വിഴിഞ്ഞത്ത് കപ്പലെത്തി; കരുണയുമെത്തട്ടെ
വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലെത്തി. “സ്വപ്നം തീരമണയുന്നു’’ എന്നാണ് മുഖ്യമന്ത്രി
പ്രതികരിച്ചത്. അത്ര പ്രതീക്ഷയിലാണ് കേരളം. പക്ഷേ, അതിനുവേണ്ടി സ്വന്തം സ്വപ്നങ്ങളെ
ത്യജിക്കേണ്ടിവന്നവരെ കപ്പൽ കയറ്റരുത്.
രാജ്യത്തെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ 50 ശതമാനവും നടത്താനാകുമെന്നു പദ്ധതി അനുകൂലികൾ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലെത്തിയിരിക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കന്പനിയായ മെസ്കിന്റെ സാൻ ഫെർനാൻഡോയാണ് ഇന്നലെ രാവിലെ 9.30ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.
ഇന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾ നടക്കും. സർക്കാർ അദാനിയുമായി ചേർന്നു നടപ്പാക്കുന്ന 7,700 കോടി രൂപയുടെ പദ്ധതി കേരളത്തിന്റെ വികസനഭൂപടത്തെ തന്നെ മാറ്റിമറിക്കുമെന്നാണു കരുതുന്നത്. അതേസമയം, കോടാനുകോടി രൂപയുടെ വന്പൻ പദ്ധതികൾ നടപ്പാക്കിയെന്ന് അഭിമാനിക്കുന്പോൾ അതിന്റെ പേരിൽ വാസസ്ഥലവും ജീവനോപാധിയും നഷ്ടപ്പെട്ട മനുഷ്യരെ പരിഗണിച്ചിട്ടുണ്ടോയെന്നുകൂടി ആത്മപരിശോധന നടത്തണം.
സ്വപ്നം തീരമണയുന്നു എന്നാണ് ഇന്നലെ മുഖ്യമന്ത്രി അതേക്കുറിച്ചു പ്രതികരിച്ചത്. അത്ര പ്രതീക്ഷയിലാണ് കേരളം. എട്ടുമുതൽ 14-ാം നൂറ്റാണ്ടുവരെ വിഴിഞ്ഞത്ത് ഉണ്ടായിരുന്നെന്നു കരുതുന്ന തുറമുഖത്തിന്റെ നവീന സ്വപ്നത്തിനു ചിറകുമുളച്ചത് കെ. കരുണാകരൻ സർക്കാരിൽ തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ താത്പര്യത്തിലാണ്.
1991ൽ അദ്ദേഹം വിഭാവനം ചെയ്ത പദ്ധതിയാണ് 2015ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കരാറായത്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാറായിരുന്നു അത്. നടത്തിപ്പിനുവേണ്ടി കേരള സർക്കാർ അധീനതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിഐഎസ്എൽ) രൂപീകരിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയും അദാനിയും ചേർന്നു നടത്തുന്ന തീവെട്ടിക്കൊള്ളയെന്ന് അന്നതിനെ വിമർശിച്ച ഇടതുപക്ഷം, അധികാരത്തിലെത്തിയതോടെ നിലപാടു മാറ്റുകയും അദാനിക്ക് ആവശ്യമായ ആനുകൂല്യങ്ങളെല്ലാം നൽകുകയും ചെയ്തു. ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. 2028ൽ പൂർണസജ്ജമാകും.
വലുതും ചെറുതുമായ കപ്പലുകൾ അടുക്കുകയും ചരക്കു കയറ്റിറക്കു നടത്തുകയും ചെയ്യുന്ന കൊളംബോ, സിംഗപ്പുർ, ദുബായ് തുടങ്ങിയ ട്രാൻസ്ഷിപ്മെന്റ് പോർട്ടുകൾ വഴിയാണ് ഇപ്പോൾ ഇന്ത്യയുടെ ചരക്കുനീക്കം നടക്കുന്നത്. ഇതിന്റെ ഇന്ത്യയിലെ തുടക്കമാണ് വിഴിഞ്ഞം പോർട്ട്. 20-24 മീറ്റർ സ്വാഭാവിക ആഴവും 10 നോട്ടിക്കൽ മൈൽ സമീപത്തുള്ള അന്താരാഷ്ട്ര കപ്പൽപാതയും വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്.
