തടയാനാവില്ലെങ്കിൽ അടിച്ചൊതുക്കണം
പ്രണയത്തിന്റെ മുഖംമൂടിയിട്ടെത്തുന്ന തെമ്മാടിക്കൂട്ടത്തെ പേടിച്ച് നാട്ടിൽ ജീവിക്കാൻ വയ്യാതായിരിക്കുന്നു. വർക്കലയിൽ മകളുടെ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട വാർത്തയാണ് ഇതിൽ ഏറ്റവും പുതിയത്. വിവാഹാഭ്യർഥന നിരസിച്ചതിനാണ് വിവാഹവീട്ടിൽ യുവാവ് വീട്ടുകാരും കൂട്ടുകാരുമായെത്തി പെൺകുട്ടിയെയും വീട്ടുകാരെയും ആക്രമിക്കുകയും ഗൃഹനാഥനെ നിഷ്ഠുരം വധിക്കുകയും ചെയ്തത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വഴിപിഴച്ച ജീവിതത്തിന്റെയും ഇടവഴി കയറി വീട്ടിലും നാട്ടിലും പേക്കൂത്തിനിറങ്ങുന്ന കുറ്റവാളിസംഘത്തിന്റെ പ്രതിനിധികളാണ് ഒരു വീടിന്റെ സന്തോഷത്തെയും സമാധാനത്തെയും ചോരയിൽ കുളിപ്പിച്ചത്. ഇത്തരം കുറ്റവാളിക്കൂട്ടങ്ങളെ തിരുത്താനും തടയാനുമാകില്ലെങ്കിൽ ഇനി അടിച്ചമർത്തുകയേ വഴിയുള്ളൂ; സർക്കാർ മടിക്കരുത്.
വർക്കല വടശേരിക്കോണത്ത് ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ദാരുണ സംഭവം. വിവാഹത്തലേന്നത്തെ ആഘോഷങ്ങൾക്കുശേഷം ആളുകൾ മടങ്ങിയ സമയത്ത് വീട്ടിലേക്ക് ഇരച്ചുകയറിയവർ പ്രതിശ്രുത വധുവിനെയും കുടുംബാംഗങ്ങളെയും മർദിക്കുകയും പിതാവ് രാജുവിനെ മൺവെട്ടിക്ക് അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. സമീപവാസിയായ ജിഷ്ണുവും സഹോദരന് ജിജിനും രണ്ടു സുഹൃത്തുക്കളുമാണ് അക്രമികൾ. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണുവിന്റെ വിവാഹാഭ്യർഥന നിരസിച്ചതാണത്രേ പ്രകോപനം.
ജിഷ്ണുവിന്റെ കുടുംബപശ്ചാത്തലം മോശമായതിനാലാണ് വിവാഹാഭ്യർഥന നിരസിച്ചതെന്നു ബന്ധുക്കൾ പറയുന്നു. ആ നിഗമനം എത്ര ശരിയായിരുന്നെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഇത്തരം തെമ്മാടികളെ വിവാഹം കഴിക്കാൻ ലോകത്തൊരു പെൺകുട്ടിയും തയാറാകില്ല. മാതാപിതാക്കൾ അനുവദിക്കുകയുമില്ല. അതോടെ പകയുമായി തക്കംപാർത്തിരിക്കുന്ന ‘വിഷജന്തുക്കൾ’ കേരളത്തിന്റെ ശാപമായിക്കഴിഞ്ഞു. വർക്കലയിലെ നാലംഗ ഗുണ്ടാസംഘം വെട്ടിവീഴ്ത്തിയത് രാജുവെന്ന അച്ഛനെ മാത്രമല്ല, പെൺമക്കളുള്ള സകല കുടുംബങ്ങളുടെയും സമാധാനമാണ്. സഹോദരനൊപ്പമാണ് പ്രതി എത്തിയതെങ്കിൽ മാതാപിതാക്കൾക്കുൾപ്പെടെ ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഈ ക്രിമിനലുകൾക്കും അവരെ വളർത്തിയവർക്കും ഉറപ്പാക്കുന്ന ശിക്ഷ ഇതേ മനോഭാവമുള്ളവർക്കു പാഠമാകണം.
ഉപരിപ്ലവമായ കെട്ടുകാഴ്ചകളിലൂടെയല്ല സുഹൃത്തുക്കളെയും പ്രണയം നടിച്ചെത്തുന്നവരെയും തിരിച്ചറിയേണ്ടതെന്ന് മലയാളിപ്പെൺകുട്ടികൾ മറക്കരുത്. അനുഭവങ്ങളൊന്നും പാഠമാകുന്നില്ല. കഴിഞ്ഞ ഡിസംബർ അവസാനമാണ് വർക്കലയിൽതന്നെ ഏതാണ്ട് സമാനമായ കാരണങ്ങളാൽ 17 വയസുകാരിയെ കഴുത്തറത്ത് കൊന്നത്. ആ സംഭവത്തിനു മാസങ്ങള്‍ക്കു മുമ്പ് സുഹൃത്ത് ഗോപു, അഖില്‍ എന്ന മറ്റൊരു പേരില്‍ പുതിയ ഫോണ്‍നമ്പറില്‍നിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചു. ചാറ്റില്‍ ആവശ്യപ്പെട്ടതു പ്രകാരം രാത്രി വീടിനു പുറത്തിറങ്ങിയ സംഗീതയെ ഗോപു കൊല്ലുകയായിരുന്നു.
