ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
എന്തൊക്കെയാണ് വ്യക്തിജീവിതത്തിലെയും സമൂഹത്തിലെയും കുറവുകളെന്നു തിരിച്ചറിയുന്നതാണ് എന്തു പഠിപ്പിക്കണമെന്ന തിരിച്ചറിവിലേക്കു നയിക്കുന്നത്. ആ രീതിയിൽ പാഠ്യപദ്ധതികൾ ക്രമീകരിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസകാലത്ത് രാഷ്ട്രീയം ആവശ്യമാണോയെന്നതിനെക്കുറിച്ചുള്ള ചർച്ച ഇനിയും തീർന്നിട്ടില്ല.
“ഒരു തലമുറയിലെ സ്കൂളുകളുടെ തത്വശാസ്ത്രമാണ് അടുത്ത തലമുറയിലെ സർക്കാരിന്റെ തത്വശാസ്ത്രം.” ഏബ്രഹാം ലിങ്കന്റെ വാക്കുകൾക്കു വലിയ പ്രസക്തിയുണ്ട് ഇക്കാലത്ത്; പ്രത്യേകിച്ച്, പുതിയ അധ്യയനവർഷം തുടങ്ങുന്ന ഈ ദിവസം. പഠിക്കാനെത്തുന്ന കുഞ്ഞുങ്ങളോടല്ല, പഠിപ്പിക്കുന്ന സർക്കാരിനോടാണ് ഇതു പറയേണ്ടിയിരിക്കുന്നത്. സർക്കാർ തീരുമാനിക്കുന്നതേ അധ്യാപകർക്കു പഠിപ്പിക്കാനാകൂ. സർക്കാരുകളുടെ പാഠ്യപദ്ധതി പരാജയങ്ങളാണ് ഇന്ത്യയുടെ പരാജയങ്ങളായി മാറുന്നത്. വെറുപ്പ്, വിദ്വേഷം, മതമൗലികവാദം, പരിസരമലിനീകരണം, നിയമലംഘനങ്ങൾ, സ്ത്രീവിവേചനം, സവർണ മനോഭാവം, അസഹിഷ്ണുത, അച്ചടക്കമില്ലായ്മ, അക്രമസ്വഭാവം, ലഹരി ഉപയോഗം തുടങ്ങിയവയൊക്കെ അപരിഷ്കൃതവും കുറ്റകൃത്യങ്ങളുമാണെന്ന ലക്ഷ്യബോധത്തോടെ പഠിപ്പിക്കാതിരുന്ന സർക്കാരാണ് ഇത്തരം സാമൂഹിക വിപത്തുകളുടെ ഉത്തരവാദി. അതേ, പഠിപ്പിക്കുന്നതു മാത്രമല്ല, പഠിപ്പിക്കാൻ വിട്ടുപോയതും നമ്മെയും നമ്മുടെ രാഷ്ട്രത്തെയും നിർവചിക്കുകതന്നെ ചെയ്യും.
വിദ്യാഭ്യാസരംഗത്ത് അടിയന്തരമായി ചെയ്യേണ്ടതും ദീർഘവീക്ഷണത്തോടെ ചെയ്യേണ്ടതുമായ കാര്യങ്ങളുണ്ട്. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുന്ന മയക്കുമരുന്നിനെ പടിക്കകത്തു കയറ്റാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി ചെയ്യേണ്ടതാണ്. സർക്കാരും അധ്യാപകരും മാതാപിതാക്കളും ജാഗ്രത പാലിക്കണം. വിദ്യാലയ വളപ്പുകളിൽപോലും മയക്കുമരുന്നിന്റെ പൊതികളും പുകയും നിറഞ്ഞിരിക്കുന്നു എന്നതു മാത്രമല്ല, കുട്ടികളുടെപോലും ആരാധനാപാത്രങ്ങളായ യുവസിനിമാ താരങ്ങളിലും മയക്കുമരുന്നടിമകളുടെ എണ്ണം കൂടുന്നു. രാഷ്ട്രീയക്കാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും മക്കൾവരെ ലഹരിയുടെ കെണിയിൽപെട്ടുപോയെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. ഗുജറാത്തിലെ മയക്കുമരുന്നുവേട്ടയുടെ കണക്കുകളെ വെല്ലുന്ന വേട്ടകളാണ് കൊച്ചിയിൽ നടക്കുന്നത്. എന്റെ മക്കൾ അതിലൊന്നും പെടില്ല എന്ന മാതാപിതാക്കളുടെ ആത്മവിശ്വാസം നല്ലതാണ്. ലഹരിക്കടിപ്പെട്ട ഏതാണ്ട് എല്ലാ കുട്ടികളുടേയും മാതാപിതാക്കൾ ഒരിക്കൽ അങ്ങനെ ചിന്തിച്ചിരുന്നെന്നുകൂടി ചേർത്തുവായിക്കണമെന്നു മാത്രം.
അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യം അധ്യാപക ഒഴിവുകൾ നികത്തണം എന്നതാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രഥമാധ്യാപകരെ താക്കീതു ചെയ്യേണ്ടതും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ ഏറെയുണ്ടായിട്ടും പിഎസ്എസി ലിസ്റ്റിൽനിന്നു ദിവസവേതനക്കാരെ നിയമിക്കുന്നതിന്റെ കാരണം പറയേണ്ടതും സർക്കാരാണ്. ഉച്ചക്കഞ്ഞിക്കുള്ള തുച്ഛമായ പണം കിട്ടാതെ പ്രഥമാധ്യാപകർ തെണ്ടിനടക്കുന്ന സാഹചര്യം ഇക്കൊല്ലവും ആവർത്തിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു! കാലവർഷത്തോടൊപ്പമാണ് സ്കൂൾ തുറക്കുന്നത്. മധ്യവേനലവധിയിലും കാലവർഷത്തിലുമാണ് പുഴകളിലും മറ്റു ജലാശയങ്ങളിലും കുളിക്കാനിറങ്ങുന്ന കുട്ടികളിലേറെയും മരണക്കയങ്ങളിലേക്കു പോകുന്നത്. അത്തരം അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നതും നീന്തൽ പഠിപ്പിക്കുന്നതുമൊക്കെ പഠനത്തിന്റെ ഭാഗമാകണം.
എന്തൊക്കെയാണ് വ്യക്തിജീവിതത്തിലെയും സമൂഹത്തിലെയും കുറവുകളെന്നു തിരിച്ചറിയുന്നതാണ് എന്തു പഠിപ്പിക്കണമെന്ന തിരിച്ചറിവിലേക്കു നയിക്കുന്നത്. ആ രീതിയിൽ പാഠ്യപദ്ധതികൾ ക്രമീകരിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. കുട്ടാനും കുറയ്ക്കാനുമല്ലാതെ ഗണിതശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ലാത്ത പതിനായിരങ്ങൾ അതിനു ശ്രമിച്ച് പഠനത്തെ തന്നെ ഭയക്കുകയും വെറുക്കുകയും ചെയ്യുകയാണ്. പ്രാഥമിക ജ്ഞാനമല്ലാതെ ഫിസിക്സും കെമിസ്ട്രിയും എത്ര പേർക്കാണ് ഭാവിയിൽ ആവശ്യമുള്ളത്? ഇന്നു പഠിക്കുന്നതിൽ പകുതിപോലും ആവശ്യമില്ലാത്തതാണ്. ആവശ്യമുള്ള പലതും പഠിക്കുന്നുമില്ല. മയക്കുമരുന്ന് കുട്ടികളിലെത്താതിരിക്കാനുള്ള കോട്ടകൾ തീർക്കുന്നതിനൊപ്പം വെറുതെ കിട്ടിയാലും കൈകൊണ്ടു തൊടില്ല എന്ന നിശ്ചയദാർഢ്യം കുട്ടികളിൽ വളർത്തിയെടുക്കണം. വിദ്യാസന്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികളിൽ മഹാഭൂരിപക്ഷത്തിന്റെയും ഉള്ളിലുള്ള ജാതിവിവേചനം ഉന്മൂലനം ചെയ്യാൻ പാഠ്യപദ്ധതികളിൽ പാഠങ്ങളുണ്ടാകണം. അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഇനിയുമെത്ര സംവത്സരങ്ങൾ കാത്തിരിക്കണം?
വിദ്യാഭ്യാസകാലത്ത് രാഷ്ട്രീയം ആവശ്യമാണോയെന്നതിനെക്കുറിച്ചുള്ള ചർച്ച ഇനിയും തീർന്നിട്ടില്ല. ഒന്നുറപ്പാണ്, കത്തിയും വടിവാളുമേന്തിയുള്ള അക്രമത്തെ രാഷ്ട്രീയവുമായി ചേർത്തുവച്ചവരാണ് വിദ്യാലയ-കലാലയ രാഷ്ട്രീയത്തെ വെറുക്കാൻ സമൂഹത്തെ പ്രേരിപ്പിച്ചത്. സഹപാഠിയെ എതിരാളിയാക്കി കുത്തിക്കൊല്ലുന്നതും അധ്യാപകരെ വരച്ചവരയിൽ നിർത്തുന്നതും പാർട്ടി സ്വാധീനത്താൽ പരീക്ഷാഫലം തിരുത്തുന്നതുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെ രാഷ്ട്രീയത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തവരാണ് അരാഷ്ട്രീയവാദത്തെ വളർത്തിയത്.
രാഷ്ട്രീയ ശുദ്ധീകരണമാണ് ആദ്യം നടത്തേണ്ടത്. അതു പ്രായോഗികമല്ലെന്നു പറയുന്നത് അടിമുടി മലിനമായിക്കഴിഞ്ഞ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തുടർന്നും അഭിരമിക്കണമെന്നു തീരുമാനിച്ചവരാണ്. ചട്ടങ്ങളെ മാറ്റേണ്ടതു സർക്കാരാണ്. പക്ഷേ, മാറ്റപ്പെടേണ്ട ചട്ടങ്ങളെ തിരിച്ചറിയാൻ വ്യക്തികളെ പ്രാപ്തരാക്കേണ്ടതു വിദ്യാഭ്യാസമാണ്. അതിന്റെ പാഠ്യപദ്ധതിയാണ് രാജ്യത്തിന്റെ ഭാവിരേഖ. ദുഷ്ടലാക്കോടെയല്ല, പരിഷ്കൃത ചിന്തകളാലാണ് അതു തിരുത്തേണ്ടത്.