാം.
അതിനാൽ തമിഴ്നാട്ടിൽ ഇപ്പോഴുള്ള വൈഗ ഡാം, പതിനെട്ടാം കനാൽ തുടങ്ങിയവയുടെ മാതൃകയിൽ കൂടുതൽ ജലസംഭരണകേന്ദ്രങ്ങൾ നിർമിക്കാൻ തമിഴ്നാടിനെ പ്രേരിപ്പിക്കുകയും അവിടേക്കു വെള്ളമെടുത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 104 അടിയിൽ നിർത്താൻ സംവിധാനമുണ്ടാക്കുകയും ചെയ്താൽ വലിയ ഭീഷണി ഒഴിവാക്കാമെന്നതാണ് വിഷയത്തിന്റെ പ്രായോഗികത പരിശോധിക്കുന്ന പലരും ചൂണ്ടിക്കാട്ടുന്നത്.
അല്ലാതെ, സാങ്കേതികമായും നിയമപരമായും നിലനിൽക്കാത്ത അപ്രായോഗിക ആവശ്യങ്ങൾ ഉയർത്തി സമയവും പണവും നഷ്ടമാക്കുന്നതിനേക്കാൾ പ്രായോഗിക സമീപനങ്ങൾ സ്വീകരിച്ചു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ ഊന്നൽ കൊടുക്കേണ്ടത്.