കൊലവിളിക്കാരുടെ സ്ഥാനം അഴിക്കുള്ളിലാകണം
ജനാധിപത്യത്തിൽ ഇഷ്ടമുള്ള ആദര്‍ശങ്ങളും അഭിപ്രായങ്ങളും പുലര്‍ത്താനും പ്രചരിപ്പിക്കാനും പ്രയോഗിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാൽ ജനാധിപത്യം നിലനില്ക്കാന് എല്ലാവരും അവരവരുടെ ആശയാദര്‍ശങ്ങള്‍ പ്രകടിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഇടക്കാലത്തിനുശേഷം സംസ്ഥാനം വീണ്ടും കൊലവിളി ആക്രോശങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു. അതും ഉത്തരവാദപ്പെട്ട നേതാക്കളുടെ ഭാഗത്തുനിന്ന്. സമാധാനജീവിതം ആഗ്രഹിക്കുന്ന ജനത്തെ ഇതു ഭയചകിതരാക്കുന്നു. കാരണം കൊലവിളികൾ ഏറ്റുമുട്ടലിലേക്കും കലാപത്തിലേക്കും പരിണമിച്ച നിരവധി സാഹചര്യങ്ങൾക്കു നാം സാക്ഷികളാണല്ലോ.
കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത് ലീഗ് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവും സ്പീക്കർ എ.എൻ. ഷംസീർ മതവിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് തുടരുന്ന കൊലവിളികളുമാണ് ഇപ്പോൾ നാടിന്റെ സമാധാനം കെടുത്തുന്നത്. ഏതായാലും കാഞ്ഞങ്ങാട് സംഭവത്തെ പാർട്ടി നേതൃത്വം തള്ളിപ്പറയുകയും പോലീസ് കർശന നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നതിനാൽ കെട്ടടങ്ങിയെന്നു കരുതാം. വിദ്വേഷ മുദ്രാവാക്യം വിളിച്ചുകൊടുത്ത പ്രവർത്തകനെ പുറത്താക്കിയാണു ബന്ധപ്പെട്ട പാർട്ടി മാതൃകയായത്. ഈ സംഭവത്തിൽ എട്ടുപേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന 300 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവച്ചവർക്കെതിരേയും കാസര്‍ഗോഡ് സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരെ നിരീക്ഷിക്കാനും അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്താനുമാണ് പോലീസിന്റെ തീരുമാനം.
ഇതിനിടയിലാണ് ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുവെന്നാരോപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തലശേരിയിലെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷംസീര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നായിരുന്നു സംഘടനയുടെ പ്രമുഖ നേതാവിന്റെ ഭീഷണി. ഇതിനു മറുപടിയായി സിപിഎം നേതാവ് പി. ജയരാജന് രംഗത്തെത്തിയതോടെ വെല്ലുവിളി പുതിയ തലത്തിലേക്കെത്തി.
ഷംസീറിനെതിരേ കൈയോങ്ങുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി. ജയരാജന്റെ മറുപടി. ഇതോടെ വീണ്ടും നേതാക്കള്‍ കൊലവിളികളുമായി രംഗത്തെത്തി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പി. ജയരാജന് തകര്‍ത്തുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആക്ഷേപിക്കുമ്പോള്‍ എല്ലാം തുടങ്ങിവച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
ജനാധിപത്യത്തിൽ ഇഷ്ടമുള്ള ആദര്‍ശങ്ങളും അഭിപ്രായങ്ങളും പുലര്‍ത്താനും പ്രചരിപ്പിക്കാനും പ്രയോഗിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാൽ ജനാധിപത്യം നിലനില്ക്കാന് എല്ലാവരും അവരവരുടെ ആശയാദര്‍ശങ്ങള്‍ പ്രകടിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ആദര്‍ശ-വിശ്വാസങ്ങളെന്തായിരുന്നാലും അതു പ്രകടിപ്പിക്കുന്നതും പ്രയോഗിക്കുന്നതും അന്യന് തെല്ലുപോലും ദോഷം വരുത്താതെയാകണം. എങ്കിലേ ജനാധിപത്യസ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെ അനുഭവിക്കാനാകൂ. ആദര്‍ശങ്ങള്‍ തമ്മിലും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലും വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുണ്ടാകും. അതു പരിഹരിക്കേണ്ടത് സായുധ സംഘട്ടനത്തിലൂടെയല്ല, സമാധാനപരമായ സംവാദത്തിലൂടെയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. അഭിപ്രായസംഘട്ടനമാണ് പലപ്പോഴും ആയുധസംഘട്ടനത്തിന്റെ രൂപത്തിലേക്കു മാറുന്നത്. ഇതുവഴി ജനാധിപത്യം ഫാസിസത്തിനു വഴിമാറുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയവരാണ് മലബാറിലെ ജനത. ഒരുകാലത്ത് ഇത്തരം കൊലവിളികളാണു കൊലപാതക പരന്പരകളായി പരിണമിച്ചത്. നേതാക്കൾ മൗനാനുവാദം നൽകിയതോടെ അണികൾ ബോംബുകളും ആയുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി. നിരത്തുകളും വീടുകളും തുടങ്ങി സ്കൂൾ ക്ലാസ് മുറിവരെ കൊലക്കളമായി. നിരവധി കുടുംബങ്ങൾ അനാഥമായി. മാരകമായി പരിക്കേറ്റ് ജീവച്ഛവമായി വീടുകളിൽ തളയ്ക്കപ്പെട്ട നിരവധി പേർ സ്വയം പഴിച്ചു കഴിയുന്നു. ഒരുപാട് ശ്രമങ്ങളുടെ ഫലമായാണ് അക്രമരാഷ്ട്രീയത്തെ കേരളം ചെറുത്തുതോൽപ്പിച്ചത്.
വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ടാൽ ആരെങ്കിലും പരാതി നൽകുന്നതിനു കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് അടുത്തിടെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ അതിഗൗരവമായി കാണുമെന്നും കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണു വിദ്വേഷപ്രസംഗമെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്തു പ്രകോപനമുണ്ടായാലും ഉത്തരവാദപ്പെട്ട നേതാക്കൾ തങ്ങളുടെ വാക്കുകളിൽ മിതത്വവും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ട്. അതുപോലെ, വിദ്വേഷപ്രസംഗങ്ങളും വിദ്വേഷ മുദ്രാവാക്യങ്ങളും വിളിക്കുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി നിർദേശം പാലിക്കാൻ പോലീസും രംഗത്തിറങ്ങണം. പ്രതികൾ നേതാക്കളായാലും രാഷ്ട്രീയനിറം നോക്കാതെ നടപടി സ്വീകരിക്കണം. കൊലവിളിക്കാരെ ജയിലിലടയ്ക്കണം. ശക്തമായ നിയമനടപടിയിലൂടെ മാത്രമേ ഇത്തരം പ്രവണതകളെ ഇല്ലാതാക്കാനാകൂ.