ഉന്നതി നേടാനുതകണം ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസരംഗത്തു പുതിയ കോഴ്സുകളും പഠനരീതികളും കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. തിടുക്കത്തിൽ നടപ്പാക്കേണ്ടവയല്ല അവയിൽ പലതും. നടപ്പാക്കുന്നതിനു മുന്പു വേണ്ടത്ര തയാറെടുപ്പുകൾ ഉണ്ടാവണം

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു ചി​ല പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം​ത​ന്നെ 200 കോ​ള​ജു​ക​ളി​ൽ 200 പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​നാ​ണ​ത്രേ തീ​രു​മാ​നം. ഇ​തി​നു പ്ര​ത്യേ​ക അ​നു​മ​തി​ക്കാ​യി ഗ​വ​ർ​ണ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​ക്ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണീ പ​രി​ഷ്കാ​ര​ങ്ങ​ൾ. പു​തി​യ കോ​ഴ്സു​ക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യു​ള്ള ഘ​ട​നാ​പ​ര​മാ​യ സ​ന്നി​വേ​ശ​വും നി​ർ​ദേ​ശ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​ത വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും തി​ടു​ക്ക​ത്തി​ൽ അ​വ ന​ട​പ്പാ​ക്ക​ണ​മോ എ​ന്നു സം​ശ​യം ഉ​യ​രു​ന്നു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച സ​മി​തി​യു​ടെ വൈ​ദ​ഗ്ധ്യ​ത്തെ​യും ആ​ധി​കാ​രി​ക​ത​യെ​യും​കു​റി​ച്ചു വി​യോ​ജി​പ്പി​ല്ലെ​ങ്കി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഇ​ത്ത​രം സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ കു​റെ​ക്കൂ​ടി സൂ​ക്ഷ്മ​ത​യും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളും ആ​വ​ശ്യ​മ​ല്ലേ എ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഗ​വേ​ഷ​ണ​ത്തി​നു​കൂ​ടി അ​വ​സ​രം ന​ൽ​കു​ന്ന നാ​ലു​വ​ർ​ഷ സ്പെ​ഷ​ലൈ​സ്ഡ് ബി​രു​ദ കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ക​യെ​ന്ന​താ​ണു നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​നം. മൂ​ന്നു വി​ഷ​യ​ങ്ങ​ൾ​ക്കു തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള ട്രി​പ്പി​ൾ മെ​യി​ൻ കോ​ഴ്സു​ക​ളും ആ​രം​ഭി​ക്കും. ഇ​ത്ത​രം പാ​ഠ്യ​രീ​തി നി​ല​വി​ൽ ചി​ല സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ പി​ന്തു​ട​രു​ന്നു​ണ്ട്. ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്സു​ക​ൾ പാ​സാ​കു​ന്ന​വ​ർ​ക്കു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ണ്ടാ​യി​രു​ന്ന ത​ട​സം നീ​ക്കു​ക​യാ​ണു പു​തി​യ നാ​ലു വ​ർ​ഷ കോ​ഴ്സി​ന്‍റെ ഒ​രു ല​ക്ഷ്യം. നാ​ക് എ ​ഗ്രേ​ഡു​ള്ള കോ​ള​ജു​ക​ളി​ലോ എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ ആ​ദ്യ​ത്തെ നൂ​റി​ൽ ഇ​ടം പി​ടി​ച്ച കോ​ള​ജു​ക​ളി​ലോ ആ​ണു ച​തു​ർ​വ​ർ​ഷ ഓ​ണേ​ഴ്സ് ബി​രു​ദ കോ​ഴ്സ് അ​നു​വ​ദി​ക്കു​ക. എം​ജി സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു തോ​മ​സ് ചെ​യ​ർ​മാ​നാ​യു​ള്ള വി​ദ​ഗ്ധ സ​മി​തി​യാ​ണു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ്, സ്പേ​സ് സ​യ​ൻ​സ്, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ളും സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ൻ‌​ഷ്യ​ൽ മാ​ർ​ക്ക​റ്റ്, മ​ൾ​ട്ടി​മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഓ​ഡി​യോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​കോ​ഴ്സു​ക​ളും തു​ട​ങ്ങാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. എ​ൻ​ജി​നി​യ​റിം​ഗ് ഇ​ന്ന​വേ​ഷ​ൻ, മീ​ഡി​യ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ എ​ൻ‌​ജി​നി​യ​റിം​ഗ്, അ​ഗ്രി​ക്ക​ൾ‌​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഹെ​ൽ​ത്ത് സ​യ​ൻ​സ് ടെ​ക്നോ​ള​ജി, എ​ജു​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ എം​ടെ​ക് കോ​ഴ്സു​ക​ളും തു​ട​ങ്ങും. പ​ഠ​ന​സ​ന്പ്ര​ദാ​യ​ങ്ങ​ൾ‌​ക്കൊ​പ്പം പ​രീ​ക്ഷാ​സ​ന്പ്ര​ദാ​യ​ത്തി​ലും മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നാ​ണു സ​മി​തി​യു​ടെ ശി​പാ​ർ​ശ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ർ​മ പ​രി​ശോ​ധി​ക്കു​ന്ന​തി​ന​പ്പു​റം ക​ഴി​വു വി​ല​യി​രു​ത്തു​ന്ന അ​സൈ​ൻ​മെ​ന്‍റു​ക​ൾ, അ​വ​ത​ര​ണ​ങ്ങ​ൾ, ര​ച​ന​ക​ൾ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രീ​ക്ഷാ​രീ​തി​യും മൂ​ല്യ​നി​ർ​ണ​യ​വു​മാ​ണു സ​മി​തി നി​ർ​ദേ​ശി​ക്കു​ന്ന​ത്. സ്വാ​ഗ​താ​ർ​ഹ​വും ശാ​സ്ത്രീ​യ​വു​മാ​യ നി​ർ​ദേ​ശ​മാ​ണി​തെ​ങ്കി​ലും അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ര്യ​ക്ഷ​മ​ത​യും സു​താ​ര്യ​ത​യും പ്ര​ധാ​ന​മാ​ണ്.

