വിലക്കയറ്റച്ചുഴലി അടുപ്പണയ്ക്കുന്നു
പഞ്ചായത്ത്-വില്ലേജ് സേവനനിരക്കുകളും വൈദ്യുതിക്കും വെള്ളത്തിനുമുൾപ്പെടെയുള്ള നിരക്കുകളും കൂട്ടി ജനത്തെ പാപ്പരാക്കിയതിനു പിന്നാലെയാണ് സകല കണക്കുകൂട്ടലും
തെറ്റിക്കുന്ന വിലക്കയറ്റവും. കാര്യങ്ങൾ പിടിവിട്ടു നിൽക്കുകയാണ്.
ഇറച്ചിക്കും മീനിനും പച്ചക്കറികൾക്കും ഒരുപോലെ വില കൂടിയതിനാൽ താറുമാറായ കുടുംബബജറ്റിനെക്കുറിച്ച് സർക്കാരിനും വേവലാതിയുണ്ടാകണം. കാര്യങ്ങൾ പിടിവിട്ടു നിൽക്കുകയാണ്. പഞ്ചായത്ത്-വില്ലേജ് സേവനനിരക്കുകളും വൈദ്യുതിക്കും വെള്ളത്തിനുമുൾപ്പെടെയുള്ള നിരക്കുകളും കൂട്ടി ജനത്തെ പാപ്പരാക്കിയതിനു പിന്നാലെയാണ് സകല കണക്കുകൂട്ടലും തെറ്റിക്കുന്ന വിലക്കയറ്റമെന്നും മറക്കരുത്. കാര്യമായ ഇടപെടലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കാലവർഷം തുടങ്ങിയതോടെ ദിവസക്കൂലിക്കാരുടെ തൊഴിൽസാധ്യതയിലും വലിയ കുറവാണുണ്ടായിട്ടുള്ളത്. മന്ത്രിമാരും സർക്കാർ ജീവനക്കാരും സന്പന്നരും ഒഴികെയുള്ള മഹാഭൂരിപക്ഷത്തിന്റെയും വീടുകളിൽ വിലക്കയറ്റത്തിന്റെ ചുഴലിക്കാറ്റ് അടുപ്പിലെ തീ കെടുത്തുകയാണ്; സർക്കാർ ഓടിയൊളിക്കരുത്.
പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കുടുംബങ്ങളിലെ തീൻമേശകളിൽ എല്ലാ വിഭവങ്ങളുമൊന്നും സാധാരണ ഉണ്ടാകാറില്ല. പച്ചക്കറികൾക്കു വില കൂടിയാൽ വിലകുറഞ്ഞ മീനോ കോഴിയിറച്ചിയോ വാങ്ങി പരിഹരിക്കും. പക്ഷേ, എല്ലാറ്റിനും ഒരുപോലെ വില കൂടിയാൽ എന്തു ചെയ്യും? ഇതൊന്നും സ്പോൺസർ ചെയ്യാൻ ആരുമുണ്ടാകില്ലല്ലോ. കോഴിയിറച്ചിക്ക് 165 മുതൽ 170 വരെയായി വില. കോഴിമുട്ടയ്ക്ക് ഏഴു രൂപ. സാധാരണ ഏറ്റവും വിലക്കുറവിൽ ലഭിച്ചിരുന്ന മത്തിക്കും കിളിമീനിനുമൊക്കെ 260 രൂപ. അയലയ്ക്ക് 340 വരെയായി. മുന്തിയ മീനുകളുടെ വില സാധാരണക്കാർക്കു ചിന്തിക്കാവുന്നതിനു മുകളിലാണ്.
പോത്തിറച്ചിക്കു 360 മുതൽ 400 രൂപവരെ വിലയായതോടെ പാവങ്ങൾ പണ്ടേ പിൻവലിഞ്ഞു. പച്ചക്കറിക്കടയിലേക്കും കയറാനാവില്ല. ആളുകൾ കൂടുതൽ വാങ്ങുന്ന പച്ചക്കറികളുടെ വില ഇരട്ടിയിലേറെയാണ് കുതിച്ചുകയറിയത്
. വെളുത്തുള്ളി 150, ഇഞ്ചി 220, ചെറിയ ഉള്ളി 80, തക്കാളി 40, കിഴങ്ങ് 40, ബീൻസ് 110, പച്ചമുളക് 90, കാരറ്റ് 90 എന്നിങ്ങനെയാണ് വില. 100 രൂപയ്ക്ക് അത്യാവശ്യ സാധനങ്ങളെല്ലാം കുറേശ്ശേ ഉൾപ്പെടുത്തി പാതയോരങ്ങളിൽ പച്ചക്കറിക്കിറ്റ് വൽപ്പന നടത്തിയവരെയും കാണാനില്ല. ഉള്ളവർ കിറ്റിന്റെ തൂക്കം കുറയ്ക്കുകയും ചെയ്തു. പലചരക്കുകടയിലും എല്ലാറ്റിനും വിലക്കയറ്റമായി. ഉണങ്ങിയ പയർവർഗങ്ങൾക്കെല്ലാം വില കൂടി.സർക്കാർ കിറ്റ് കൊടുത്ത് നാടിന്റെ വിശപ്പടക്കേണ്ട സമയമാണ്. പക്ഷേ, തൊട്ടുപിന്നാലെ നികുതി വർധിപ്പിച്ച് അതിന്റെ പലിശ സഹിതം പിഴയീടാക്കാനാണെങ്കിൽ വേണ്ട.
കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി ഉത്പാദനം കുറയാനിടയാക്കിയത്. പഴങ്ങൾക്കും വില കൂടി. 51 ദിവസത്തെ ട്രോളിംഗ് നിരോധനം തുടങ്ങിയതോടെയാണ് മത്സ്യവില വർധിച്ചത്. ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്നതും മുംബൈ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നതും ഫാമുകളിൽ ഉത്പാദിപ്പിക്കുന്നതുമായ മീനുകളാണ് ഇപ്പോഴുള്ളത്. കേരളം, കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം തുടങ്ങിയ സമയത്ത് തമിഴ്നാട്ടിലെ ട്രോളിംഗ് നിരോധനം കഴിഞ്ഞു. അതുകൊണ്ട്, തമിഴ്നാട്ടിലെ മീൻ എല്ലായിടത്തേക്കും എത്തിക്കുമെങ്കിലും അവർ വില കുറയ്ക്കാറില്ല. ബിപർജോയ് ചുഴലിക്കാറ്റ് സ്ഥിതി കൂടുതൽ വഷളാക്കും.
മീനിനും പച്ചക്കറിക്കും വില കൂടിയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറി. ഈ അവസരം മുതലാക്കുകയാണ് തമിഴ്നാട്ടിലെ കോഴിക്കച്ചവടക്കാരും ഇറക്കുമതിക്കാരും. ഓരോ ദിവസവും വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളതിലും കുറച്ച് കോഴിയാണ് കേരളത്തിലെ ചിക്കൻ സ്റ്റാളുകളിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസങ്ങളിലെ അമിതമായ ചൂടു മൂലം കേരളത്തിലെ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങിയതും തമിഴ്നാടിനു കൊള്ളലാഭത്തിനു വഴിയൊരുക്കി. അതേസമയം, ഇവിടെ കോഴി ഉത്പാദനം വർധിക്കുന്പോൾ തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്നവർ കുറഞ്ഞ വിലയ്ക്കു കോഴി ലഭ്യമാക്കുകയും ചെയ്യും. വിലവർധനയിൽ പ്രതിഷേധിച്ച് ഇന്നലെ കോഴിക്കച്ചവടക്കാർ സംസ്ഥാനത്തു പലയിടത്തും കടകൾ അടച്ചിട്ടു പ്രതിഷേധിച്ചു. കോഴിവില നിയന്ത്രിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളുടെ അപ്രമാദിത്വം അവസാനിപ്പിക്കുമെന്നും മലയാളിക്ക് 87 രൂപ വിലയ്ക്കു കോഴി നൽകുമെന്നും വീരവാദം പറഞ്ഞു
തുടങ്ങിയ കേരള ചിക്കന് വില 146 ആയി. സർക്കാർ പറഞ്ഞതൊക്കെ വിശ്വസിച്ച് ഇതിലേക്കു കടന്നുവന്നവർ പലരും കടം കയറി പരിപാടി നിർത്തി. കോഴിക്കുഞ്ഞുങ്ങളും വിരിയിക്കാനുള്ള മുട്ടയും കോഴിത്തീറ്റയുമൊന്നും സ്വന്തമായില്ലാതെ കോഴിയിറച്ചി കച്ചവടത്തിനിറങ്ങി നഷ്ടമുണ്ടാക്കിയ ചരിത്രമാണ് കേരള ചിക്കന്റേത്.
അരിക്കും പച്ചക്കറിക്കും കോഴിക്കും മീനിനുമെല്ലാം അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം ഇതുവരെ ഇവിടത്തെ കർഷകരെയും ഫാമുകളെയും പ്രോത്സാഹിപ്പിക്കുന്ന നയം പ്രാവർത്തികമാക്കിയിട്ടില്ല. അയൽസംസ്ഥാനങ്ങൾ നമ്മുടെ ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിക്കുന്ന വിധത്തിലായി കാര്യങ്ങൾ. ജനം പൊറുതിമുട്ടി. അടിയന്തരമയി ഇടപെടണം; സർക്കാരുണ്ടെന്നു ജനങ്ങൾക്കു തോന്നട്ടെ.