കരിമരുന്നു കലയെ കണ്ണീർമഴയാക്കരുത്
Tuesday, February 13, 2024 12:00 AM IST
കരിമരുന്നു കലാപ്രകടനങ്ങൾ നിരോധിക്കുകയല്ല നിയമാനുസൃതമായി മാത്രം അതു നടത്തുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആരാധനാലയങ്ങളിലേതുൾപ്പെടെയുള്ള സംഘാടകരും അധികൃതരോടു പൂർണമായി സഹകരിക്കണം. ആഘോഷിക്കാനും ആഹ്ലാദിക്കാനും ഒരുക്കുന്ന വെടിക്കെട്ടുകൾ ഇനിയെങ്കിലും നിരപരാധികളുടെ നെഞ്ചിലെ തീയായി മാറരുത്. പൂത്തിരിയായി വിരിയേണ്ടത് കണ്ണീർമഴയായി പെയ്യരുത്.
ആരുമറിയാതെ ജനവാസമേഖലയിൽ നടത്തിയൊരു വെടിമരുന്നു സംഭരണം സ്ഫോടനമായതിന്റെ നടുക്കത്തിലാണ് കേരളം. തൃപ്പൂണിത്തുറ ഊരക്കാട്ടുള്ള പടക്കപ്പുരയിലേക്ക് എത്തിച്ച വെടിമരുന്നിനാണ് തീപിടിച്ചത്. ഒരാൾ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിൽ വാഹനങ്ങളും വീടുകളും നശിക്കുകയും ചെയ്തു.
സ്ഫോടനത്തിനു ശേഷമാണ് അവിടെ അനുമതിയില്ലാത്തൊരു പടക്കപ്പുരയുണ്ടായിരുന്നെന്നു സമീപവാസികൾപോലും അറിയുന്നത്. ഇത് അനധികൃതമാണെങ്കിൽ അധികൃതർ എവിടെ എന്ന ചോദ്യം സ്വാഭാവികമാണ്. അതിന് ഉത്തരമില്ലെങ്കിൽ കേരളത്തിൽ എവിടെയും ആവർത്തിക്കാനിടയുള്ള ഇത്തരം ദുരന്തങ്ങളെ തടയാനാവില്ല.
ഇന്നലെ രാവിലെ 11നാണ് ക്ഷണിച്ചുവരുത്തിയ അത്യാഹിതമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പാലക്കാട്ടുനിന്നു കൊണ്ടുവന്ന വെടിക്കോപ്പുകൾ ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. വാഹനം പൂർണമായി തകർന്നു. 300 മീറ്റർ അപ്പുറത്തേക്കുവരെ അവശിഷ്ടങ്ങൾ തെറിച്ചുവീണു.
രണ്ടു കിലോമീറ്റർ അകലെവരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നാണ് നാട്ടുകാർ പറഞ്ഞത്. ലക്ഷങ്ങൾ വായ്പയെടുത്ത് നിർമിച്ച് തലേന്നു ഗൃഹപ്രവേശം നടത്തിയ വീടും തകർന്നവയിൽ ഉൾപ്പെടുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഉത്സവത്തിന് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി ജനവാസകേന്ദ്രത്തിലെ വീടാണ് ഗോഡൗണാക്കി മാറ്റിയത്.
പോലീസോ ഫയർഫോഴ്സോ ജില്ലാ ഭരണകൂടമോ ഇതറിഞ്ഞിട്ടില്ലത്രേ. ഇതിന് അനുമതിയുണ്ടായിരുന്നില്ലെന്ന വാർത്ത, ആവർത്തിക്കുന്ന നിയമലംഘനങ്ങളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയുടെയും പരന്പരയിൽ എറ്റവും പുതിയതാണ്.
കേരളത്തിൽ ഇതുവരെയുണ്ടായ ഏതാണ്ട് എല്ലാ കരിമരുന്നു സ്ഫോടനങ്ങളും നിയമലംഘനങ്ങളുടെ ഫലമാണ്. ഒന്നിൽനിന്നും പാഠം പഠിക്കാതെ കാഴ്ചക്കാരായി നിൽക്കുന്ന അധികൃതർ കൂടുതൽ മനുഷ്യരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും തീ കൊളുത്തുകയാണ്.
ജനവാസകേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍, കെട്ടിടങ്ങള്‍, ഹൈവേ, പൊതു നിരത്തുകള്‍ എന്നിവയ്ക്കടുത്ത് വെടിക്കെട്ട് പുരയോ സംഭരണശാലകളോ സ്ഥാപിക്കരുതെന്ന് എക്സ്പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് 2009ലെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 2008ലെ എക്സ്പ്ലോസീവ് ചട്ടത്തിലും ഇതു വ്യക്തമായി പറയുന്നുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016ൽ കൊല്ലം പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായത്. 110 പേർ കൊല്ലപ്പെടുകയും 300 ലധികം ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ജില്ലാ അധികൃതരുടെ വിലക്ക് ലംഘിച്ചുകൊണ്ട് നടത്തിയ വെടിക്കെട്ടാണ് ദുരന്തത്തിൽ കലാശിച്ചത്. ഇത്രയേറെ ജീവഹാനിക്കിടയാക്കിയ അപകടം നമുക്ക് തിരുത്താനുള്ള അവസരമായിരുന്നു.
പക്ഷേ, അതിനുശേഷവും നിരവധി വെടിക്കെട്ടപകടങ്ങൾ ഉണ്ടായി. കരിമരുന്നു പ്രയോഗങ്ങളല്ല, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അതിന്റെ നടത്തിപ്പാണ് ആപത്തുകൾക്കിടയാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുണ്ടോ? ശാസ്ത്രീയ പരിശീലനം ലഭിക്കാത്തവർ പടക്കനിർമാണത്തിലേർപ്പെടുന്നുണ്ടോ? കടുത്ത ചൂടിൽ പാലിക്കേണ്ട മുൻകരുതലുകൾ എടുക്കാറുണ്ടോ? ജനവാസകേന്ദ്രങ്ങളിലാണോ വെടിമരുന്നു സംഭരിക്കുന്നത്? തുടങ്ങിയ കാര്യങ്ങൾക്കു തൃപ്തികരമായ മറുപടിയുണ്ടെങ്കിൽ കരിമരുന്നു കലാപ്രകടനം നിരോധിക്കേണ്ടതില്ല. ഇതൊന്നും അന്വേഷിക്കാൻ ആളില്ലാത്തതാണ് അപകടങ്ങളുടെ കാരണം.
സ്വന്തം ജോലി ചെയ്യാൻ വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥരും ഏതുവിധേനയും പണമുണ്ടാക്കാൻ കുറുക്കുവഴി തേടുന്ന വെടിക്കെട്ടുകാരും അവർക്കുവേണ്ടി കണ്ണടയ്ക്കുന്ന സംഘാടകരുമൊക്കെ ഇത്തരം അപകടങ്ങളുടെ ഉത്തരവാദികളാണ്.
തൃപ്പൂണിത്തുറയിലെ സ്ഫോടനം മാരകശേഷിയുള്ളതായിരുന്നു. സമീപത്ത് ആളുകൾ ഉള്ളപ്പോഴാണ് അതു സംഭവിച്ചിരുന്നതെങ്കിൽ വൻദുരന്തമാകുമായിരുന്നു. കരിമരുന്നു കലാപ്രകടനങ്ങൾ നിരോധിക്കുകയല്ല നിയമാനുസൃതമായി മാത്രം അതു നടത്തുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്.
ആരാധനാലയങ്ങളിലേതുൾപ്പെടെയുള്ള സംഘാടകരും അധികൃതരോടു പൂർണമായി സഹകരിക്കണം. കാരണം, ഇത്തരം അപകടങ്ങളിൽ കൊല്ലപ്പെടുന്നവർ നിയമലംഘകരായിരിക്കില്ല; നിരപരാധികളും പടക്കം നിർമിക്കുന്നവർ ഉൾപ്പെടെയുള്ള പാവപ്പെട്ട തൊഴിലാളികളുമായിരിക്കും.
ആഘോഷിക്കാനും ആഹ്ലാദിക്കാനും ഒരുക്കുന്ന വെടിക്കെട്ടുകൾ ഇനിയെങ്കിലും നിരപരാധികളുടെ നെഞ്ചിലെ തീയായി മാറരുത്. പൂത്തിരിയായി വിരിയേണ്ടത് കണ്ണീർമഴയായി പെയ്യരുത്.