സം​യോ​ജി​ത പ​ഞ്ച​വ​ത്സ​ര ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​നും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പി​ജി കോ​ഴ്സു​ക​ൾ ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ഓ​രോ സെ​മ​സ്റ്റ​റും ഓ​രോ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​യി​രി​ക്കും. അ​വ​സാ​ന സെ​മ​സ്റ്റ​ർ, വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ പ്രോ​ജ​ക്‌​ട് വ​ർ​ക്കി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം.

നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളും പ​ഠ​ന​രീ​തി​ക​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഈ ​വ​ർ​ഷം പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. കോ​വി​ഡും ലോ​ക്ക്‌​ഡൗ​ണും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള അ​നി​ശ്ചി​ത​ത്വം മാ​റു​ന്ന​തി​നു മു​ന്പു തി​ര​ക്കു​പി​ടി​ച്ച് ഇ​ത്ത​ര​മൊ​രു പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടോ എ​ന്നു സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം ചി​ന്തി​ക്ക​ണം. പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്ക​ൽ, മി​ക​ച്ച ഫാ​ക്ക​ൽ​ട്ടി​യെ ക​ണ്ടെ​ത്ത​ൽ, പ​ഠ​ന​രീ​തി​ക​ളു​ടെ ശാ​സ്ത്രീ​യ​മാ​യ ന​ട​ത്തി​പ്പ് എ​ന്നി​വ​യൊ​ക്കെ ത​യാ​റെ​ടു​പ്പ് ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. പു​തു​താ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട കോ​ഴ്സു​ക​ളി​ൽ പ​ല​തി​ലും വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല. പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്പോ​ഴും പു​തി​യ കോ​ഴ്സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ഴും നി​ല​വി​ലെ അ​ധ്യാ​പ​ക​രെ​ക്കൊ​ണ്ടു കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന ഏ​ർ​പ്പാ​ട് ന​മ്മു​ടെ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു​ണ്ട്. വേ​ണ്ട​ത്ര പ​രി​ശീ​ല​ന​മോ പ​ഠ​ന​മോ ന​ട​ത്താ​തെ ഇ​ത്ത​രം ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ധ്യാ​പ​ക​ർ​ക്കും പ്ര​യാ​സ​മാ​യി​രി​ക്കും.

ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​ര​ക്ഷ​മ​ത​യു​ള്ള വി​ദ്യാ​ഭ്യാ​സ​രീ​തി രൂ​പ​പ്പെ​ടു​ത്താ​ൻ ന​മു​ക്കു ക​ഴി​യ​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലും മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ലും ന​മ്മു​ടെ കു​ട്ടി​ക​ൾ വേ​ണ്ട​ത്ര മി​ക​വു പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല. ക്യാ​റ്റി​ലും നീ​റ്റി​ലും എ​ന്നു​വേ​ണ്ട, ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള പ​ല പ​രീ​ക്ഷ​ക​ളി​ലും ന​മു​ക്കു വേ​ണ്ട​ത്ര ശോ​ഭി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന​തു ന​മ്മെ ചി​ന്തി​പ്പി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്.

ഈ ​വ​ർ​ഷം​ത​ന്നെ ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ കോ​ഴ്സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ണോ എ​ന്ന പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്. പു​തി​യ കോ​ഴ്സു​ക​ളും പ​ഠ​ന​സ​ന്പ്ര​ദാ​യ​വും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ങ്കി​ലും ഇ​വ​യു​ടെ തൊ​ഴി​ൽ സാ​ധ്യ​ത, ഉ​ന്ന​ത പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും സൗ​ക​ര്യം എ​ന്നി​വ​യൊ​ക്കെ പ്ര​ധാ​ന​മാ​ണ്.

സ്വാ‍ശ്ര​യ​വി​ദ്യാ​ഭ്യാ​സം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു വ​ലി​യ മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യെ​ങ്കി​ലും ഈ ​മേ​ഖ​ല ഇ​പ്പോ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ നാം ​ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. നി​ല​വി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ളും പ​ര​ന്പ​രാ​ഗ​ത ബി​രു​ദ​കോ​ഴ്സു​ക​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ന​വീ​ന കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഒ​രേ കാ​ന്പ​സി​ൽ വ്യ​ത്യ​സ്ത​മാ​യ പ​ഠ​ന​രീ​തി​ക​ളും വി​ദ്യാ​ഭ്യാ​സ സം​സ്കാ​ര​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു കൊ​ണ്ടു​പോ​വു​ക ദു​ഷ്ക​ര​മാ​ണ്. കാ​ന്പ​സ് രാ​ഷ്‌​ട്രീ​യ​വും ക​ലാ​പ രാ​ഷ്‌​ട്രീ​യ​വു​മൊ​ക്കെ ഇ​പ്പോ​ഴും തി​ള​ച്ചു​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ഭ്യാ​സം വേ​ണ്ട​ത്ര അ​ക്ക​ഡേ​മി​ക് നി​ല​വാ​രം ആ​ർ​ജി​ക്ക​ണ​മെ​ങ്കി​ൽ ഇ​വി​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള സാ​മൂ​ഹ്യ കാ​ഴ്ച​പ്പാ​ടി​ലും മാ​റ്റ​മു​ണ്ടാ​ക​ണം. അ​നു​ക്ഷ​ണം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ജ്ഞാ​നാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണു നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന​തും മ​റ​ക്ക​രു​ത്. മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹ്യാ​വ​ബോ​ധ​വും ഉ​ൾ​ക്കൊ​ണ്ട് ഉ​ന്ന​തി​യി​ലേ​ക്കു കു​തി​ക്കു​ന്നൊ​രു ത​ല​മു​റ​യു​ടെ രൂ​പ​വ​ത്ക​ര​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​ധി​ക്ക​ണം.