2011ൽ തുടങ്ങിയ വല്ലാർപാടം ഇത്തരത്തിലുള്ള ട്രാൻസ്ഷിപ്മെന്റ് ഹബ്ബായാണ് സംവിധാനം ചെയ്തതെങ്കിലും പിന്നീട് കപ്പലുകളുടെ വലുപ്പത്തിലുണ്ടായ ഗണ്യമായ വർധന കണക്കുകൂട്ടലുകൾ തെറ്റിച്ചു. പടുകൂറ്റൻ മദർഷിപ്പുകൾക്ക് വല്ലാർപാടത്ത് എത്താനാവില്ല. മാത്രമല്ല, അവിടെ, വർഷംതോറും 100 കോടിയോളം രൂപ കടലിന്റെ ആഴം നിലനിർത്താനുള്ള ഡ്രഡ്ജിംഗിനായി ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം തടസങ്ങളൊന്നുമില്ലാത്ത അത്യാധുനിക യന്ത്രവത്കൃത പോർട്ടായതിനാൽ വിഴിഞ്ഞത്തെ ചരക്കുനീക്കം അതിവേഗം നടത്താനാകുമെന്നു കരുതുന്നു. സർക്കാരും അദാനിയും വായ്പകളിലൂടെയാണ് വിഴിഞ്ഞം പദ്ധതിയുടെ പണം കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, സർക്കാർ വിഹിതം പലിശസഹിതം തിരിച്ചടയ്ക്കുന്നത് വിഴിഞ്ഞത്തുനിന്നുള്ള വരുമാനത്തിൽനിന്നായിരിക്കുമെന്ന് ഉറപ്പാക്കണം.
വിഴിഞ്ഞം കേരളത്തിന്റെ സാന്പത്തികഭാവിയെ സമൃദ്ധമാക്കണം. അതേസമയം അതിന്റെ ഇരകളെ മറക്കുകയുമരുത്. 16 വർഷം മുന്പ്, വല്ലാർപാടം ടെർമിനലിന്റെ റോഡിനും റെയിലിനുമായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ നരകയാതന കേരളത്തിന്റെ പുനരധിവാസ പദ്ധതികളിലെ കറുത്ത ഏടാണ്. വാസയോഗ്യമല്ലാത്ത ഭൂമിയിലേക്ക് അവരെ വലിച്ചെറിയുകയായിരുന്നു. 16 വർഷത്തിനിപ്പുറവും 50 കുടുംബങ്ങൾക്കു മാത്രമാണ് വീട് വയ്ക്കാനായത്.
തൊഴിൽവാഗ്ദാനവും പാഴായി. വിഴിഞ്ഞത്തിന്റെ കാര്യത്തിലും പുനരധിവാസം നടക്കാനുണ്ട്. പൈലിംഗ് സമയത്ത് വീടുകൾ തകർന്നവരുൾപ്പെടെ നൂറുകണക്കിനാളുകൾ വർഷങ്ങളായി വിവിധ ഗോഡൗണുകളിൽ കഴിയുന്നുണ്ട്. അവരുടെ പുനരധിവാസം എത്രയും വേഗം പൂർത്തിയാക്കണം. മത്സ്യബന്ധനത്തിനുള്ള പുലിമുട്ട് ഹാർബറായ മുതലപ്പൊഴിയുടെ അപായസാധ്യത ഇല്ലാതാക്കണം.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കരിങ്കല്ല് എത്തിക്കാനാണ് മുതലപ്പൊഴി അദാനി പോർട്സിനു വിട്ടുകൊടുത്തത്. ജോലി കഴിഞ്ഞാൽ പൂർവസ്ഥിതിയിലാക്കാമെന്നായിരുന്നു ധാരണ. ഒന്നും ചെയ്തില്ല. മുതലപ്പൊഴിയുടെ ആഴം കൂട്ടുന്നതിനു ബാധ്യതയുള്ള അദാനി പോർട്സിനെക്കൊണ്ട് അതു ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കഴിഞ്ഞദിവസം പറഞ്ഞത്. മത്സ്യത്തൊഴിലാളികൾ ഇവിടെ അപകടത്തിൽ പെടാത്ത ദിവസങ്ങളില്ലെന്നു പറയാം. 73 പേർ മരിച്ചു, നിരവധി വള്ളങ്ങളും വലയും തകർന്നു.
വിഴിഞ്ഞത്ത് കപ്പലടുക്കുന്പോൾ അവിടത്തെ മനുഷ്യരെ അകറ്റുന്നതല്ല വികസനം; എല്ലാവരെയും ചേർത്തുപിടിക്കുന്നതാകണം. ജീവിതവും ഉപജീവനവും നഷ്ടമായവരുടെ പുനരധിവാസം നടന്നിട്ടില്ലെന്ന ശശി തരൂർ എംപിയുടെ വാക്കുകൾ ആഘോഷത്തിനിടെ മറക്കരുത്. കപ്പലുകൾ സന്പത്തും സർക്കാർ മനുഷ്യത്വവും ഉറപ്പാക്കട്ടെ.