ദൈവനാമത്തിൽ കൈയേറ്റം വേണ്ട
അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവ് എല്ലാ മതവിഭാഗങ്ങളും പുണ്യപ്രവൃത്തിപോലെ പാലിക്കേണ്ടതാണ്. കൈയേറ്റ ആരാധനാലയങ്ങൾക്കു മുന്നിലല്ല, അധർമത്തിനു കൂട്ടുനിൽക്കാത്ത ദൈവത്തിനു മുന്നിലാകണം മനുഷ്യൻ കൈകൂപ്പി നിൽക്കേണ്ടത്.
കൈയേറ്റത്തിന്റെ പാപഭാരം പേറി പാതയോരങ്ങളിൽ അവഹേളിക്കപ്പെടേണ്ടതല്ല ആരാധനാലയങ്ങൾ. സമസ്തലോകത്തിനും സുഖമരുളുന്നതിനു പകരം പാതയോരങ്ങളിൽ ആപത്തുവിതയ്ക്കുന്നിടത്ത് ദൈവമുണ്ടെന്നു തെറ്റിദ്ധരിക്കുകയുമരുത്. അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവ് എല്ലാ മതവിഭാഗങ്ങളും പുണ്യപ്രവൃത്തിപോലെ പാലിക്കേണ്ടതാണ്. അമിതാവേശക്കാരായ ഉദ്യോഗസ്ഥരെ അഴിച്ചുവിടാതെ സംയമനത്തോടെയുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം.
പൊതുസ്ഥലം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്നാണ് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം സർക്കാർഭൂമി കൈയേറി ആരാധനാലയങ്ങള്‍ നിർമിക്കാനും മതസൗഹാർദം തകർക്കാനുമുള്ളതല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
സംസ്ഥാനസർക്കാരില്‍നിന്നു ലഭിച്ച പാട്ടഭൂമിയിൽ ആരാധനാലയങ്ങൾ സ്ഥാപിക്കുന്നുവെന്നു കാണിച്ച് പ്ലാന്റേഷന് കോർപറേഷന് ഓഫ് കേരള കൊടുത്ത റിട്ട് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കോർപറേഷന്റെ വസ്തുവില്‍ ആരാധനാലയം പണിയാനും വിഗ്രഹപ്രതിഷ്ഠ നടത്താനുമുള്ള ശ്രമങ്ങള്‍ നടത്തിയെന്നു ഹർജിയിലുണ്ട്.
തടയാനുള്ള ശ്രമമുണ്ടായപ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടായെന്നും രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടെന്നും ആരോപിച്ചു. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ആറു മാസത്തിനകം അനധികൃതമായവ ഒഴിപ്പിച്ച് ഒരു വര്‍ഷത്തിനകം റിപ്പോർട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഇതു കേരളത്തിലെ മാത്രം സ്ഥിതിയല്ല. ഇന്ത്യയിലങ്ങോളമിങ്ങോളം അനധികൃത ആരാധനാലയങ്ങൾ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെയുണ്ട്. അതുനീക്കം ചെയ്യുന്നതിന്റെ പേരിൽ നിരവധി സ്ഥലങ്ങളിൽ തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുമുണ്ട്. അതേസമയം, അനധികൃതമോ കൈയേറ്റമോ അല്ലാതിരുന്നിട്ടും റോഡുകൾക്കു വീതികൂട്ടാനും അപകടവളവുകൾ ഒഴിവാക്കാനുമൊക്കെ ആരാധനാലയങ്ങളുടെ സ്ഥലം വിട്ടുകൊടുത്തു മാതൃകയായിട്ടുള്ള നിരവധി ഉദാഹരണങ്ങളും കേരളത്തിലുണ്ട്.
സാമൂഹികപ്രതിബദ്ധതയുള്ള ആ മനോഭാവത്തെ പുതിയ കോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാജ്യത്തിനു മാതൃകയാകാൻ നമുക്കു സാധിക്കും. പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥലം വിട്ടുകൊടുക്കാത്ത സംഭവങ്ങളുമുണ്ട്. ചിലയിടങ്ങളിൽ ആരാധനാലയത്തിനു മുന്നിൽ മാത്രം വീതിയില്ലാത്ത പാതകൾ ഇടുങ്ങിയ മതചിന്തപോലെ കിടക്കുന്നു. ചിലരെ പ്രീണിപ്പിക്കാൻ റോഡുകളുടെ അലൈൻമെന്റ് മാറ്റിയ സംഭവങ്ങളുമുണ്ട്.
മറ്റുള്ളവരുടെ കൈയേറ്റങ്ങൾ കണ്ടാൽ ചോര തിളയ്ക്കുന്ന ചിലർക്കെങ്കിലും സ്വന്തം മതത്തിന്റെ കാര്യം വരുന്പോൾ അതു ധർമസംസ്ഥാപനാർഥമാണെന്നു കരുതുന്ന വ്യാധിയുണ്ട്. അതിന്റെയൊന്നും ആവശ്യമില്ല. ഒരു നേർച്ചപ്പെട്ടിപോലും അനധികൃതമായി സ്ഥാപിക്കപ്പെടരുത്. അത്തരം പെട്ടികളിൽ ഒരു നാണയവും വീഴുകയുമരുത്. പൊതുമുതൽ കൈയേറി പണിത ആരാധനാലയങ്ങൾക്കുമുന്നിലല്ല, അധർമത്തിനു കൂട്ടുനിൽക്കാത്ത ദൈവത്തിനു മുന്നിലാകണം മനുഷ്യൻ കൈകൂപ്പി നിൽക്കേണ്ടത്.
ഈ കോടതിവിധി നടപ്പാക്കാൻ പക്വതയുള്ള ഉദ്യോഗസ്ഥരെ സർക്കാർ ഉറപ്പാക്കണം. നമുക്കുവേണ്ടത് അപരിഷ്കൃതമായ ബുൾഡോസർ സംസ്കാരമല്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള നിർമിതികളിൽ വിശ്വാസികളുടെ ഉടക്കിക്കിടക്കുന്ന മനസും ഉണ്ടായിരിക്കാം. നിയമത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയാൽ ഇടിച്ചുനിരത്തലിന്റെ ആക്രോശം വേണ്ടിവരില്ല.
സ്വന്തമായിരുന്നിട്ടുപോലും 1963ൽ തുന്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു വേണ്ടി സെന്റ് മേരി മഗ്ദലീന പള്ളിയും പരിസരങ്ങളും വിട്ടുകൊടുത്ത തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ചരിത്രം നമുക്കു മുന്നിലുണ്ട്. അപ്പോൾ പിന്നെ, ക്ഷേത്രങ്ങളോ മോസ്കുകളോ പള്ളികളോ ആകട്ടെ, അനധികൃത നിർമാണങ്ങൾ ചോദിക്കും മുന്‍പേ വിട്ടുകൊടുക്കേണ്ടതല്ലേ? രാജ്യത്തിനു മാതൃകയാകാൻ കേരളത്തിനു കിട്ടിയ അവസരമാണിത്.