തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
ഓർഡിനൻസിലൂടെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസർക്കാർ കൈവശപ്പെടുത്തിയാൽ പിന്നെ സംസ്ഥാന സർക്കാരിന്റെ പ്രസക്തിതന്നെ ഇല്ലാതാകും. ജനങ്ങൾ തെരഞ്ഞെടുത്ത
സർക്കാരിന്റെ ഭരണം പിൻവാതിലിലൂടെ തട്ടിയെടുക്കുന്നതിനു സമാനമാണ് കേന്ദ്രത്തിന്റെ നീക്കം.
ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ ജനാധിപത്യ കീഴ്വഴക്കങ്ങളെ പാടേ അവഗണിക്കുകയാണ്. പൊതുക്രമം, പോലീസ്, ഭൂമി എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്പോൾ സംസ്ഥാന സർക്കാരിനാണ് അധികാരമെന്നു കോടതി അസന്നിഗ്ധമായി പറഞ്ഞിരുന്നു. നാളുകളായി കേന്ദ്രസർക്കാരും ഡൽഹി സർക്കാരുമായി നിലനിന്ന തർക്കം അതോടെ അവസാനിച്ചെന്നാണ് ജനം കരുതിയത്. എന്നാൽ, സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ പുതിയ ഓർഡിൻസുമായി രംഗത്തെത്തി. ഡൽഹി സർക്കാരിനു മാത്രമല്ല, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ഗൗരവത്തോടെ കാണുന്നവർക്കെല്ലാം അസ്വസ്ഥതയുണ്ടാക്കുന്ന നീക്കമാണിത്.
ലഫ്റ്റനന്റ് ഗവണർ വി.കെ. സക്സേനയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഡൽഹി സർക്കാരിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈ മാസം 11ന് വിധി പറഞ്ഞത്. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കുന്നതിനുള്ള അവകാശം ഡൽഹി സർക്കാരിനാണെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതു മറികടക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയതാണ് വീണ്ടും നിയമയുദ്ധത്തിന് ഇടയാക്കിയത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ ഹർജിയും നൽകി. എന്നാൽ, ഓർഡിനൻസിനെതിരേ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് കേജരിവാൾ സർക്കാരിന്റെ തീരുമാനം.
ഓർഡിനൻസ് എന്താണെന്നു മനസിലാക്കിയാൽ കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യവും മനസിലാകും. ദി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ജിഎൻസിടിഡി) ആക്ട് ഭേദഗതി ചെയ്താണ് ‘നാഷണൽ ക്യാപ്പിറ്റൽ സിവിൽ സർവീസസ് അഥോറിറ്റി’ രൂപീകരിക്കുന്നത്. ഡൽഹി കേന്ദ്രഭരണ പ്രദേശത്തെ ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ അഥോറിറ്റിയുടെ മേൽനോട്ടത്തിലാകുമെന്നും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ഹോം സെക്രട്ടറി എന്നിവർ അംഗങ്ങളാകുമെന്നും ഓർഡിനൻസിൽ പറയുന്നു. അഥോറിറ്റിയുടെ എല്ലാ തീരുമാനങ്ങളും ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിച്ചാകുമെന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടായാൽ ലെഫ്റ്റനന്റ് ഗവർണർ അന്തിമതീരുമാനമെടുക്കുമെന്നുമാണ് ഓർഡിനൻസിലുള്ളത്. അതിനർഥം കേന്ദ്രം തീരുമാനിക്കുന്നതു നടക്കും എന്നു മാത്രമാണ്. കാരണം, മുഖ്യമന്ത്രിയൊഴിച്ച് മറ്റു രണ്ടുപേരെയും നിയോഗിക്കുന്നതു കേന്ദ്രമാണ്. അഥോറിറ്റിയിൽ തർക്കമുണ്ടായാൽ പന്ത് ലെഫ്റ്റനന്റ് ഗവർണറുടെ കോർട്ടിലെത്തും. അന്തിമതീരുമാനം കേന്ദ്രത്തിന്റേതാകും എന്നർഥം. ഒരു കാര്യം ഉറപ്പായി. രാജ്യതലസ്ഥാനം വീണ്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പോരാട്ടഭൂമിയായി മാറും.
ഓർഡിനൻസ് നിയമമാകുന്നതിനു പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. രാജ്യസഭയിലെത്തുന്പോൾ എതിർത്തു തോൽപ്പിക്കുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരിവിന്ദ് കേജരിവാളും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പറഞ്ഞത്. പ്രതിപക്ഷത്തെ ഇക്കാര്യത്തിൽ ഒന്നിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടപ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായതുപോലെ ബിജെപി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയ്ക്കുള്ള മറ്റൊരവസരമായി ഇതു മാറ്റാനാണ് നിതീഷ് കുമാറിന്റെ ശ്രമം. അവസരം ശ്രദ്ധാപൂർവം ഉപയോഗിച്ചാൽ, ബിജെപി-ആം ആദ്മി തർക്കത്തിനപ്പുറം കടന്ന് ബിജെപിക്ക് രാഷ്ട്രീയ കോട്ടമുണ്ടാക്കാനുള്ള സാധ്യതയും അവർ കാണുന്നുണ്ട്.
ഓർഡിനൻസിലൂടെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസർക്കാർ കൈവശപ്പെടുത്തിയാൽ പിന്നെ സംസ്ഥാന സർക്കാരിന്റെ പ്രസക്തിതന്നെ ഇല്ലാതാകും. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ ഭരണം പിൻവാതിലിലൂടെ തട്ടിയെടുക്കുന്നതിനു സമാനമാണ് കേന്ദ്രത്തിന്റെ നീക്കം. ഉദ്യോഗസ്ഥരുടെമേൽ നിയന്ത്രണമില്ലാത്ത സർക്കാർ രാജ്യമില്ലാത്ത രാജാവിനെപ്പോലെയാണെന്നാണ് ആം ആദ്മി പാർട്ടി സുപ്രീംകോടതിയിൽ വാദിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രത്തിനു കവരാനാവില്ലെന്നും ഗവർണർമാർ രാഷ്ട്രീയം കളിക്കരുതെന്നുമുള്ള സുപ്രീംകോടതിയുടെ താക്കീത് അവഗണിച്ചാണ് കേന്ദ്രനീക്കം. ഇത് ഡൽഹി സർക്കാരിനെതിരേയുള്ള വെല്ലുവിളി മാത്രമല്ല, അവരെ തെരഞ്ഞെടുത്ത ജനങ്ങൾക്കെതിരേയുമാണെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയുന്നതാണ് വിവേകം.
ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർ അസംതൃപ്തരാണെന്ന മറുവാദം കേജരിവാളും കണ്ടില്ലെന്നു നടിക്കരുത്. പൊതുവേദികളിലും ജനങ്ങൾക്കിടയിലും വച്ച് ഉദ്യോഗസ്ഥരെ ശകാരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ശൈലി ജനാധിപത്യത്തോടല്ല, ഏകാധിപത്യത്തോടാണ് ചേർന്നുനിൽക്കുന്നത്. അത്തരം കാരണങ്ങൾ പറഞ്ഞ് പ്രധാനമന്ത്രിയെ ഉൾപ്പെടെ വിമർശിക്കുന്നവർക്ക് തങ്ങൾ അങ്ങനെയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരും.