1972ലെ വന്യജീവി സംരക്ഷണ നിയമവും 1960ലെ മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയൽ നിയമവും പാവപ്പെട്ട മനുഷ്യരോടുള്ള യുദ്ധപ്രഖ്യാപനമായി മാറി. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളോട് ഒരൊറ്റ ചോദ്യമേയുള്ളൂ - നിങ്ങൾ ആരുടെ പക്ഷത്താണ്? മൃഗങ്ങളുടെയോ മനുഷ്യരുടെയോ?
പട്ടിക്കൂട്ടം ആക്രമിച്ച 10 വയസുകാരൻ ജയിനിന്റെ കീറിമുറിഞ്ഞ ദേഹം അധികാരികളുടെയത്ര കഠിനഹൃദയമുള്ളവർക്കല്ലാതെ കണ്ടുനിൽക്കാനാവില്ല. കണ്ണൂർ ശ്രീകണ്ഠപുരം മടന്പത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആ കുഞ്ഞിന്റെ അരയ്ക്കു താഴെ പലയിടത്തും മാംസമില്ല. രാവിലെ സ്കൂളിലേക്കു പോകുന്നതിനിടെ അവനെ ആക്രമിച്ചത് കൂട്ടമായെത്തിയ ആറു തെരുവുനായ്ക്കളാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയില്ലായിരുന്നെങ്കിൽ അവനും നിഹാലിന്റെ വിധിയാകുമായിരുന്നു.
മറന്നോ നിഹാലിനെ? കണ്ണൂർ മുഴുപ്പിലങ്ങാട്ടെ സംസാരശേഷിയില്ലാത്ത നിഹാൽ നിഷാദ് എന്ന പതിനൊന്നു വയസുകാരനെ നായ്ക്കൾ കടിച്ചുകീറി കൊന്നത് ഒരു വർഷം മുന്പാണ്. ജയിനിന്റെ സ്കൂളിലെതന്നെ വിദ്യാർഥിനിയായ ഫാത്തിമത്തുൽ നസ്വയും നായ്ക്കളുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റ് ചികിത്സയിലാണ്. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഒന്നേകാൽ ലക്ഷം ആളുകളെയാണ് നായ്ക്കൾ കടിച്ചുകുടഞ്ഞത്. പക്ഷേ, കണ്ടില്ലേ ഒരു സർക്കാർ എത്ര അല്ലലില്ലാതെയാണ് നിലനിൽക്കുന്നത്? 140 എംഎൽഎമാർ, 20 എംപിമാർ... സുഖം, സ്വസ്ഥം..!
തദ്ദേശവകുപ്പിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ച് ജനുവരി മുതൽ മേയ് 31 വരെ മാത്രം 1.26 ലക്ഷം ആളുകളെ നായ്ക്കൾ ആക്രമിച്ചു. 2017ൽ 1.35 ലക്ഷം പേർക്കാണ് കടിയേറ്റത്. വർഷംതോറും വർധിച്ച് കഴിഞ്ഞ വർഷമായപ്പോഴേക്കും അത് 3.06 ലക്ഷമായി. അപ്പോൾ പിന്നെ തദ്ദേശസ്ഥാപനങ്ങൾ വഴി എന്തൊക്കെയോ ചെയ്തുവെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ള! പേപ്പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടി.
ഈ വർഷം ജനുവരി മുതൽ ജൂൺ 26 വരെ 16 പേർക്കാണ് അത്യന്തം ദാരുണമായ അന്ത്യമുണ്ടായത്. അതായത്, മാസം മൂന്നുപേരെങ്കിലും പേപ്പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താൻ ഭരണകൂടവും ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരുമൊക്കെ പരക്കം പായുകയാണ്. പേവിഷത്തിന്റെ ഉറവിടം കണ്ടെത്താഞ്ഞിട്ടാണോ മാസം തോറും മൂന്നുപേർ കൊല്ലപ്പെടുന്നത്? വന്യജീവി ആക്രമണത്തിന്റെ കാര്യത്തിലെന്നപോലെ എത്രകാലം നിയമതടസങ്ങൾക്കു മുകളിൽ ഈ സർക്കാർ അടയിരിക്കും? തെരുവുനായ്ക്കൾ, കാട്ടാന, പോത്ത്, പന്നി, പുലി, കരടി, വിഷപ്പാന്പുകൾ... സർക്കാരുമില്ല, പ്രതിപക്ഷവുമില്ലാത്ത സ്ഥിതി. ഡൽഹി സൻസദ് മാർഗിലെ പാർലമെന്റ് ഹൗസിലേക്ക് പെട്ടിയും തൂക്കി വിമാനം കയറുന്ന 20 എംപിമാർ കേരളത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ ഈ നിമിഷംവരെ ഗൗരവത്തിലെടുത്തില്ല.
നിങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നല്ല, ഒരു ചുക്കും നടക്കുന്നില്ലെന്നേ പറയുന്നുള്ളൂ. കഴിഞ്ഞ വർഷം വന്യജീവി ആക്രമണത്തിൽ 96 പേർ കൊല്ലപ്പെട്ടെന്ന് ലോക്സഭയിൽ വനം-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞദിവസം വെളിപ്പെടുത്തി. അതു കേവലമൊരു അക്കമല്ല, അത്രയും വീടുകളിലെത്തിച്ച മൃതദേഹങ്ങളുടെ എണ്ണമാണെന്നു തിരിച്ചറിയാൻ ആർക്കുമായിട്ടില്ല. കാരണം, ആ പാവപ്പെട്ടവരാരും എംപിമാരും എംഎൽഎമാരുമല്ല, തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഓട്ടക്കാലണയുടെ വിലപോലുമില്ലാത്ത വോട്ടർമാർ മാത്രം.
