കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കേരളം ഭരിക്കുന്ന സിപിഎമ്മിനെയും ഒഴിവാക്കി പത്മനാഭൻ പറഞ്ഞ ഭയത്തിന്റെ വേരുകൾ തിരയാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിയറവ് പറയിപ്പിക്കുന്നതിൽ ഡൽഹി നടത്തിയ അഭ്യാസങ്ങൾ ഏതാണ്ട് വിജയകരമായെന്ന ബോധ്യമാവാം തിരുവനന്തപുരത്തെ പ്രലോഭിപ്പിച്ചത്.
നന്മ പരത്തിയ പ്രകാശത്തെ അക്ഷരങ്ങളാക്കി സാഹിത്യത്തിന്റെ ഉമ്മറപ്പടിയിൽ തൂക്കിയ കഥാകാരനാണ് ടി. പത്മനാഭൻ. അദ്ദേഹമിപ്പോൾ പറയുന്നത് പ്രകാശത്തെക്കുറിച്ചല്ല, ഭയം പരത്തുന്ന ഇരുട്ടിനെക്കുറിച്ചാണ്. കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയമാണെന്ന വെളിപ്പെടുത്തൽ പക്ഷേ, കഥയല്ല, കാര്യമാണ്. രാജ്യത്തു വ്യാപിക്കുന്ന ഭയത്തിന്റെ വാഴ്ചയെ തിരിച്ചറിയുന്നവർ ഏറെയുണ്ടെങ്കിലും ഭയത്താലും ഭ്രമത്താലും വിളിച്ചുപറയാനാകുന്നില്ല. പക്ഷേ, ഒരാളിതാ മുന്നോട്ടു വന്നിരിക്കുന്നു; ടി. പത്മനാഭൻ. സമകാലിക രാഷ്ട്രീയത്തിന്റെ ഏകാധിപത്യ വ്യവഹാരങ്ങളെ അംഗീകരിച്ച് അടിയറവു പറയുകയല്ല പൗര-പ്രതിപക്ഷ രാഷ്ട്രീയ ധർമമെന്ന ഓർമപ്പെടുത്തൽകൂടിയാണ് അത്.
തിരുവനന്തപുരത്ത് സംസ്കാര സാഹിതിയുടെ പ്രഥമ ടാഗോര്‍ പുരസ്കാരം സ്വീകരിച്ച് പ്രസംഗിക്കവേയാണ് കേന്ദ്രത്തെയും കേരളത്തെയും ഭരിക്കുന്നതു ഭയമാണെന്ന് ടി. പത്മനാഭൻ പറഞ്ഞത്. ഈ ഭയത്തില്‍നിന്നു മോചനം വേണമെന്നും ഗാന്ധിയെയും നെഹ്റുവിനെയും ആസാദിനെയും തമസ്കരിക്കുന്നവര്‍ ഇനി ടാഗോറിനെയും തമസ്കരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ഇന്ത്യയെ വിശദീകരിക്കാൻ അദ്ദേഹത്തിനു രണ്ടു വാചകം ധാരാളമായിരുന്നു. അതിലൂടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും നേർക്ക് പാഞ്ഞടുക്കുന്ന ഹിംസയെ അദ്ദേഹം രാജ്യസമക്ഷം തുറന്നുകാണിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കേരളം ഭരിക്കുന്ന സിപിഎമ്മിനെയും ഒഴിവാക്കി പത്മനാഭൻ പറഞ്ഞ ഭയത്തിന്റെ വേരുകൾ തിരയാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിയറവ് പറയിക്കുന്നതിൽ ഡൽഹി നടത്തിയ അഭ്യാസങ്ങൾ ഏതാണ്ട് വിജയകരമായെന്ന ബോധ്യമാവാം തിരുവനന്തപുരത്തെ പ്രലോഭിപ്പിച്ചത്. പത്രസമ്മേളനങ്ങൾ നടത്താതെ മാധ്യമങ്ങളെ അവഗണിച്ചവർ പിന്നീട് അവയുടെ വായടപ്പിക്കാൻ തുനിഞ്ഞിറങ്ങി. നിരവധിപേർ ചെറുത്തുനിൽപ്പിനു ശ്രമിക്കാതെ സർക്കാരിന്റെ അരുമകളായി. അതോടെ, ആഗോള മാധ്യമസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം അധഃപതിക്കാൻ തുടങ്ങി. 2022ലെ 50-ാം സ്ഥാനത്തുനിന്ന് ഇക്കൊല്ലം 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയിൽ 19 രാജ്യങ്ങളേ നമുക്കു പിന്നിലുള്ളൂ.
