ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Monday, April 8, 2024 12:00 AM IST
രാഷ്ട്രീയ അടിമത്തവും ഭരണകക്ഷിയോടുള്ള അതിരുകവിഞ്ഞ വിധേയത്വവും മൂലം നട്ടെല്ലു വളഞ്ഞിരിക്കുന്ന കേരള പോലീസിലെ ‘ഏമാന്മാർ’ ഈ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരം കണ്ടെത്തുകയോ ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്നവരാരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സിപിഎം എത്ര തള്ളിപ്പറഞ്ഞാലും മരിച്ചയാൾക്കും പരിക്കേറ്റവർക്കും പിടിയിലായവർക്കുമുള്ള പാർട്ടി ബന്ധം പോലീസിനു നന്നായി അറിയാം.
ബോംബേറും അക്രമങ്ങളും ഉണ്ടാകാത്ത ഒരു തെരഞ്ഞെടുപ്പ് സ്വപ്നം കാണാൻ കണ്ണൂരുകാർക്ക് ഇക്കുറിയും കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പാനൂർ കുന്നോത്തുപറമ്പിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലാണ് ബോംബ് നിർമാണം നടന്നത്. മരിച്ചയാളും പരിക്കേറ്റവരും സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസും ബിജെപിയും തെളിവുകൾ നിരത്തി പറയുന്നു.
എന്നാൽ, ഇവർ ക്രിമിനലുകളാണെന്നും പാർട്ടിക്കാരെ ആക്രമിച്ച കേസിൽ പ്രതികളാണെന്നും സംഭവത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നുമാണ് ഏരിയാ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെ വിശദീകരിക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി ഗ്രാമമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇതുപോലെ ബോംബ് നിർമാണം നടത്താനാവില്ലെന്ന വാദം തീർത്തും തള്ളിക്കളയാനാവില്ല.
മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, പോലീസിന്റെ അന്വേഷണം നിഷ്പക്ഷവും കാര്യക്ഷമവുമാകുമെന്ന് വിശ്വസിക്കാനും കഴിയില്ല. എത്രയോ ചെറുപ്പക്കാരുടെ ജീവനെടുത്ത് ചോരപ്പുഴയൊഴുക്കിയ അക്രമരാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിൽനിന്നു തുടച്ചുമാറ്റാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് സമാധാനകാംക്ഷികൾ ആശങ്കപ്പെടുന്നത്.
പാനൂർ കുന്നോത്തുപറമ്പ് മൂളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും മൂന്നുപേർക്കു പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം അനുഭാവികളായ ആറുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നിൽ പത്തിലേറെ പേരുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുമുണ്ട്. പിടിയിലായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തുനിന്ന് 150 മീറ്റർ അകലെ പോലീസ് നടത്തിയ പരിശോധനയിൽ, കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഉഗ്രശേഷിയുള്ള ഏഴു സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതും സ്റ്റീൽ ബോംബാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുരുമ്പിച്ച ആണി, കുപ്പിച്ചില്ലുകൾ, മെറ്റൽ ചീളുകൾ തുടങ്ങിയവ ഉപയോഗിച്ചാണു ബോംബ് നിർമിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. ഇവിടെനിന്ന് കൂടുതൽ ബോംബുകൾ നിർമിച്ചു കടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2021 ഏപ്രിൽ ആറിന് വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാനൂർ പുല്ലൂക്കരയിലുണ്ടായ ബോംബേറിൽ ഒരാൾ മരിച്ചിരുന്നു. യുഡിഎഫ് പോളിംഗ് ഏജന്റ് മുഹസിന്റെ വീടിനു നേരേയുണ്ടായ ബോംബേറിൽ മുഹസിന്റെ സഹോദരൻ മൻസൂറാണ് കൊല്ലപ്പെട്ടത്. മുഹസിനും പരിക്കേറ്റു.
കഴിഞ്ഞ കാലങ്ങളിൽ സഹകരണ ബാങ്ക് മുതൽ ലോക്സഭയിലേക്കു വരെയുള്ള തെരഞ്ഞെടുപ്പുകളിൽ നടന്നിരിക്കുന്ന അക്രമങ്ങളിലും ബോംബേറുകളിലും എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്, ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്? ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിൽ കാൽ നഷ്ടപ്പെട്ട അസ്നയും കാഴ്ച നഷ്ടപ്പെട്ട അമാവാസിയെന്ന നാടോടിബാലനുമെല്ലാം ഉൾപ്പെടും.
കുന്നോത്തുപറമ്പിൽ നടന്നത് വലിയ തോതിലുള്ള ബോംബ് നിർമാണമാണെന്നു സംശയിക്കാൻ തെളിവുകൾ ധാരാളമാണ്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇത്രമാത്രം ബോംബുകൾ ഈ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് പോലീസാണ്. എന്നാൽ, രാഷ്ട്രീയ അടിമത്തവും ഭരണകക്ഷിയോടുള്ള അതിരുകവിഞ്ഞ വിധേയത്വവും മൂലം നട്ടെല്ലു വളഞ്ഞിരിക്കുന്ന കേരള പോലീസിലെ ‘ഏമാന്മാർ’ ഈ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരം കണ്ടെത്തുകയോ ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്നവരാരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സിപിഎം എത്ര തള്ളിപ്പറഞ്ഞാലും മരിച്ചയാൾക്കും പരിക്കേറ്റവർക്കും പിടിയിലായവർക്കുമുള്ള പാർട്ടി ബന്ധം പോലീസിനു നന്നായി അറിയാം. മരിച്ചയാളുടെ വീടു സന്ദർശിച്ച് പ്രാദേശിക നേതാക്കൾ കൂറു പ്രഖ്യാപിക്കുകൂടി ചെയ്തിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുമായി അടുപ്പം പുലർത്തിയിരുന്നവരാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. നിർലോപം പരോൾ നേടി ജയിൽശിക്ഷയെ പരിഹസിച്ചിരുന്ന ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതി കടുത്ത ശിക്ഷകൾക്കു വിധേയരാക്കി ‘സുഖജീവിത’ത്തിനു തടയിട്ടത് അടുത്ത നാളിലാണ്.
ഇവരുടെ പിൻഗാമികളായി ഇത്തരം ക്രിമിനലുകളെ പോറ്റിവളർത്തുന്നവർ എന്തുതരം ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്? കഴുകിക്കളയാനാകാത്തവിധം ചോരക്കറ കട്ടപിടിച്ചിരിക്കുന്ന കണ്ണൂർ രാഷ്ട്രീയത്തെ സംശുദ്ധമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരി എന്നുവരുമെന്ന് കാത്തിരിക്കുകതന്നെ.