ഇതേക്കുറിച്ചൊന്നും ബജറ്റിലും ഒരക്ഷരമില്ല. ലക്ഷങ്ങളുടെയും കോടികളുടെയും കാറുകളിൽ അകന്പടിക്കാർക്കൊപ്പം വിലസുന്ന അധികാരികൾക്കൊന്നും പട്ടികടി ഏൽക്കാറുമില്ല. കോടാനുകോടി രൂപയുടെ വിറ്റുവരവുള്ള വാക്സിൻ നിർമാതാക്കളുടെ ആർപ്പുവിളിയോളം വരില്ലല്ലോ പാവപ്പെട്ടവരുടെ നിലവിളി. മനുഷ്യർക്കു പട്ടിയുടെ വിലപോലും കൊടുക്കാത്ത മൃഗാവകാശപ്രവർത്തകരുടെ പ്രഹസനങ്ങൾക്ക് അന്ത്യം കുറിക്കണമെങ്കിൽ മനുഷ്യവിരുദ്ധവും ലോകത്തിനു മുന്നിൽ ഇന്ത്യയെ അപഹാസ്യമാക്കുന്നതുമായ രണ്ടു നിയമങ്ങളും ഒരു ചട്ടവും തിരുത്തപ്പെടണം.
1972ലെ വന്യജീവി സംരക്ഷണനിയമം, 1960ലെ മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയൽ നിയമം, അനിമൽ ബർത് കൺട്രോൾ-എ.ബി.സി (ഡോഗ്സ് 2001) ചട്ടങ്ങൾ ഇന്നിപ്പോൾ പാവപ്പെട്ട മനുഷ്യരോടുള്ള യുദ്ധപ്രഖ്യാപനമായി മാറി. ഇവ നിയമങ്ങളല്ല, പാവങ്ങൾക്കുള്ള മരണവാറണ്ടാണ്. ഇതുകൊണ്ട് കോടതിയിലേക്കു പോയിട്ടും കാര്യമില്ല. വാക്സിനേഷൻകൊണ്ടു മാത്രം തെരുവുനായശല്യം കുറയ്ക്കാനാവില്ലെന്നും നിയമഭേദഗതിക്കുള്ള നിർദേശങ്ങൾ കേന്ദ്രത്തിനു നൽകണമെന്നും 2023 മാർച്ചിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോടു നിർദേശിച്ചതാണ്.
അന്നു തദ്ദേശ സ്വയംഭരണവകുപ്പു പറഞ്ഞത്, തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നാണ്. അതു പച്ചനുണയായിരുന്നെന്ന് പുതിയ കണക്കുകൾ തെളിയിച്ചിരിക്കുന്നു. ചന്തകൾ, ആശുപത്രി പരിസരങ്ങൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ... എല്ലായിടത്തും തെരുവുനായ്ക്കളാണ്. പരിസരമലിനീകരണംകൊണ്ട് മൂക്കുപൊത്തുന്ന വിദേശികളെ നായ്ക്കൾകൂടി ഓടിച്ചാൽ വിനോദസഞ്ചാരമേഖലയും നശിക്കും.
കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുകയും കപട മൃഗസ്നേഹികളെ നിലയ്ക്കു നിർത്തുകയും വേണം. വർഷംതോറും നായ്ക്കളുടെ ആക്രമണത്തിനിരയാകുന്ന മൂന്നു ലക്ഷത്തിലധികം മനുഷ്യരുടെ ചോരയിൽ ചവിട്ടി മൃഗസ്നേഹത്തിന്റെ മേനക, രംഭ നൃത്തങ്ങൾ അനുവദിക്കരുത്. ഇതിനെതിരേ കേരളം രംഗത്തെത്തിയാൽ മറ്റു സംസ്ഥാനങ്ങളും പിന്തുണയ്ക്കും. കഴിഞ്ഞവർഷം നിഹാൽ കൊല്ലപ്പെട്ടപ്പോൾ തദ്ദേശമന്ത്രി പറഞ്ഞത്, അതിയായ ദുഃഖമുണ്ടെന്നാണ്. ആർക്കുവേണം, പ്രതിബദ്ധതയില്ലാത്ത ദുഃഖപ്രകടനങ്ങൾ? തെരുവുനായകളോടും വന്യമൃഗങ്ങളോടും തോന്നുന്ന അലിവ് സഹജീവികളോടു തോന്നുന്നില്ലെങ്കിൽ ജനപ്രതിനിധികളേ, നിങ്ങൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല.
മനുഷ്യരെ കൊലയ്ക്കു കൊടുക്കുന്ന നിയമങ്ങൾ വലിച്ചെറിയാൻ ഇന്ദ്രപ്രസ്ഥം വാഴുന്നവരെ പ്രേരിപ്പിക്കുന്നതിനു നിതീഷ്കുമാറിനെയോ ചന്ദ്രബാബു നായിഡുവിനെയോ കാണണമെങ്കിൽ പോയി കാണുക; കസേരയോർത്തെങ്കിലും ജനങ്ങൾക്കു മരണവാറണ്ടായ നിയമങ്ങൾ മാറ്റട്ടെ. പേവിഷബാധയേറ്റു മരിക്കുന്നവരുടെ അന്ത്യനിമിഷങ്ങൾ, അധികാരികളേ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ കാണണം. ആ സ്ഥാനത്തു നിങ്ങളുടെ പ്രിയപ്പെട്ടവരെ സങ്കൽപ്പിച്ചുനോക്കൂ. എന്നിട്ടു പറയൂ, പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളേ, നിങ്ങൾ ആരുടെ പക്ഷത്താണ്? തെരുവുനായക്കളടക്കമുള്ള മൃഗങ്ങളുടെയോ മനുഷ്യരുടെയോ?