നിർമാണ നിയന്ത്രണത്തിൽ കുരുങ്ങിയ ഇടുക്കി ജനത
മറ്റു മാർഗമില്ലാത്തതിനാൽ ഇടുക്കിയിലെ മലമടക്കുകളിൽ കഴിയേണ്ടിവരുന്ന ഈ ജനങ്ങളോട് കരുണ കാണിക്കാൻ ഭരണകൂടങ്ങൾ എന്നാണു തയാറാകുക?
ഇടുക്കി ജില്ലയിലെ ജനങ്ങൾ വീണ്ടും തെരുവിലാണ്. ജില്ലയിലെ എല്ലാ പ്രസ്ഥാനങ്ങളും പ്രക്ഷോഭരംഗത്താണ്. ജില്ലയിലെ ജനങ്ങളെ രണ്ടാംകിടക്കാരാക്കുന്ന പുതിയ സർക്കാർ ഉത്തരവുകൾക്കെതിരേയാണു ജില്ലയിലെ പ്രക്ഷോഭണകോലാഹലങ്ങൾ. രാഷ്ട്രീയപാർട്ടികളും സാമൂഹ്യപ്രസ്ഥാനങ്ങളും കർഷകസംഘടനകളും വ്യാപാരി-വ്യവസായി സംഘടനകളും ഒക്കെ ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-നു സംസ്ഥാന റവന്യു വകുപ്പ് ഇറക്കിയതും സെപ്റ്റംബർ 25-നു തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയതുമായ രണ്ട് ഉത്തരവുകളാണു ജില്ലയിലാകെ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ജില്ലയിൽ ഭൂമിപതിവു ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചു നൽകിയിട്ടുള്ള ഭൂമികളിലെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ഈ ഉത്തരവുകൾ. പട്ടയവ്യവസ്ഥ ലംഘിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നതിനുവേണ്ടിയുള്ളതാണത്രെ ഉത്തരവുകൾ. ഏതാവശ്യത്തിനാണു പട്ടയം അനുവദിച്ചതെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാവൂ എന്നാണ് ഈ ഉത്തരവുകൾ അനുശാസിക്കുന്നത്.
1964-ലെ ഭൂമിപതിവ് ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിൽ ഉപജീവനാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്കു താഴെ തറവിസ്തൃതിയുള്ള കെട്ടിടം മാത്രമാണുള്ളതെങ്കിൽ, അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ല എന്നു വ്യക്തമായി തെളിയിക്കുന്നപക്ഷം (ആർഡിഒയുടെ സർട്ടിഫിക്കറ്റ്), അപ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചു നൽകും എന്നാണ് ഓഗസ്റ്റ് 22-ലെ ഉത്തരവിൽ പറയുന്നത്. ഇത്തരം ഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറവിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ കൈവശക്കാരുടെ ഏക ജീവനോപാധിയാണെന്നു തെളിയിക്കുന്ന പക്ഷം അവയിൽ നീതിയുക്തമായ തീരുമാനമെടുക്കാൻ ഇടുക്കി ജില്ലാ കളക്ടർ സർക്കാരിനു റിപ്പോർട്ടു നൽകണം. ഇതല്ലാതെയുള്ള എല്ലാ വാണിജ്യ നിർമാണപ്രവർത്തനങ്ങളുടെയും കാര്യത്തിൽ പട്ടയം റദ്ദുചെയ്തു ഭൂമിയും നിർമിതികളും സർക്കാരിലേക്കു നിക്ഷിപ്തമാക്കും എന്നും പ്രസ്തുത ഉത്തരവിൽ പറയുന്നു. ഇവ വേണമെങ്കിൽ ഉടമയ്ക്കു പാട്ടത്തിനു നൽകാമെന്നും ഉണ്ട്. ഇങ്ങനെയല്ലാത്ത എല്ലാ നിർമിതികളും സർക്കാർ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും ഉത്തരവിലുണ്ട്.
ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമായ ഈ എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഉദ്ഭവം മൂന്നാർ സംബന്ധിച്ച ഒരു കേസ് ആണ്. വൺ എർത്ത്, വൺ ലൈഫ് എന്ന സന്നദ്ധസംഘടന മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കാവുന്നവിധം അവിടെ കെട്ടിടനിർമാണ ചട്ടങ്ങൾ നടപ്പാക്കുകയും അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും തടയുകയും ചെയ്യാൻ ആവശ്യപ്പെട്ടു നൽകിയ കേസിന്റെ മറപിടിച്ചാണ് ഈ ഉത്തരവ്. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ 2010 ജനുവരി 21-നു ഹൈക്കോടതി നൽകിയ ഉത്തരവിനെയും തുടർന്നുള്ള കോടതിപരാമർശങ്ങളെയും ദുർവ്യാഖ്യാനം ചെയ്താണ് ഇപ്പോൾ ജില്ല മുഴുവൻ ബാധകമായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. നിയമസഭയോ മന്ത്രിസഭയോ ഒന്നും ചർച്ചചെയ്യാതെ ഉദ്യോഗസ്ഥ തലത്തിൽ ഉത്തരവ് ഇറക്കുകയാണു ചെയ്തത്.
കൃഷിക്കും വാസത്തിനും അനുഭവാവകാശ ആസ്വാദനത്തിനും (ബെനഫീഷൽ എൻജോയ്മെന്റ്) ആണ് 1964-ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. ഇങ്ങനെ ലഭിച്ച ഭൂമിയിൽ എന്തൊക്കെയാണ് അവകാശാനുഭവങ്ങൾ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അരനൂറ്റാണ്ടു മുന്പ് തയാറാക്കിയ ചട്ടത്തിലെ വ്യവസ്ഥകളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിച്ച് കുടിയേറ്റ ജനതയെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥവൃന്ദം ഒരു വഴി കണ്ടെത്തിയിരിക്കുന്നു എന്നുവേണം കരുതാൻ.
എല്ലാകാലത്തും കുടിയേറ്റ ജനത ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കിരയായിട്ടേയുള്ളു. ഏതു പഴുതും ഉപയോഗിച്ചു ജനങ്ങളെ ഞെക്കിപ്പിഴിയുന്നതാണു മിക്ക ഉദ്യോഗസ്ഥരുടെയും സമീപനം. മൂന്നാർ സംരക്ഷിക്കാനുള്ള ഹൈക്കോടതി നിർദേശപ്രകാരം നിർമാണനിയന്ത്രണം ഏർപ്പെടുത്തിയതിൽ മൂന്നാറിൽനിന്നു നൂറു കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജ് ഉൾപ്പെട്ടതുപോലുള്ള പല കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാവും. മൂന്നാറുമായി ഒരു ബന്ധവുമില്ലാത്ത പ്രസ്തുത വില്ലേജിനെ ഇനിയും മൂന്നാർ വ്യവസ്ഥകളിൽനിന്നു മോചിപ്പിച്ചിട്ടില്ല.
ഇപ്പോഴാകട്ടെ ജില്ല മുഴുവനെയും മൂന്നാറിന്റെ പേരിൽ നിയന്ത്രണത്തിലാക്കിയിരിക്കുന്നു. വാണിജ്യാവശ്യത്തിനോ പൊതു ആവശ്യത്തിനോ ഉള്ള ഒരു നിർമാണവും സാധിക്കാത്ത അവസ്ഥ വരുത്തിയിരിക്കുന്നു. മൂന്നാറിനെ സംരക്ഷിക്കാനും അവിടത്തെ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും അവിടെ കെട്ടിടനിർമാണങ്ങൾ പ്രകൃതിക്കനുസൃതമാക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കാനും കൊടുത്ത ഒരു ഹർജിയെ ഇപ്രകാരം ദുരുപയോഗിക്കുന്നവരുടെ ലക്ഷ്യവും ഉള്ളിലിരിപ്പും ഒട്ടും ശുദ്ധമാണെന്നു കരുതാനാവില്ല.