ഇത്തരം സംശയരോഗികൾ ഒന്നും രണ്ടുമല്ല. കോട്ടയം കോതനല്ലൂരിലെ അരുൺ വിദ്യാധരൻ എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ സൈബർ ആക്രമണങ്ങളാണ് കഴിഞ്ഞ മേയ് ആദ്യം നാട്ടുകാരിയും സുഹൃത്തുമായ ആതിര എന്ന പെൺകുട്ടിയുടെ ജീവനെടുത്തത്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ പെൺകുട്ടി അകന്നതോടെ വ്യക്തിപരമായ ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലെ സംഭാഷണങ്ങളുമൊക്കെ അയാൾ പുറത്തുവിട്ടു. പോലീസ് ഇടപെട്ടിട്ടും ആ കുറ്റവാളിയെ നിയന്ത്രിക്കാനായില്ല. തുടർന്ന് ആതിര കിടപ്പുമുറിയിൽ ജീവനൊടുക്കുകയായിരുന്നു.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ 2021ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്, രാജ്യത്തെ 29,193 കൊലപാതകങ്ങളിൽ 3,031 എണ്ണവും പ്രണയവുമായി ബന്ധപ്പെട്ടാണ് എന്നാണ്. അതായത്, 10 ശതമാനത്തിലേറെ. മറ്റു കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞപ്പോഴാണ് പ്രണയ കൊലപാതകങ്ങൾ വർധിച്ചത്. കൊലപാതകത്തിൽ കലാശിച്ചിട്ടില്ലെങ്കിലും നിരവധി പെൺകുട്ടികളും കുടുംബങ്ങളും ഇത്തരം കൊടുംകുറ്റവാളികളുടെ കെണിയിൽ പെട്ടിട്ടുണ്ട്. ഇതൊക്കെ പെൺകുട്ടികൾ വീട്ടിൽ അറിയിക്കുന്നത് മിക്കവാറും കാര്യങ്ങൾ കൈവിടുന്പോഴായിരിക്കും.
പെൺകുട്ടികളുടെ ജാഗ്രതയാണ് പ്രധാനം. മാതാപിതാക്കളും സഹോദരങ്ങളും അറിയാത്ത ഒരു സൗഹൃദവും ഉണ്ടാകില്ലെന്നു തീരുമാനിക്കണം. പ്രണയം ഉറപ്പാക്കാൻ സുഹൃത്തുക്കളും സ്വാതന്ത്ര്യവാദികളും പരിഷ്കാരികളുമൊക്കെ ചുറ്റിനുമുണ്ടാകും. മൺവെട്ടിക്ക് അടി വരുന്പോഴും കത്തിയുമായി പാഞ്ഞടുക്കുന്പോഴും ഇക്കൂട്ടരെയൊന്നും പൊടിയിട്ടാൽ കാണില്ല. തടയാനും കൊല്ലപ്പെടാനും ബാക്കിയാകുന്നത് മാതാപിതാക്കളും സഹോദരങ്ങളും മാത്രം. എഫ്ഐആർ എഴുതി പോലീസും പണി തീർക്കും. പെൺമക്കളേ, നിങ്ങളുടെ ഒരു മൊബൈൽ ചാറ്റ് നിങ്ങളുടെ മാത്രമല്ല, കുടുംബത്തിന്റെയും ചരമഗീതമായേക്കാമെന്നു മറക്കരുത്. യാതൊരു നിയന്ത്രണവുമില്ലാതെ ആൺമക്കളെ ‘അഴിച്ചുവിടുന്ന’ മാതാപിതാക്കളും തിരിച്ചറിയണം, അവർ ചിന്തുന്ന ചോര നിങ്ങളുടെ വളർത്തുദോഷത്തിന്റെ ഫലംകൂടിയാണെന്ന്.
മയക്കുമരുന്നു-ഗുണ്ടാസംഘങ്ങൾ നാടു നിറഞ്ഞത് സർക്കാർ മാത്രം അറിഞ്ഞിട്ടില്ല; അവരിലേറെയും തല്ലാനും കൊല്ലാനും മാത്രമായി പ്രേമിക്കുന്ന മനോരോഗികളാണെന്നും. ഇവരെയൊക്കെ പേടിച്ചു ജീവിക്കാനാണോ ജനങ്ങളുടെ വിധിയെന്ന്, ജനവിധിയിലൂടെ അധികാരത്തിലെത്തിയവർ പറയട്ടെ.