കേരളത്തിലും മാറ്റം സംഭവിച്ചു. മാധ്യമപ്രവർത്തകർക്കു വിവരം കിട്ടിയത് എവിടെനിന്നാണെന്നറിയാൻ പോലീസിനെ ഉപയോഗിച്ചു ചോദ്യംചെയ്തു. ഒരു സർവകലാശാലയുടെ വെബ്സൈറ്റിലെ വിവരങ്ങൾ ചൂണ്ടിക്കാണിച്ചതിനു ഗൂഢാലോചനക്കേസെടുത്തു. പാർട്ടിക്കാരായ അധ്യാപകരും വിദ്യാർഥികളും സർവകലാശാലകളിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും വ്യാപകമാകുന്ന അഴിമതികളുമൊക്കെ റിപ്പോർട്ട് ചെയ്താൽ ഏതോ മഹത്തായ വിപ്ലവത്തിൽ പങ്കെടുക്കുകയാണെന്ന മട്ടിലാണ് നേതാക്കളുടെ രോഷപ്രകടനം.
കമ്യൂണിസ്റ്റ് നാടുകളിലെ അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യത്തിന്റെയും ഏകാധിപതികൾ ഉത്പാദിപ്പിക്കുന്ന ഭയത്തിന്റെയും അളവ് കേരളത്തിലുള്ളവർക്ക് അറിയാം. കമ്യൂണിസ്റ്റ് സർവാധിപത്യം വരാനല്ല കേരളത്തിലെ ജനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടികളെ തെരഞ്ഞെടുത്തിട്ടുള്ളത്. മറിച്ച്, ആ പാർട്ടികൾ ജനാധിപത്യത്തെ അംഗീകരിച്ചതുകൊണ്ടും ഒപ്പം സ്വാതന്ത്ര്യവും മതേതരത്വവും ഉറപ്പു നൽകുന്ന ഭരണഘടനയ്ക്കു വിധേയമായിരിക്കുമെന്നു ജനം കരുതുന്നതുകൊണ്ടുമാണ്. ബിജെപിയുടെ മാധ്യമവിരുദ്ധതയും സിപിഎമ്മിന്റെ മാധ്യമവിരുദ്ധതയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലമതിക്കുന്നവർക്ക് ഒരുപോലെയാണ്. തങ്ങളുടെ ഫാസിസം മഹത്തായതാണെന്ന് വാദിക്കുന്നതുപോലെയാണ് കേന്ദ്രത്തിലെയും കേരളത്തിലെയും പാർട്ടിക്കാർ അപഹാസ്യമായ അധരവ്യായാമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഗാന്ധിയെയും നെഹ്റുവിനെയും ആസാദിനെയും തമസ്കരിക്കുന്നവര്‍ ഇനി ടാഗോറിനെയും തമസ്കരിക്കുന്നകാലം വിദൂരമല്ലെന്നും പത്മനാഭൻ പ്രവചിച്ചു. ഗാന്ധിജിയെ പരസ്യമായി വന്ദിക്കുകയും പരിവാരങ്ങളാൽ നിന്ദിക്കുകയും ചെയ്യുന്നുണ്ട്. അടക്കാനാവാത്ത രോഷത്തോടെയാണ് നെഹ്റുവിനെ പരസ്യമായി ആക്രമിക്കുന്നത്. സ്വാതന്ത്ര്യ പോരാളിയും ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൾ കലാം ആസാദിനെയും പാഠപുസ്തകങ്ങളിൽനിന്നു പുറത്താക്കുകയാണ്. തീവ്ര ദേശീയവാദത്തിനു ടാഗോറിനെയും തമസ്കരിക്കേണ്ടിവന്നേക്കും. കാരണം, രാജ്യസ്നേഹം തന്റെ ആത്മീയാഭയമല്ലെന്നും മനുഷ്യവംശ സാഹോദര്യത്തിനു മുകളിൽ രാജ്യസ്നേഹത്തിന്റെ പതാക ഉയർന്നു പറക്കാൻ ജീവനുള്ളിടത്തോളം കാലം താൻ അനുവദിക്കില്ലെന്നും തുറന്നു പറഞ്ഞയാളാണ് രവീന്ദ്രനാഥ ടാഗോർ. ആ പറച്ചിൽ ഇന്നായിരുന്നെങ്കിലോ? രാജ്യസ്നേഹത്തിന്റെ പേരിൽ സഹജീവികളുടെ മുതുകത്ത് ഭയത്തിന്റെ ചാട്ട വീശുന്നവർ ടാഗോറിനെ വെറുതേ വിടുമോ? പത്മനാഭന്റെ വാക്കുകൾ ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ പുറത്തല്ല, കളത്തിലിറങ്ങി കളിച്ചയാളാണു താനെന്നും ആ വീര്യമൊന്നും ചോർന്നുപോയിട്ടില്ലെന്നും അദ്ദേഹം പറയുന്പോൾ, വ്യാപകമാകുന്ന ഭയത്തിൽനിന്നു മോചനം നേടാൻ ധീരതയോടെ പൊരുതാനുള്ള ആഹ്വാനവും അതിലുണ്ട്. സ്വാതന്ത്ര്യം, നിത്യവും വീശുന്ന കുളിർകാറ്റുപോലെ സൗജന്യമല്ലെന്നും ചോരയും നീരും വിലയായി കൊടുത്ത പോരാട്ടങ്ങളുടെ ഫലമാണെന്നും ഓർമകളുണ്ടാകണം; കാവൽക്കാരാകുകയും വേണം.