നിലവിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കടല, വൻപയർ, ചെറുപയർ തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. ഏതായാലും, ഓഗസ്റ്റ് ആദ്യത്തോടെ പുതിയ സ്റ്റോക്കെത്തുമെന്നും എല്ലാ സാധനങ്ങളും ലഭിക്കുമെന്നുമുള്ള ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കാം.
സംസ്ഥാനത്ത് വിലക്കയറ്റം ജനജീവിതത്തിന്റെ താളം തെറ്റിച്ചുതുടങ്ങി. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ദിനംപ്രതി വില ഉയരുകയാണ്. അരി വിലയിലും വർധനയുണ്ട്. ഒന്നര മാസത്തിനിടെയാണ് പൊതുവിപണിയിൽ വിലക്കയറ്റം ഇത്രമാത്രം രൂക്ഷമായത്. സർക്കാർ വിപണിയിൽ ഇടപെടാത്തതു പ്രശ്നം സങ്കീർണമാക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് വിലക്കയറ്റം അതിതീവ്രമാകും.
തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പയർ, ബീൻസ് തുടങ്ങിയവയുടെ വില ഉയർന്നുതന്നെ നിൽക്കുകയാണ്. തക്കാളി ഇപ്പോഴും സാധാരണക്കാരന്റെ അടുക്കളയിൽനിന്ന് അകന്നുനിൽക്കുന്നു. കിലോയ്ക്ക് ഇപ്പോഴും നൂറു രൂപയ്ക്കു മുകളിലാണ് വില.
കേന്ദ്രസർക്കാർ നിർദേശപ്രകാരം നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും(എൻസിസിഎഫ്) നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും(നാഫെഡ്) ചേർന്നു തക്കാളി സംഭരണം ആരംഭിക്കുകയും കിലോയ്ക്ക് 70 രൂപ പ്രകാരം കഴിഞ്ഞ 16ന് വില്പന ആരംഭിക്കുകയും ചെയ്തെങ്കിലും കേരളത്തിൽ ഇതിന്റെ പ്രയോജനം കണ്ടുതുടങ്ങിയിട്ടില്ല. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 200 രൂപ കടന്നിരിക്കുകയാണ്. സവോളയ്ക്കും കിഴങ്ങിനും വില കൂടിയിട്ടില്ലെന്നതു ചെറിയ ആശ്വാസംതന്നെ.
സർക്കാർ വിപണിയിൽ ഇടപെട്ടെങ്കിൽ മാത്രമേ അവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താനാകൂ. സപ്ലൈകോയുടെ വിപണി ഇടപെടലിനു സാന്പത്തിക പ്രതിസന്ധി തടസമാകുന്നു. പണം ലഭിക്കാനുള്ളതിനാൽ പല കന്പനികളും ഇ-ടെൻഡറിൽനിന്നു പിന്മാറിയത് സപ്ലൈകോയെ നോക്കുകുത്തിയാക്കുന്നു. 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ നൽകുന്നത്. നിലവിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കടല, വൻപയർ, ചെറുപയർ തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. ഏതായാലും, ഓഗസ്റ്റ് ആദ്യത്തോടെ പുതിയ സ്റ്റോക്കെത്തുമെന്നും എല്ലാ സാധനങ്ങളും ലഭിക്കുമെന്നുമുള്ള ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കാം.
പുതിയ സാന്പത്തികവർഷം ആരംഭിച്ചിട്ടു നാലു മാസം പിന്നിടുന്പോൾ ശരാശരി മലയാളി കുടുംബത്തിന്റെ പ്രതിമാസ ചെലവ് 5,000 രൂപ മുതൽ 10,000 രൂപവരെ വർധിച്ചതായാണ് ഏകദേശ അനുമാനം. പെട്രോൾ, ഡീസൽ വിലയും സെസും മുതൽ വെള്ളക്കരവും വൈദ്യുതിനിരക്കും പാചകവാതകവും പച്ചക്കറിയുൾപ്പെടെയുള്ളവയുടെ വിലയും വർധിച്ചതോടെ കുടുംബബജറ്റ് പാടെ താളം തെറ്റി. സംസ്ഥാനത്തു പല നികുതികളും അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിലാണിപ്പോൾ. കൊടുക്കാനുള്ളത് കൊടുക്കുകയും കിട്ടാനുള്ളത് കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനം എങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കാൻപോലും സർക്കാർ തയാറാകുന്നില്ലെന്നതാണ് ഏറെ ദുഃഖിപ്പിക്കുന്നത്.
വിവിധയിനത്തിൽ ജനങ്ങളിൽനിന്നു പരമാവധി പിഴിഞ്ഞിട്ടും അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെയാണു സംസ്ഥാനം കടന്നുപോകുന്നത്. ഇതിനിടയിലാണ് ഓണക്കാലമെത്തുന്നത്. 7,850 കോടി രൂപയാണ് ഓണക്കാല ചെലവുകൾക്കായി വേണ്ടത്. 2013ൽ എടുത്ത 1,500 കോടിയുടെ വായ്പാ തിരിച്ചടവിനുള്ള സമയവുമായി. ബോണസ്, ഉത്സവബത്ത, ശന്പള അഡ്വാൻസ്, ക്ഷേമപെൻഷനുകൾ എന്നിവയാണ് പ്രധാന ചെലവുകൾ.
ശന്പളത്തിനും പെൻഷനുമായി വേണ്ടത് 5,500 കോടി രൂപയാണ്. രണ്ടു മാസത്തെ ക്ഷേമപെൻഷന് 1,700 കോടി വേണം. ബോണസിനും അഡ്വാൻസിനും ഉത്സവബത്തയ്ക്കുമായി 600 കോടിയും വേണം. കെഎസ്ആർടിസിക്കുള്ള മാസവിഹിതം 50 കോടിയും. ഈ സാന്പത്തികവർഷം പൊതുവിപണിയിൽനിന്ന് കേരളത്തിനു കടമെടുക്കാമെന്ന് കേന്ദ്രം സമ്മതിച്ചിരുന്നു.
എന്നാൽ, കടമെടുക്കാൻ അനുമതി ലഭിച്ച 32,442 കോടിയിൽ ഒറ്റയടിക്ക് 17,052 കോടി രൂപ വെട്ടിക്കുറച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി. ഇതോടെ ഈ വർഷം കടമെടുക്കാൻ കഴിയുന്ന തുക 15,390 കോടിയായി കുറഞ്ഞു. ഇതിൽ 11,500 കോടിയും എടുത്തുകഴിഞ്ഞു. ശേഷിക്കുന്നത് 3,890 കോടിയാണ്. 1000 കോടി ഈയാഴ്ച കടമെടുക്കും. ശേഷിക്കുന്ന 2,890 കോടികൊണ്ട് എങ്ങനെ ഓണച്ചെലവുകൾ മറികടക്കുമെന്നതും വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.