ഇടുക്കി ജില്ലയിലെ ജനജീവിതം അസാധ്യമാക്കുന്നതരത്തിലുള്ളതാണ് ഈ ഉത്തരവുകൾ എന്നതാണു വസ്തുത. ഭൂമിപതിവു ചട്ടങ്ങൾപ്രകാരം കൊടുത്ത ഭൂമിയിലെ നിർമിതികളുടെ ഭാവി അനിശ്ചിതത്വത്തിലായി; ഇനി നിർമാണങ്ങൾക്ക് അനുമതി കിട്ടാനുള്ള സാധ്യതയും മങ്ങി. 1964-ലെയും 1993-ലെയും ചട്ടങ്ങൾപ്രകാരം നൽകിയ പട്ടയഭൂമികളിലെ നിർമാണങ്ങൾ മുഴുവൻ ക്രമവത്കരിക്കാൻ ജനങ്ങൾ ഇനി നെട്ടോട്ടമോടണം. അവയിൽ 1500 ചതുരശ്ര അടിയിൽ കൂടിയവ സർക്കാരിലേക്കു നിക്ഷിപ്തമാക്കുമെന്ന ഭീഷണിയുമുണ്ട്.
ഭരണ-പ്രതിപക്ഷ കക്ഷികളിൽ മിക്കവയും ഈ ഉത്തരവുകൾക്കെതിരേ രംഗത്തുണ്ട്. വ്യാപാരി-വ്യവസായി സംഘടനകളും മത-സാമുദായിക പ്രസ്ഥാനങ്ങളും വിവിധ സാമൂഹ്യ സംഘടനകളുമൊക്കെ ജനകീയ പ്രക്ഷോഭവുമായി സഹകരിക്കുകയോ പ്രക്ഷോഭത്തിനു നേതൃത്വം നൽകുകയോ ചെയ്യുന്നു.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു പരിഹാരമുണ്ടാക്കാൻ സർക്കാർ മടിക്കരുത്. ന്യായീകരണമില്ലാത്തവിധം ഒരു ജില്ലയിലെ ജനങ്ങളെയാകെ വിഷമത്തിലാക്കുന്നതാണു വിവാദ ഉത്തരവുകൾ. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനോപാധികളാണു ഭീഷണിയിലായിരിക്കുന്നത്. ഒരു സർവകക്ഷിയോഗമോ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും യോഗമോ വിളിച്ചുകൂട്ടി പരിഹാര നടപടികൾ കണ്ടെത്താൻ സർക്കാർ മുന്നോട്ടുവരണം. കാരണം, ഇവിടെ സാമാന്യ നീതി നിഷേധിക്കപ്പെടുകയും ജീവനോപാധി ഭീഷണിയിലാവുകയും ചെയ്തിരിക്കുന്നു.
ഇത്തരം എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യം ഇല്ലാതാക്കാനും സർക്കാർ കരുതൽ എടുക്കേണ്ടിയിരിക്കുന്നു. ജനപ്രതിനിധികളോ മന്ത്രിസഭയോ നിയമസഭയോ അറിയാതെ ഇത്രയും പ്രത്യാഘാതങ്ങൾ ഉള്ള ഉത്തരവുകൾ വന്ന സാഹചര്യവും സർക്കാർ പഠിക്കണം; ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാനും മടിക്കരുത്.
പ്രകൃതിയുടെ ക്രൂരതകൾ ഇടുക്കിയിലെ കുടിയേറ്റ ജനതയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ട്. അതുപോരാ എന്ന മട്ടിലാണ് ഇത്തരം ഉത്തരവുകളിലൂടെ ഉദ്യോഗസ്ഥവൃന്ദം ജനങ്ങളെ വലയ്ക്കാൻ വഴി കണ്ടെത്തുന്നത്. മറ്റു മാർഗമില്ലാത്തതിനാൽ ഇടുക്കിയിലെ മലമടക്കുകളിൽ കഴിയേണ്ടിവരുന്ന ആ ജനങ്ങളോട് കരുണ കാണിക്കാൻ ഭരണകൂടങ്ങൾ എന്നാണു തയാറാകുക?