ഈ ഒളിന്പിക്സ് താരങ്ങളെ നെഞ്ചോടു ചേർക്കണം
പൊതുസമൂഹത്തിന്റെ വിജയ മാനദണ്ഡങ്ങളിലും സങ്കൽപ്പങ്ങളിലും സ്പെഷല്‍ ഒളിന്പിക്സ് കായികതാരങ്ങൾ ഉൾപ്പെടുന്നില്ലായിരിക്കും. വൈകിപ്പോയെങ്കിലും അവഗണിക്കുകയല്ല, ഈ താരങ്ങളെ നെഞ്ചോടു ചേർക്കുകയാണു വേണ്ടത്.
പൊന്നിലും വെള്ളിയിലും വെങ്കലത്തിലും തീർത്ത മെഡലുകളുമായി നാടിന് അഭിമാനമായി അവർ വന്നിട്ടുണ്ട്. പക്ഷേ, നന്ദികേടിന്റെ നിശബ്ദത അവരെ തളർത്തിക്കളയരുത്. ജർമനിയിലെ ബർലിനിൽ നടന്ന സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുത്തു മെഡലുകളുമായി കേരളത്തിൽ മടങ്ങിവന്നവരെക്കുറിച്ചാണ് പറയുന്നത്. ഉന്നതനേട്ടങ്ങൾ കൈവരിക്കുന്ന കായികതാരങ്ങൾക്കു നൽകുന്ന പരിഗണനയും അംഗീകാരവും അവർക്കു ലഭിച്ചിട്ടുണ്ടോയെന്ന് കേരളം ആത്മപരിശോധന നടത്തേണ്ടതാണ്. രാജ്യത്തിന്റെ യശസുയർത്തിയ ഈ കായികതാരങ്ങളെ വിളിച്ച് അഭിനന്ദിക്കാൻപോലും സംസ്ഥാന സർക്കാരോ കായികവകുപ്പോ തയാറാകാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ നിസംഗത ക്രൂരമാണ്; തിരുത്തുകതന്നെ വേണം.
ജൂണ്‍ 17 മുതല്‍ 25 വരെ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ 190 രാജ്യങ്ങളിൽനിന്നായി 7,000 അത്ലറ്റുകളാണ് പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച 173 താരങ്ങളില്‍ 22 പേര് കേരളത്തില്‍നിന്നായിരുന്നു. 76 സ്വർണമടക്കം 202 മെഡലുകളുമായിട്ടാണ് ഇന്ത്യ മികവ് തെളിയിച്ചത്. അതിൽ ഏഴു സ്വര്‍ണം, നാലു വെള്ളി, മൂന്നു വെങ്കലം മെഡലുകളാണ് മലയാളിതാരങ്ങള്‍ നേടിയത്. സംസ്ഥാനത്തെ 14 സ്പെഷൽ സ്കൂളുകളിലെ 23 വിദ്യാർഥികൾ ഒളിന്പിക്സിൽ പങ്കെടുത്തു. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമുയര്‍ത്തിയ നേട്ടങ്ങളാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ഈ കായികതാരങ്ങളെ മാത്രമല്ല, അവർക്ക് ആത്മവിശ്വാസം നൽകി നേട്ടങ്ങൾക്ക് അർഹരാക്കിയവരെയും നിരാശപ്പെടുത്തുന്നതാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള ഒളിന്പിക്സായതിനാൽ മനുഷ്യർ സഹജീവികളോടു കാണിക്കുന്ന പരിഗണനയും കരുതലും ഇതിലുണ്ടാകണം.
അന്താരാഷ്ട്രതലത്തിൽ കായികമികവു തെളിയിച്ച സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ ജോലിയിൽ അർഹമായ പരിഗണന ഉറപ്പാക്കണമെന്നാണ് ‘സ്പെഷൽ ഒളിമ്പിക്സ് ഭാരത്’ കേരള ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ആവശ്യപ്പെടുന്നത്. മുന്‍ സര്‍ക്കാരുകള്‍ പലതും സ്പെഷല്‍ സ്കൂള്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇത്തവണ സ്പെഷല്‍ ഒളിമ്പിക്സിനു പോയവര്‍ക്കോ മെഡല്‍ നേടി വന്നവര്‍ക്കോ പരിഗണന ലഭിക്കാത്തത് അനീതിയാണെന്നാണ് സ്പെഷല്‍ ഒളിമ്പിക്സ് ഭാരത്-കേരള പ്രോഗ്രാം മാനേജര്‍ സിസ്റ്റര്‍ റാണി ജോ ചൂണ്ടിക്കാട്ടിയത്.
രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു വിജയശ്രീലാളിതരായി മടങ്ങിയെത്തിയവരോട് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്നു സർക്കാരിന് തോന്നുന്നില്ലെന്നത് അവിശ്വസനീയമാണ്. മത്സരത്തിന് കായികതാരങ്ങളെ യാത്രയയയ്ക്കുന്നതിനു മുന്‍പുതന്നെ ഹരിയാനയിൽ ആഭ്യന്തരമന്ത്രി അവരെ നേരിട്ടുകണ്ട് പ്രോത്സാഹിപ്പിച്ചു. ദൗലത്താബാദിൽ സ്പെഷൽ കായികതാരങ്ങൾക്കായി സ്റ്റേഡിയം പണിയുന്നതിന് 50 ലക്ഷം രൂപ അദ്ദേഹം അനുവദിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ മത്സരം കഴിഞ്ഞെത്തിയവർക്കു സർക്കാർ തലത്തിലാണ് സ്വീകരണം നൽകുന്നത്. അസാമാന്യ വിജയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുന്നുവെന്നും, ഉൾക്കൊള്ളലിന്റെ ഈ മനോഭാവത്തെ ആഘോഷിക്കുകയും ശ്രദ്ധേയരായ ഈ കായികതാരങ്ങളുടെ സ്ഥിരോത്സാഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
കേരളത്തിലെ സ്പെഷൽ സ്കൂളുകൾ വലിയ പരിമിതികളിലൂടെയാണ് മുന്നോട്ടു പോകുന്നത്. സർക്കാർ സഹായം യഥാസമയം ലഭിക്കാത്തതുമൂലം പല ജില്ലകളിലെയും സ്കൂളുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. സ്പെഷൽ സ്കൂളുകളുടെ പ്രതിസന്ധികൾ മറികടക്കാൻ 2022 ഓഗസ്റ്റിൽ സർക്കാർ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. ഇതിനൊക്കെ പുറമേയാണ് മഹത്തായ നേട്ടം കൈവരിച്ചിട്ടും സർക്കാർ പുലർത്തുന്ന നിസംഗത. നാം ഇങ്ങനെയായിരുന്നില്ല.
2014ല്‍ സ്പെഷല്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്കിയ പാരിതോഷികം മൂന്നുലക്ഷം രൂപ വീതമാണ്. വെള്ളിമെഡല്‍ ജേതാക്കള്‍ക്കു രണ്ടുലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് ഒരുലക്ഷം രൂപയും അന്നു സര്‍ക്കാര്‍ നല്കി. 2016ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യ-പസഫിക് സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളിതാരങ്ങളുടെ യാത്രച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികമായി കാഷ് പ്രൈസുകളും നല്‍കിയിരുന്നു.
പൊതുസമൂഹത്തിന്റെ വിജയ മാനദണ്ഡങ്ങളിലും സങ്കൽപ്പങ്ങളിലും ഈ കായികതാരങ്ങൾ ഉൾപ്പെടുന്നില്ലായിരിക്കും. പക്ഷേ, അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ സന്യസ്തർ ഉൾപ്പെടെ നിരവധി നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് അവഗണനയുടെ പാതകളിൽ കുതിച്ചുപായാൻ അവർക്കു കരുത്തു ലഭിക്കുന്നത്. ഈ ഓട്ടത്തിൽ വെറും കാഴ്ചക്കാരുടെ പങ്കാണ് സർക്കാരിനെങ്കിൽ അതു തിരുത്താനുള്ള സമയമാണിത്. വൈകിപ്പോയെങ്കിലും അവഗണിക്കുകയല്ല, ഈ ഒളിന്പിക്സ് താരങ്ങളെ നെഞ്ചോടു ചേർക്കുകയാണു വേണ്ടത്.