ഫോർട്ട് കൊച്ചിയിലെ ‘റഷ്യൻ വിപ്ലവം’
സർക്കാരിന്റെ കെടുകാര്യസ്ഥതയും ചെറുപ്പത്തിലേ ശുചിത്വം ശീലിക്കാൻ അവസരം കിട്ടാത്ത ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മയുമാണ് കേരളത്തെ മാലിന്യത്തിൽ മുക്കിയത്. വിദേശരാജ്യങ്ങളിലെ മലിനരഹിതമായ നാടും നഗരവുമൊക്കെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്കറിയാം, നമ്മുടെ സ്വച്ഛ് ഭാരത് മിഷനൊക്കെ എവിടെ കിടക്കുന്നെന്ന്.
ഇതിൽപ്പരം ഒരു നാണക്കേട് വരാനില്ല. ടൂറിസത്തിന്റെ ലോകമാതൃകയാണു കേരളമെന്നു കൊട്ടിഘോഷിക്കുന്ന സർക്കാരിന്റെയും പരിസരമലിനീകരണം അവകാശമാണെന്നു കരുതുന്ന സമൂഹത്തിന്റെയും കൺമുന്നിൽ കിടന്ന ചപ്പുചവറുകൾ വിദേശ ടൂറിസ്റ്റുകൾ നീക്കം ചെയ്തിരിക്കുന്നു.
ഫോർട്ട് കൊച്ചിയിലാണ് കേരളത്തിന്റെ പൊള്ളയായ അവകാശവാദങ്ങളെ വിദേശത്തുനിന്നെത്തിയവർ തൂക്കിയെടുത്തു ചവറ്റുകുട്ടയിലിട്ടത്. സന്പൂർണ സാക്ഷരതയും ഒന്നാം നന്പർ ആരോഗ്യമാതൃകയും ‘ദൈവത്തിന്റെ സ്വന്തം നാട് ’ പട്ടവുമൊക്കെ അക്കൂടെ വെയ്സ്റ്റായി.
സർക്കാരും ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും പരിസരശുചീകരണ ചുമതലയുള്ള കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുമൊക്കെ ന്യായീകരണങ്ങൾ മാറ്റിവച്ച് തങ്ങളുടെ പരാജയത്തിന്റെ ചെളിക്കുണ്ടിലേക്കു തിരിഞ്ഞുനോക്കാൻ സമയമായി.
ശുചിത്വത്തിന്റെ പൊങ്ങച്ചം പറയുന്നതിനിടെ അയൽക്കാരന്റെ പറന്പിലേക്കും പൊതുവഴിയിലേക്കും വീട്ടിലെ മാലിന്യക്കെട്ടെറിയുന്ന മലയാളിക്കും തിരുത്താൻ സമയമായി. കൊച്ചിയിലെ ‘ഠ’യോളം വട്ടത്തിൽനിന്ന് 60 കെട്ടു ചവറു വാരിയ വിദേശികൾ ശുചിത്വത്തെ ഓർമിപ്പിക്കാനൊരു ബോർഡും വച്ചു. ഇനിയെങ്കിലും നാം തിരുത്തേണ്ടതല്ലേ?
തിങ്കളാഴ്ചയാണ് തെക്കേ കടപ്പുറത്ത് കുമിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ കൊച്ചി കാണാനെത്തിയ റഷ്യൻ ടൂറിസ്റ്റുകൾ നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുംകൊണ്ട് കടപ്പുറമാകെ വൃത്തിഹീനമായിരുന്നു. തീരത്തു മാത്രമല്ല, കടലിലിറങ്ങിയും മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ മാലിന്യം ശേഖരിച്ചു.
ഒന്നും രണ്ടുമല്ല, മാലിന്യത്താൽ നിറഞ്ഞത് 60 വലിയ കിറ്റുകളാണ്. അതു മാറ്റാൻപോലും അധികൃതർ സൗകര്യം ചെയ്തില്ല. വിദേശ ടൂറിസ്റ്റുകൾ കടപ്പുറം വൃത്തിയാക്കിയപ്പോൾ അസാധാരണമായൊന്നും സംഭവിക്കാത്തതുപോലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗങ്ങളും ബീച്ചിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും നാട്ടുസഞ്ചാരികളും നാട്ടുകാരുമൊക്കെ കാഴ്ചക്കാരായി നിന്നു.
തീരം വൃത്തിയാക്കിയശേഷം വിദേശികൾ ഒരു ബോർഡും നാട്ടി. ‘‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചുമൂടുകയോ ചെയ്യുക.’’നാളുകളായി കെട്ടിക്കിടന്ന മാലിന്യങ്ങൾ മണിക്കൂറുകൾകൊണ്ട് നീക്കംചെയ്ത വിദേശികളുടെ പ്രവൃത്തി മറ്റു ചില ചോദ്യങ്ങൾ പരോക്ഷമായി ഉന്നയിക്കുന്നുണ്ട്.
ഇത്ര നിസാരമായി തീർക്കാവുന്ന ഒരു ജോലിപോലും നിർവഹിക്കാനാകുന്നില്ലെങ്കിൽ എന്തിനാണ് നമുക്കൊരു ടൂറിസം പ്രമോഷൻ കൗൺസിൽ? എന്തിനാണ് പ്രാദേശിക ഭരണകൂടങ്ങൾ? എന്തിനാണ് ടൂറിസം വകുപ്പ്? എന്തിനാണ് അലസരെ തീറ്റിപ്പോറ്റാൻ നികുതിപ്പണം ശന്പളമായി കൊടുക്കുന്നത്?
