വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
Thursday, May 9, 2024 12:00 AM IST
കേന്ദ്ര സർവകലാശാലാ ബിരുദപ്രവേശന പരീക്ഷയിലും മെഡിക്കൽ, എൻജിനിയറിംഗ് അടക്കം പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സംസ്ഥാന സിലബസിൽ പ്ലസ് ടു പഠിച്ചവർക്ക് നല്ലരീതിയിൽ ശോഭിക്കാനാവാത്ത അവസ്ഥ നിലവിലുണ്ട്. കേന്ദ്ര സർവകലാശാലകളിലെ ബിരുദപ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ മാനദണ്ഡമാക്കിയതിനുശേഷം കേരള സിലബസിലെ പ്ലസ് ടുക്കാർക്കു ലഭിക്കുന്ന അഡ്മിഷൻ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
എസ്എസ്എൽസിക്ക് ഇക്കുറിയും മികച്ച വിജയം ഉണ്ടായതിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സർക്കാരിനും അഭിമാനിക്കാം. പരാജയപ്പെട്ടവർക്ക് സേ പരീക്ഷയിലൂടെ വിജയിക്കാനവസരവുമുണ്ട്. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ പാലാ വിദ്യാഭ്യാസ ജില്ല പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പരീക്ഷയെഴുതിയ 4,27,153 വിദ്യാർഥികളിൽ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയത് 4,25,563 പേരാണ്.
അതിൽ 71,831 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചിരിക്കുന്നത്. 892 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയമുണ്ടായതും നേട്ടമാണ്. വിജയാഘോഷത്തിനപ്പുറം ചില വിചിന്തനങ്ങൾക്ക് സർക്കാർ തയാറായിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. എട്ടാം ക്ലാസിലെ ഓൾ പ്രമോഷൻ പുനഃപരിശോധിക്കുമെന്നും എസ്എസ്എൽസി എഴുത്തുപരീക്ഷയിൽ ജയിക്കുന്നതിന് മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നുമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് ആലോചന. നിരന്തര മൂല്യനിര്‍ണയത്തിനൊപ്പം എഴുത്തുപരീക്ഷയില്‍ നാമമാത്ര മാര്‍ക്ക് നേടിയാല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.
എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാതെ വിജയിക്കാനാവില്ല. 40 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും കൂടുതൽ ഗൗരവമുണ്ടാകും എന്ന മന്ത്രിയുടെ നിരീക്ഷണവും പ്രസക്തമാണ്.
എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്നും പരീക്ഷയുടെ നിലവാരം കുറയുന്നുവെന്നും പല കോണുകളിൽനിന്നു വിമർശനങ്ങൾ ഉയർന്നിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടുന്നവർക്കുപോലും വേണ്ടത്ര മികവില്ല എന്ന പരാതിയും വ്യാപകമായിരുന്നു. ഫുൾ എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ പ്ലസ് ടുവിന് ഇഷ്ടവിഷയം കിട്ടാത്തവർ ഏറെയായിരുന്നു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടുന്നവർപോലും പ്ലസ് ടു പഠനത്തിൽ ശോഭിക്കുന്നില്ല എന്ന പരാതി അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
എങ്ങനെയും ജയിക്കാമെന്നു വരുന്നത് വിദ്യാർഥികളിൽ പരീക്ഷയുടെ ഗൗരവം നഷ്ടമാക്കും എന്നതു യാഥാർഥ്യമാണ്. അപൂർണമായതോ തെറ്റായതോ ആയ ഉത്തരമെഴുതിയാൽപോലും എസ്എസ്എൽസിക്ക് മാർക്ക് നൽകുന്നുവെന്ന പ്രചാരണം അടുത്തകാലത്ത് വ്യാപകമായിരുന്നു. എന്നാൽ, വിജയശതമാനമുയര്‍ത്താന്‍ മൂല്യനിര്‍ണയം ഉദാരമാക്കിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അവരുടെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് അനുസരിച്ചുള്ള മാര്‍ക്കുകളാണ് ലഭിച്ചിട്ടുള്ളതെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്.
സംസ്ഥാന സിലബസിൽ പഠിച്ചിറങ്ങുന്നവർ അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷകളിൽ സമീപകാലത്തായി പിന്തള്ളപ്പെടുന്നുവെന്നത് യാഥാർഥ്യമാണ്. കേന്ദ്ര സർവകലാശാലാ ബിരുദപ്രവേശന പരീക്ഷയിലും മെഡിക്കൽ, എൻജിനിയറിംഗ് അടക്കം പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സംസ്ഥാന സിലബസിൽ പ്ലസ് ടു പഠിച്ചവർക്ക് നല്ലരീതിയിൽ ശോഭിക്കാനാവാത്ത അവസ്ഥ നിലവിലുണ്ട്.
കേന്ദ്ര സർവകലാശാലകളിലെ ബിരുദപ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ മാനദണ്ഡമാക്കിയതിനുശേഷം കേരള സിലബസിലെ പ്ലസ് ടുക്കാർക്കു ലഭിക്കുന്ന അഡ്മിഷൻ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുമ്പ് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ധാരാളം പേർക്ക് അഡ്മിഷൻ കിട്ടിയിരുന്നു. ഇതും നമ്മുടെ പഠനനിലവാരത്തിന്റെ മികവുകുറവാണ് വെളിവാക്കുന്നത്.
ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ എസ്എസ്എൽസി പരീക്ഷയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. എസ്എസ്എൽസി പരീക്ഷ കൂടുതൽ ഗൗരവതരമാകുമ്പോൾ താഴ്ന്ന ക്ലാസുകളിലും പഠനനിലവാരം ഉയർത്താൻ പദ്ധതിയുണ്ടാകണം. ഇന്റേണൽ മാർക്കുകളുടെയും ഗ്രേസ് മാർക്കുകളുടെയും ബലത്തിൽ വിജയിക്കാമെന്ന അവസ്ഥയുണ്ടാകരുത്.
ക്ലാസുകൾ കയറുംതോറും പഠനത്തിന്റെ ഗൗരവം കൂട്ടുന്ന തരത്തിൽ കരിക്കുലത്തിൽ മാറ്റവും അനിവാര്യമാണ്. വെല്ലുവിളികൾ അശേഷമില്ലാതെ വിജയിക്കാമെന്നു വരുന്നത് കുട്ടികളെ അലസരാക്കുകയും സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം നഷ്ടമാക്കുകയും ചെയ്യും. ഇതെല്ലാം മനസിലാക്കിയാവണം മാറ്റങ്ങൾ വരുത്തേണ്ടത്. അതിനായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് നല്ല മുന്നൊരുക്കങ്ങളോടെ നടത്താൻ കഴിയണം.