നമ്മുടെ തോടും പുഴയും കുന്നും കായലും കടലുമൊക്കെ മാലിന്യകേന്ദ്രങ്ങളായി. വീട് വൃത്തിയായി കിടക്കണമെന്നു ശഠിക്കുന്നവർക്കും അയൽക്കാരന്റെ വളപ്പിലേക്ക് അവ വലിച്ചെറിയാൻ മടിയില്ല. സ്കൂട്ടറിലും കാറിലുമൊക്കെ കൊണ്ടുപോകുന്ന മാലിന്യക്കെട്ടുകൾ ആളില്ലാത്ത സ്ഥലം നോക്കി വലിച്ചെറിയുന്നവർ വിദ്യാഭ്യാസമില്ലാത്തവരല്ല.
എത്രയെത്ര കച്ചവടക്കാരാണ് ഇരുട്ടിന്റെ മറവിൽ അടുത്തുള്ള കുളങ്ങളിലും പുഴകളിലുമൊക്കെ മാലിന്യം കെട്ടിത്താഴ്ത്തുന്നത്? പല വീടുകളിലും ശൗചാലയങ്ങൾ വൃത്തിയാക്കുന്നത് പുറത്തുനിന്ന് ആരെങ്കിലും എത്തുന്പോഴാണ്. വീട്ടിലെ വൃത്തിക്കാരിൽ പലരും ഓഫീസുകളിലെയും പൊതു ഇടങ്ങളിലെയും ശൗചാലയങ്ങൾ വൃത്തികേടാക്കാൻ മടിയില്ലാത്തവരാണ്. സർക്കാർ വലിയ തുക മുടക്കി പൊതുശൗചാലയങ്ങൾ സ്ഥാപിക്കും.
പക്ഷേ, സംരക്ഷിക്കാൻ പദ്ധതിയില്ലാത്തതിനാൽ ദിവസങ്ങൾക്കകം മൂക്കുപൊത്താതെ കയറാനാവാത്ത സ്ഥിതിയാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബസ്സ്റ്റാൻഡുകളിലുമൊക്കെ പലതും പൂട്ടിയിട്ടിരിക്കുകയാണ്. അതിനു കൊച്ചിയെന്നോ കോഴിക്കോടെന്നോ തലസ്ഥാനമെന്നോ ഒരു വ്യത്യാസവുമില്ല.
സർക്കാരിന്റെ കെടുകാര്യസ്ഥതയും, ചെറുപ്പത്തിലേ ശുചിത്വം ശീലിക്കാൻ അവസരം കിട്ടാത്ത ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മയുമാണ് കേരളത്തെ മാലിന്യത്തിൽ മുക്കിയത്. വിദേശരാജ്യങ്ങളിലെ മലിനരഹിതമായ നാടും നഗരവുമൊക്കെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്കറിയാം, നമ്മുടെ സ്വച്ഛ് ഭാരത് മിഷനൊക്കെ എവിടെ കിടക്കുന്നെന്ന്.
2018ലെ റഷ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ഒരു ദൃശ്യംകൂടി ഓർമിപ്പിക്കാം. ബെൽജിയത്തോടു പരാജയപ്പെട്ട ജപ്പാൻ ടീമിന്റെ ആരാധകർ ആ വേദനയ്ക്കിടയിലും ഗാലറിയിൽനിന്നു മടങ്ങുന്നതിനു മുന്പ് തങ്ങളിരുന്ന പരിസരമെല്ലാം വൃത്തിയാക്കിയ കാഴ്ചയാണത്. സ്കൂളും പരിസരവും കളി കഴിഞ്ഞ മൈതാനവും വൃത്തിയാക്കാൻ ജപ്പാനിൽ ചെറുപ്പം മുതലേ കുട്ടികളെ പരിശീലിപ്പിക്കുന്നു.
അതവർ ലോകത്ത് എവിടെ ചെന്നാലും നടപ്പാക്കും. വീട്ടിലും വിദ്യാലയത്തിലും ശുചിത്വം പഠിക്കാത്ത മലയാളി ഒരിടത്തും അതു ചെയ്യില്ല. കുട്ടികൾ സ്കൂളിലേക്കു പോകുംമുന്പ് വീട്ടിലെ മുറിയും, വൈകുന്നേരം വീട്ടിലേക്കു മടങ്ങുംമുന്പ് ക്ലാസ് മുറിയും വൃത്തിയാക്കട്ടെ.
ജീവിതത്തെ തൊടാത്ത പാഠ്യപദ്ധതികൾ ചവറ്റുകുട്ടയിലെറിയാൻ വൈകിക്കഴിഞ്ഞു. ഫോർട്ട് കൊച്ചിയിൽ റഷ്യൻ സഞ്ചാരികൾ നടത്തിയതു വിപ്ലവമാണ്. നമ്മളത് ഏറ്റെടുക്കണം. വിദേശികൾ ഇനിയും നമ്മെ നാണം കെടുത്തരുത്.